print edition റിജോൺ നിനക്കായി'

കാലിക്കറ്റ് എഫ്‌സിക്കായി ഗോളടിച്ചശേഷം അന്തരിച്ച സഹതാരം റിജോൺ ജോസിന്റെ ജഴ്‌സി ഉയർത്തിക്കാട്ടുന്ന കെ പ്രശാന്ത് / ഫോട്ടോ മിഥുൻ
ജിതിൻ ബാബു
Published on Sep 27, 2026, 01:49 AM | 1 min read
കോഴിക്കോട്: അപകടത്തിൽ പൊലിഞ്ഞ പ്രതിരോധതാരം റിജോൺ ജോസിന് വിജയം സമർപ്പിച്ച് കാലിക്കറ്റ് എഫ്‌സി സൂപ്പർ ലീഗ് കേരള ഫുട്ബോൾ പുതിയ സീസണിൽ തുടക്കമിട്ടു. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊന്പൻസിനെ രണ്ട് ഗോളിനാണ് കാലിക്കറ്റ് തോൽപ്പിച്ചത്. ക്യാപ്‌റ്റൻ കെ പ്രശാന്തും അർജന്റീനക്കാരൻ മാക്‌സിമില്ലിയാനോ ഉറുട്ടിയും ലക്ഷ്യം കണ്ടു.
തുടക്കത്തിൽ കൊന്പൻസ് ആക്രമണക്കളി പുറത്തെടുത്തെങ്കിലും കാലിക്കറ്റ് കളംപിടിച്ചതോടെ അവർ പിൻവാങ്ങി. ആദ്യ നിമിഷങ്ങളിൽ മാക്‌സമില്ലിയാനോയുടെ കരുത്തുറ്റ ഷോട്ട് കൊന്പൻസിനെ വിറപ്പിച്ചു.
മത്സരം തുടങ്ങി അരമണിക്കൂറിൽ കാലിക്കറ്റ് ലീഡ് നേടി. ഇടതുഭാഗത്തുനിന്നുള്ള നീക്കമാണ് ഗോളിലേക്ക് വഴിതുറന്നത്. ബോക്‌സിനുള്ളിൽ കൊന്പൻസിന്റെ പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞ് ബുവാസോ മുന്നേറി. ഗോൾകീപ്പർ സത്യജിത് ബൊർദോലോയുടെ ദുർബല ശ്രമത്തെയും മറികടന്ന ബുവാസോ പ്രശാന്തിന് പന്ത് നൽകി. ഒഴിഞ്ഞ വലയിലേക്ക് പന്ത് തട്ടിയിടേണ്ട കാര്യമേ പ്രശാന്തിന് ഉണ്ടായിരുന്നുള്ളൂ. റിജോണിന്റെ നാലാം നന്പർ ജഴ്‌സി ഉയർത്തി പ്രശാന്ത് ആ ഗോൾ കൂട്ടുകാരന് സമർപ്പിച്ചു.
ഇടവേളയ്‌ക്ക് പിരിയുന്നതിന് മുമ്പ് പെനൽറ്റിയിലൂടെ കാലിക്കറ്റ് നേട്ടം രണ്ടാക്കി.
ആൻഡ്രൂസിനെ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. മാക്‌സിമില്ലിയാനോ അനായാസം ലക്ഷ്യം കണ്ടു. ഗോൾകീപ്പർ മിർഷാദിന്റെ പ്രകടനവും കാലിക്കറ്റിന്റെ ജയത്തിൽ നിർണായകമായി. ഇന്ന് ഫോഴ്‌സ കൊച്ചിയും മലപ്പുറം എഫ്‌സിയും ഏറ്റുമുട്ടും. രാത്രി 7.30ന് കൊച്ചിയിലാണ് കളി.









0 comments