print edition കിവികൾ കാത്തിരിക്കുന്നു

ന്യൂസിലൻഡിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം വിമാനത്തിൽ
ക്രൈസ്‌റ്റ്‌ചർച്ച്: സ്വന്തം തട്ടകത്തിലെ റണ്ണടി ആഘോഷം അവസാനിച്ചു. ഇനി കളി ന്യൂസിലൻഡിലാണ്. യഥാർഥ പരീക്ഷണ വേദി. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരക്ക് വ്യാഴാഴ്‌ച തുടക്കമാകും. അഞ്ച് മത്സര ട്വന്റി20 പരന്പരയാണ് ആദ്യം. തുടർന്ന് അഞ്ച് ഏകദിനങ്ങൾ. രണ്ട് ടെസ്‌റ്റ് മത്സരങ്ങളോടെയാണ് പരന്പര അവസാനിക്കുക.
വെസ്‌റ്റിൻഡീസുമായുള്ള ട്വന്റി20 പരന്പരയ്‌ക്കുശേഷമാണ് ഇന്ത്യ കിവീസിലെത്തിയത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ വന്പൻ താരങ്ങളെല്ലാം ഉൾപ്പെട്ടു. വിൻഡീസിനെതിരായ പരമ്പര 2–2നാണ് അവസാനിച്ചത്. ന്യൂസിലൻഡിൽ ബൗണ്ടറികൾ ചെറുതാണ്. റണ്ണൊഴുകും. അതേസമയം, ബൗളർമാർക്കും പിന്തുണ കിട്ടും. വിൻഡീസുമായുള്ള പരന്പരയിൽ 181 റണ്ണെടുത്ത ക്യാപ്‌റ്റൻ ശ്രേയസാണ് ഇന്ത്യക്കായി കൂടുതൽ റണ്ണടിച്ചു. മലയാളി താരം സഞ്‌ജു സാംസൺ 168 റണ്ണടിച്ചു. ഇഷാൻ കിഷൻ 153ഉം. അതേസമയം, ഒരു മത്സരത്തിലൊഴികെ അഭിഷേക് ശർമയ്‌ക്ക് തിളങ്ങാനായില്ല. 145 റണ്ണാണ് സന്പാദ്യം.
കൗമാരതാരം വൈഭവ് സൂര്യവംശി അവസരം കാത്ത് പുറത്തുനിൽക്കുന്നതിനാൽ സഞ്‌ജുവിന് ഉൾപ്പെടെ സമ്മർദമുണ്ട്. അടുത്ത ലോകകപ്പിനുള്ള ടീമിനെ ഒരുക്കുകയാണ് കോച്ച് ഗൗതം ഗംഭീറിന്റെ ലക്ഷ്യം. എട്ട് മത്സരങ്ങൾ മാത്രം കളിച്ച വൈഭവ് രണ്ട് അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്. എട്ട് കളിയിൽ 18 സിക്‌സറും പറത്തി.
ബൗളിങ് നിരയിലാണ് ആശങ്ക. ജസ്‌പ്രീത് ബുമ്രയുടെ അഭാവത്തിൽ പേസ് നിര ദുർബലമായി. മുതിർന്ന താരം ഭുവനേശ്വർ കുമാറിനെ തിരികെവിളിച്ചാണ് ഇന്ത്യ തൽക്കാലം പരിഹാരത്തിനായി ശ്രമിക്കുന്നത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി പുറത്തെടുത്ത മികച്ച പ്രകടനമാണ് മുപ്പത്താറുകാരന് തിരിച്ചുവരവിന് അവസരമൊരുക്കിയത്. സ്‌പിന്നർ വരുൺ ചക്രവർത്തി പരിക്കുമാറി തിരിച്ചെത്തിയതും ടീമിന് ആശ്വാസം പകർന്നു.
ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ, സഞ്‌ജു സാംസൺ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ, അക്‌സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, പ്രിൻസ് യാദവ്, മായങ്ക് യാദവ്, അർഷ്‌ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.









0 comments