ad
Deshabhimani

നിർണായകം സഞ്‌ജു

sanju
avatar
റിതിൻ പ‍ൗലോസ്‌

Published on Sep 15, 2026, 12:03 AM | 2 min read

ന്യൂഡൽഹി: മലയാളി താരം സഞ്‌ജു സാംസണ്‌ മറ്റൊരു അവസരം കൂടി ലഭിക്കുമോ?

അഫ്‌ഗാനിസ്ഥാനുമായുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരന്പരയിലെ രണ്ടാം മത്സരം ഇന്ന്‌ ഡൽഹിയിൽ നടക്കാനിരിക്കെ കാര്യങ്ങൾ അത്ര ശുഭകരമല്ല സഞ്‌ജുവിന്‌. ആദ്യ കളിയിൽ ഇന്ത്യ ഏഴ്‌ വിക്കറ്റിന്റെ ആധികാരിക ജയമാണ്‌ കുറിച്ചത്‌. പക്ഷേ, ഓപ്പണറായെത്തിയ മുപ്പത്തൊന്നുകാരന്‌ നേടാനായത്‌ എട്ട്‌ പന്തിൽ 10 റൺ മാത്രം. പതിനഞ്ചുകാരൻ ബാറ്റിങ്‌ വിസ്‌മയം വൈഭവ്‌ സൂര്യവംശി അവസരത്തിനായി കാത്തുനിൽക്കുന്പോഴാണ്‌ ഇ‍ൗ പ്രകടനം. ഏഷ്യൻ ഗെയിംസിൽ കളിക്കാനാകുമോ എന്നതിനും ഇ‍ൗ പരന്പരയാണ്‌ ഉത്തരം നൽകുക.

ഇന്ന്‌ ജയിച്ചാൽ ഇന്ത്യക്ക്‌ പരന്പര സ്വന്തമാക്കാം. മൂന്നാം മത്സരം 17ന്‌ നടക്കും.


ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്‌ജുവിന്‌ ശേഷം കളിച്ച അഞ്ച്‌ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. മോശം ഷോട്ടുകളിൽ പതിവായി പുറത്താകുന്നു.


മറുവശത്ത്‌, സിംബാബ്‌വെയുമായുള്ള പരന്പരയിലെ മികച്ച താരമായിരുന്നു വൈഭവ്‌. സഞ്ജു, വൈഭവ്‌, അഭിഷേക്‌ ശർമ എന്നിവരിൽ രണ്ടുപേരെ ഓപ്പണറായി തെരഞ്ഞെടുക്കുകയെന്ന കടുപ്പമേറിയ ജോലിയാണ്‌ കോച്ച്‌ ഗ‍ൗതം ഗംഭീറിനുണ്ടായിരുന്നത്‌. അഭിഷേക്‌ അവസരം മുതലാക്കി. 32 പന്തിൽ 82 റണ്ണടിച്ച്‌ ടീമിന്റെ വിജയം ഉറപ്പിച്ചാണ്‌ പുറത്തായത്‌. മൂന്നാമനായെത്തിയ ഇഷാൻ കിഷനും തകർപ്പൻ പ്രകടനം പുറത്തെടുത്തു.


ബ‍ൗളർമാരിൽ ജസ്‌പ്രീത്‌ ബുമ്രയുടെ തിരിച്ചുവരവ്‌ ശ്രദ്ധേയമായി. മറ്റൊരു പേസർ അർഷ്‌ദീപ്‌ സിങ്ങും തിളങ്ങി. സ്‌പിന്നർമാരിൽ അക്‌സർ പട്ടേലും വരുൺ ചക്രവർത്തിയും മിന്നി. വരുൺ ഇന്ന്‌ കളിക്കില്ല. പരിക്കുകാരണമാണ്‌ പുറത്തായത്‌. ഗുരുതരമാണെങ്കിൽ ഏഷ്യൻ ഗെയിംസും നഷ്ടമാകും.


അഞ്ചാം ബ‍ൗളറുടെ കാര്യത്തിൽ ആശങ്കയാണ്‌. ഓൾ റ‍ൗണ്ടർമാരായ നിതീഷ്‌ കുമാർ റെഡ്ഡിയും ശിവം ദുബെയും ഒരുപോലെ മങ്ങി. തുടക്കത്തിൽ തകർന്നടിഞ്ഞ ബാറ്റിങ്‌ നിരയ്‌ക്ക്‌ തിരിച്ചുവരാനായത്‌ ഇരുവരുടെയും മോശം ബ‍ൗളിങ്‌ പ്രകടനംകൊണ്ടാണ്‌. ടീമിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല.

അഫ്‌ഗാന്‌ തൊട്ടതെല്ലാം പിഴച്ചു. അടിസ്ഥാനപരമായ തെറ്റുകൾ വരുത്തിയെന്നും അത് പരിശോധിക്കുകയാണെന്നുമായിരുന്നു തോൽവിക്ക്‌ ശേഷം കോച്ച്‌ റിച്ചാർഡ്‌ പൈബസ്‌ പ്രതികരിച്ചത്. അസ്‌മത്തുള്ള ഒർമസായ്‌, മുതിർന്ന താരം മുഹമ്മദ്‌ നബി എന്നിവരുടെ പ്രകടനമാണ്‌ ആദ്യ മത്സരത്തിൽ അഫ്‌ഗാന്‌ ഓർക്കാനുണ്ടായിരുന്നത്‌. റാഷിദ്‌ ഖാൻ, നൂർ അഹമ്മദ്‌ എന്നിവരുൾപ്പെട്ട മികച്ച സ്‌പിൻ നിരയ്‌ക്കും ആദ്യ കളിയിൽ ഒന്നും ചെയ്യാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home