ആർഎസ്എസ്– -ലീഗ്–കോൺഗ്രസ് സഖ്യം
സർവകലാശാലയെ തകർക്കാനുള്ള നീക്കം: എസ്എഫ്ഐ

മലപ്പുറം
ആർഎസ്എസ് - ലീഗ്–കോൺഗ്രസ് സഖ്യവുമായി ചേർന്ന് കലിക്കറ്റ് സർവകലാശാലയെ തകർക്കാനുള്ള ശ്രമമാണ് വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറും നടത്തുന്നതെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിച്ച്, ക്യാമ്പസിനകത്ത് ആർഎസ്എസ് രാഷ്ട്രീയം കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം മറ്റ് സർവകലാശാലകളിലേതുപോലെ കലിക്കറ്റിലും ആർഎസ്എസ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. സിൻഡിക്കറ്റിൽ യുഡിഎഫ് അനുകൂല അംഗങ്ങൾ ഭൂരിപക്ഷം ആയതും ആർഎസ്എസിന്റെ അനുമതിയോടെ വൈസ് ചാൻസലർ ലീഗുകാരനായ പ്രൊ വൈസ് ചാൻസലറെ നിയമിച്ചതും ഇതിൻറെ ഭാഗമായാണ്. ആർഎസ്എസിന്റെയും ലീഗിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർക്ക് സർവകലാശാലയിൽ യഥേഷ്ടം ഇടപെടാനുള്ള പിന്തുണയാണ് ചാൻസലർ നൽകുന്നത്. ഒക്ടോബറിൽ നടക്കേണ്ട കോൺവെക്കേഷൻ്റെ പേര് പറഞ്ഞ് ഡിപ്പാർട്ട്മെൻ്റൽ സ്റ്റുഡൻ്റ്സ് യൂണിയൻ്റെ പരിപാടിക്ക് വേദി നിഷേധിക്കാൻ ശ്രമിച്ചു. എന്നാൽ, ഇതിന് തൊട്ടുമുമ്പ് ആർഎസ്എസ് നിയന്ത്രിക്കുന്ന സനാതന ധർമ്മ പീഠത്തിന് പരിപാടി നടത്താൻ സർവകലാശാല ഹാൾ അനുവദിച്ചു. ആർഎസ്എസ് അനുകൂല സംഘടനയായ കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വിഭജനഭീതി ദിനം നടത്താനും സ്ഥലം അനുവദിച്ചു. എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്കും ഓഡിറ്റോറിയം വിട്ടുനൽകി. ആർഎസ്എസിന്റെ നയങ്ങൾക്കെതിരെ ക്യാമ്പസിലെ വിദ്യാർത്ഥി യൂണിയൻ പരിപാടികൾ സംഘടിപ്പിക്കുന്നതാണ് ചാൻസലറെയും വൈസ് ചാൻസലറെയും ചൊടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം ഉയർന്നുവരണമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.








0 comments