കട്ടക്കിൽ തകർത്തടിച്ച് രോഹിത് ശർമ; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി

കട്ടക്ക് : ലോങ്ഓഫിന് മുകളിലൂടെ ഗ്യാലറിയിലേക്ക് പറന്ന സിക്‌സർ നോക്കി ഒരുനിമിഷം രോഹിത് ശർമ നിന്നു. പിന്നെ പുഞ്ചിരിച്ചു. ബാറ്റ് ഉയർത്തി. എന്തൊരാശ്വാസം! 487 ദിവസത്തെ ഇടവേളയ്‌ക്കുശേഷം ഏകദിനത്തിലെ ആദ്യ സെഞ്ചുറി. 2023 ഒക്‌ടോബർ 11ന് ഏകദിന ലോകകപ്പിൽ അഫ്‌ഗാനിസ്ഥാനെതിരെയായിരുന്നു അവസാനം 100 കടന്നത്. കഴിഞ്ഞവർഷം മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ ടെസ്‌റ്റിൽ സെഞ്ചുറിയുണ്ടായിരുന്നു. 338 ദിവസത്തിനുശേഷം രോഹിത് വീണ്ടും സെഞ്ചുറിക്കാരനായി.
ഫോം നഷ്‌ടപ്പെട്ടെന്നും ക്യാപ്‌റ്റൻ പുറത്തുപോകാൻ സമയമായെന്നും കുറ്റപ്പെടുത്തിയവർക്ക് ബാറ്റുകൊണ്ട് മറുപടി. 37–-ാംവയസ്സിലും ബാറ്റ് സിക്‌സർ പൊഴിച്ചുകൊണ്ടേയിരിക്കുന്നു. സിക്‌സർ അടിയിൽ ലോകത്തെ രണ്ടാമത്തെ ബാറ്ററായി. ഇന്നലത്തെ ഏഴെണ്ണം അടക്കം 338 സിക്‌സറായി. ക്രിസ് ഗെയ്‌ലിനെയാണ് (331) പിന്തള്ളിയത്. ഇനി മുന്നിലുള്ളത് ഷഹീദ് അഫ്രീദിമാത്രം.
ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിനുപിന്നാലെ ട്വന്റി20 കളി നിർത്തിയ രോഹിത് കുറച്ചുകാലമായി ഫോമില്ലാതെ ഉഴറുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ടെസ്‌റ്റ് പരമ്പരയിൽ ദയനീയ പരാജയമായി. അവസാന ടെസ്‌റ്റിൽനിന്ന് മാറിനിന്നു. വിരമിക്കൽ പ്രഖ്യാപനം ഉടനെയെന്ന വാർത്ത പരന്നു. ഈ കളിക്കുമുമ്പുള്ള അവസാന 16 ഇന്നിങ്സിൽ നേടിയത് 166 റൺമാത്രം. ശരാശരി 10.37. അടുത്താഴ്‌ച തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുമുമ്പ് ക്യാപ്‌റ്റൻ ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസംപകരും. ചാമ്പ്യൻസ് ട്രോഫി നേടി വിരമിക്കാനാകും രോഹിത് ആഗ്രഹിക്കുക.









0 comments