print edition ബൗളിങ് ‘ടെസ്‌റ്റ്’

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് ക്രിക്കറ്റ് പരന്പര 1–0ന് സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും ഇന്ത്യൻ ടീമിന്റെ പ്രകടനം ആശ്വാസം പകരുന്നില്ല. ബൗളർമാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നാണ് വിമർശം. രണ്ടാം ടെസ്‌റ്റിൽ ഫോളോ ഓൺ വഴങ്ങിയശേഷമാണ് ലങ്ക സമനില പിടിച്ചത്.
അഞ്ചാംദിനം നാല് വിക്കറ്റ് വീഴ്‌ത്തിയാൽ ജയം നേടാൻ കഴിയുമായിരുന്നു. പക്ഷേ, ലങ്കയെ പുറത്താക്കാനുള്ള മിടുക്ക് ബൗളർമാർക്ക് ഉണ്ടായില്ല. സമനില ലോക ടെസ്‌റ്റ് ചാന്പ്യൻഷിപ്പിലെ ഫൈനൽ സാധ്യതയ്‌ക്കും മങ്ങലേൽപ്പിച്ചു.
ബാറ്റിങ് നിരയിൽ ദേവ്‌ദത്ത് പടിക്കലിന്റെയും ധ്രുവ് ജുറലിന്റെയും പ്രകടനം പ്രതീക്ഷ പകരുന്നു. ന്യൂസിലൻഡിനും ഓസ്‌ട്രേലിയക്കുമെതിരായ ടെസ്‌റ്റ് പരന്പരകളിൽ ഇവരുടെ പ്രകടനം നിർണായകമാകും. അതേസമയം, ജസ്‌പ്രീത് ബുമ്രയുടെ അഭാവത്തിൽ വേഗം നിലച്ച ബൗളിങ് നിര എങ്ങനെ മൂർച്ച കൂട്ടുമെന്നാണ് ആശങ്ക.
ലങ്കയിലെ സ്‌പിൻ പിച്ചിൽ മാനവ് സുത്താർ എന്ന ഇടംകൈ സ്‌പിന്നറായിരുന്നു ഇന്ത്യയുടെ പ്രധാന ആയുധം. ഗാലെ ടെസ്‌റ്റിൽ പത്ത് വിക്കറ്റ് നേട്ടത്തോടെ സുത്താർ അതിന് അടിവരയിട്ടു. രണ്ട് ടെസ്‌റ്റിൽ 16 വിക്കറ്റുമായി മികച്ച വിക്കറ്റ് വേട്ടക്കാരനുമായി. രണ്ടാം ടെസ്‌റ്റിൽ രണ്ട് ഇന്നിങ്‌സിലും മൂന്ന് വീതം വിക്കറ്റെടുത്തു.
കളി ജീവിതത്തിന്റെ അവസാന ഘട്ടത്തിലുള്ള രവീന്ദ്ര ജഡേജയുടെ പകരക്കാരനായാണ് സുത്താർ വരുന്നത്. ജഡേജയ്‌ക്ക് പഴയ മികവ് ആവർത്തിക്കാനാകുന്നില്ല. നാല് ഇന്നിങ്‌സിൽ എട്ട് വിക്കറ്റാണ് സന്പാദ്യം. മൂന്നാം സ്‌പിന്നറുടെ കാര്യത്തിലാണ് കൂടുതൽ ആശങ്ക. ഓഫ് സ്‌പിന്നർ സരാൻഷ് ജെയ്‌നിന്റെ തുടക്കം മികച്ചതായില്ല. ലങ്ക രണ്ടാം ടെസ്‌റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ചെറുത്തുനിൽക്കുന്പോൾ സരാൻഷിനെ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ പലതവണ രംഗത്തിറക്കിയെങ്കിലും ഒരു സ്വാധീനവുമുണ്ടാക്കാനായില്ല.
കുൽദീപ് യാദവും നിരാശപ്പെടുത്തി. 19 ടെസ്‌റ്റ് പൂർത്തിയാക്കിയ മുപ്പത്തൊന്നുകാരന് സ്ഥിരതയില്ലാത്തതാണ് പ്രശ്‌നം. ഗാലെ ടെസ്‌റ്റിൽ ഒരു വിക്കറ്റാണ് നേടിയത്. ആർ അശ്വിന് ശേഷം മികച്ചൊരു ഓഫ് സ്‌പിന്നറെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഓൾ റൗണ്ടറായി ടീമിലുള്ള വാഷിങ്‌ടൺ സുന്ദറിന് പന്തേറിൽ മികവ് പോരാ. പരിക്കുകാരണം സുന്ദറിന് ലങ്കൻ പരന്പരയിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല.
പേസ് വിഭാഗത്തിലും മികച്ചൊരു ടെസ്‌റ്റ് ബൗളറുടെ അഭാവം നിഴലിക്കുന്നുണ്ട്. ബുമ്രയുടെ പരിക്കോടെ പേസ്‌നിരയെ നയിക്കാൻ അവസരം കിട്ടിയ മുഹമ്മദ് സിറാജ് പരന്പരയിൽ പരാജയമായി. രണ്ട് കളിയിൽ നാല് വിക്കറ്റാണ് സന്പാദ്യം. മറ്റൊരു പേസർ പ്രസിദ്ധ് കൃഷ്‌ണ മോശമാക്കിയില്ല. ഏഴ് വിക്കറ്റാണ് പ്രസിദ്ധ് നേടിയത്.
ഒക്‌ടോബറിലാണ് ഇന്ത്യക്ക് അടുത്ത പരന്പര. ന്യൂസിലൻഡിൽ രണ്ട് ടെസ്‌റ്റ് കളിക്കും. അടുത്ത വർഷം ജനുവരിയിൽ ഓസ്‌ട്രേലിയ ഇന്ത്യയിലെത്തും.










0 comments