ad
Deshabhimani

സംസ്ഥാന സർക്കാരിനോട്‌ കർഷകർ

കാശ്‌ തന്നില്ലേൽ പുഞ്ചക്കൃഷി മുടങ്ങും

df
avatar
സ്വന്തം ലേഖകൻ

Published on Sep 27, 2026, 01:45 AM | 1 min read

കോട്ടയം

റാണി, ചിത്തിരക്കായൽ പാടശേഖരത്ത്‌ കൃഷിയിറക്കിയ കർഷകർക്ക്‌ നെല്ലുവിലയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം ഇനിയും ലഭിച്ചില്ല. 950 കർഷകർക്ക് സംസ്ഥാന സർക്കാർ വിഹിതമായ 1. 64 കോടിയാണ്‌ കുടിശിക. നെല്ലുവില കിട്ടാതെ പുഞ്ചക്കൃഷിക്ക്‌ ഇറങ്ങാനാകില്ലെന്നാണ്‌ കർഷകർ പറയുന്നത്‌. റാണി, ചിത്തിര കായൽ പാടശേഖരങ്ങളിലെ 950 ഏക്കറിലാണ് കൃഷിയിറക്കിയത്. ചിത്തിരക്കായലിൽനിന്ന് 13, 500 ക്വിന്റലും റാണിക്കായലിൽനിന്ന് 12, 500 ക്വിന്റൽ നെല്ലുമാണ്‌ കർഷകർ സപ്ലൈകോയ്ക്ക് നൽകിയത്. ഇതിൽ കിലോയ്ക്ക് 23. 81 രൂപ വീതം കേന്ദ്രവിഹിതം ലഭിച്ചു. കിലോയ്‌ക്ക്‌ 6.31 രൂപ വീതം പ്രോത്സാഹന ബോണസായി സംസ്ഥാന സർക്കാർ കർഷകർക്ക്‌ നൽകണം. സാന്പത്തിക പ്രതിസന്ധിയുടെ പേര്‌ പറഞ്ഞാണ്‌ കർഷകർക്ക്‌ നൽകിയ നെല്ലിന്റെ വില നിഷേധിക്കുന്നത്‌. പുഞ്ചക്കൃഷിക്ക്‌ നിലമൊരുക്കുന്നതിന്റെ ഭാഗമായി വെള്ളം വറ്റിക്കാനുള്ള പണികൾ നടക്കുകയാണ്‌. പണം ഇന്നുതരും നാളെ തരും എന്ന്‌ പറയുന്നതല്ലാതെ കാശ്‌ നൽകാൻ നടപടിയില്ലെന്ന്‌ ഭൂവുടമകളും കർഷകരും പറയുന്നു. ഇവിടെ കൃഷി ചെയ്യുന്ന കുട്ടനാടൻ അഗ്രിക്കൾച്ചറൽ അസോസിയേഷൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നിവേദനം നൽകിയിരുന്നു. 2015 മുതൽ മുടക്കം കൂടാതെ ഇവിടെ കൃഷി ചെയ്തുവരുന്നുണ്ട്‌. കോട്ടയം, ആലപ്പുഴ ജില്ലയിലെ കർഷകരാണ്‌ കൃഷിയിറക്കുന്നത്‌. കഴിഞ്ഞവർഷം ഇരു സർക്കാരുകളുടെയും വിഹിതം കർഷകർക്ക്‌ ഒന്നിച്ചുലഭിച്ചിരുന്നു. ഈ വർഷം സംസ്ഥാന സർക്കാരിന്റെ പണം വൈകിയതിന്റെ കാരണമറിയില്ലെന്ന് കർഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇത്തവണ തുലാം ആദ്യംതന്നെ വിതയ്‌ക്കണമെന്നാണ്‌ കൃഷി വകുപ്പ്‌ കർഷകർക്ക്‌ നൽകിയിരിക്കുന്ന നിർദേശം. പ്രാരംഭജോലികൾ വൈകിയാൽ കൃഷിയെ മൊത്തത്തിൽ ബാധിക്കും. മുൻ കൃഷിയുടെ പണം കിട്ടാത്തതിനാൽ പ്രതിസന്ധിയിലാണ്‌ കർഷകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home