തകർന്നടിഞ്ഞ് ഇന്ത്യ; 51 റൺസിന് ദക്ഷിണാഫ്രിക്കയ്ക്ക് ജയം

തിലക് വർമയുടെ ബാറ്റിങ് | Photo: AFP
മുല്ലൻപൂർ: ബാറ്റും ബോളുംകൊണ്ട് ഇന്ത്യയെ വരിഞ്ഞുമുറുക്കി രണ്ടാം ട്വന്റി 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മിന്നുന്നജയം. 214 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആതിഥേയർ 51 റൺസിന്റെ തോൽവി ഏറ്റുവാങ്ങി. ഇതോടെ അഞ്ച് മത്സരപരമ്പര 1-1ന് സമനിലയായി
സ്കോർ: ദക്ഷിണാഫ്രിക്ക- 213/4 (20 ഓവർ), ഇന്ത്യ- 162/10 (19.1).
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ ഇന്നും ഇറങ്ങിയത്. അതോടെ ട്വന്റി20യിൽ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചറികൾ നേടിയ മലയാളി താരം സഞ്ജു സാംസണ് തുടർച്ചയായ അഞ്ചാം മത്സരത്തിലും ബെഞ്ചിലിരിക്കേണ്ടി വന്നു.
ക്വിന്റൻ ഡി കോക്കിന്റെ ഉജ്വല പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ ഡി കോക്ക് 46 പന്തില്‍ 7 സിക്‌സും 5 ഫോറും സഹിതം 90 റൺസ് നേടി. അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും ഡി കോക്കിന്റെ ബാറ്റിങ് ചൂടറിഞ്ഞു. സെഞ്ച്വറിയിലേക്ക് കുതിക്കവെ ഡി കോക്ക് റണ്ണൗട്ടായി മടങ്ങുകയായിരുന്നു.
പിന്നീടെത്തിയ ഡോണോവന്‍ ഫെരെയ്‌രയും (16 പന്തില്‍ 30 റണ്‍സ്) ഡേവിഡ് മില്ലറും (12 പന്തില്‍ 20 റണ്‍സ്) ചേര്‍ന്നാണ് സ്‌കോര്‍ 200 കടത്തിയത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ബൗളര്‍മാരെ പൊതിരെതല്ലി. അര്‍ഷ്ദീപ് സിങിനാണ് തല്ല് കൂടുതല്‍ കിട്ടിയത്. താരത്തിന്റെ 4 ഓവറില്‍ നിന്നും ദക്ഷിണാഫ്രിക്ക 54 റണ്‍സ് കണ്ടെത്തി. 11-ാം ഓവറിൽ ഏഴ് വൈഡുകൾ വഴങ്ങിയ അർഷ്ദീപ്, ആകെ 13 പന്തുകളാണ് എറിഞ്ഞത്. 18 റൺസാണ് അർഷ്ദീപ് ആ ഓവറിൽ വഴങ്ങിയത്. നാല് ഓവർ എറിഞ്ഞ ജസ്പ്രിത് ബുംറ 45 റണ്‍സും വഴങ്ങി.
വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. വരുണ്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേൽ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ഓപ്പണർ അഭിഷേക് ശർമയെ (8 പന്തിൽ 17 റൺസ്) നഷ്ടമായത് തിരിച്ചടിയായി. സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വന്നപാടേ മടങ്ങി. സൂര്യകുമാർ നാല് പന്തിൽ അഞ്ച് റൺസ് മാത്രമെടുത്തപ്പോൾ ഗില്ലിന് റണ്ണൊന്നും നേടാനായില്ല. 21 പന്തിൽ 21 റൺസ് അക്സർ പട്ടേൽ സ്കോർ ബോർഡ് ഉയർത്താൻ ശ്രമിച്ചുവെങ്കിലും തുടരെത്തുടരെ വിക്കറ്റുകൾ നഷ്ടമായി. 34 പന്തിൽ 62 റൺസ് നേടിയ തിലക് വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹർദിക് പാണ്ഡ്യ (23 പന്തിൽ 20 റൺസ്), ജിതേഷ് ശർമ (17 പന്തിൽ 27 റൺസ്) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്ന ഇന്ത്യൻ ബാറ്റർമാർ.










0 comments