ad
Deshabhimani

നടുവിൽ പഞ്ചായത്ത് കാട്ടിൽ കളഞ്ഞത് 1.13 കോടി

നടുവിൽ പഞ്ചായത്ത് പാത്തൻപാറ വാർഡിലെ കുട്ടിപ്പുല്ലിൽ കുട്ടികളുടെ പാർക്കിനുവേണ്ടി നിർമിച്ച കെട്ടിടം കാടുകയറിയ നിലയിൽ
avatar
നൗഷാദ് നടുവിൽ

Published on Aug 29, 2026, 02:00 AM | 2 min read

ആലക്കോട്

കാടുമൂടി നടുവിൽ പഞ്ചായത്തിന്റെ വിനോദസഞ്ചാരകേന്ദ്രം. 1.13 കോടി രൂപയോളം ചെലവഴിച്ച്‌ കുട്ടിപ്പുല്ലിൽ നിർമിച്ച കുട്ടികളുടെ പാർക്ക്‌ ഉൾപ്പെടെയുള്ള കെട്ടിടങ്ങളാണ്‌ കാടുകയറി നശിക്കുന്നത്‌. കൊടുംകാടിനുള്ളിൽ കുത്തനെയുള്ള കുന്നിൻചെരുവിൽ വിനോദസഞ്ചാരകേന്ദ്രം നിർമിക്കുന്പോൾ തന്നെ പദ്ധതിക്കെതിരെ വിജിലൻസ്‌ അന്വേഷണം നടത്തി ക്രമക്കേടുകളും കണ്ടെത്തി. സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം’ പദ്ധതിയുടെ ഭാഗമായി 2023–24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുട്ടിപ്പുല്ലിൽ പാർക്ക് നിർമിക്കാൻ നടപടി ആരംഭിച്ചത്. പഞ്ചായത്ത്, ടൂറിസം വകുപ്പ്, എംപി ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് എന്നിവയിൽനിന്നായി 1.13 കോടി രൂപയോളം ചെലവഴിച്ചാണ് വിനോദസഞ്ചാരകേന്ദ്രം നിർമിച്ചത്‌. ​കുത്തനെയുള്ള 
മലഞ്ചെരുവിൽ പാർക്ക് കുത്തനെ ചെരിവുള്ള പരിസ്ഥിതിലോല പ്രദേശത്താണ് വിനോദസഞ്ചാരകേന്ദ്രത്തിനായി നിർമാണങ്ങൾ നടത്തിയത്‌. ഇരുമ്പുതൂണുകൾ സ്ഥാപിച്ച് അതിന് മുകളിലാണ്‌ കെട്ടിടം കെട്ടിപ്പൊക്കിയത് . പദ്ധതി പ്രദേശത്തിന്റെ സ്വഭാവവും നിർമാണത്തിന്റെ രീതിയും സംബന്ധിച്ച് തുടക്കം മുതൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾക്കൊപ്പം പദ്ധതി സ്വകാര്യ ഭൂമിയുടമകൾക്കും റിസോർട്ട് മേഖലയ്ക്കും ഗുണകരമാകുന്ന തരത്തിലാണ് വിഭാവനം ചെയ്തതെന്ന ആരോപണവും ഉയർന്നു. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ക്രമക്കേടുകളും ഭൂമാഫിയയെ സഹായിക്കാനുള്ള നീക്കവും സംബന്ധിച്ചും ആരോപണം ഉയർന്നു. ​വിജിലൻസ് അന്വേഷണം പുലിക്കുരുമ്പ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ ബെന്നി മുട്ടത്തിലിന്റെ പരാതിയെ തുടർന്നാണ്‌ വിജിലൻസ് അന്വേഷണം നടത്തിയത്‌. പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വിശദമായ അന്വേഷണം നടക്കുന്നുണ്ട്‌. വിജിലൻസ് അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലത്ത് പദ്ധതിയുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള നീക്കവും നടത്തി. നടുവിൽ പഞ്ചായത്തിൽ യുഡിഎഫിന് തുടർഭരണം ലഭിച്ചെങ്കിലും വിവാദ പദ്ധതിയിൽ പുതിയ ഭരണസമിതി കാര്യമായ തുടർനടപടികൾ സ്വീകരിച്ചില്ല. കുട്ടിപ്പുല്ലിൽ അഗാധമായ ഗർത്തത്തിന് സമീപമുള്ള 70 സെന്റ് ഭൂമിയാണ് പാർക്കിനായി സ്വകാര്യ വ്യക്തി വിട്ടുനൽകിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ്‌ ഇവിടെ റോഡ്‌ നിർമിച്ചത്‌. പ്രദേശത്ത് നൂറുകണക്കിന് ഏക്കർ ഭൂമി കൈവശപ്പെടുത്തിയിട്ടുള്ള റിസോർട്ട്–ഭൂമാഫിയകൾക്ക് ഗുണകരമാകുന്ന തരത്തിലാണ് പദ്ധതി ഒരുക്കിയതെന്നാണ്‌ ഉയരുന്ന പ്രധാന ആരോപണം. പൊതുപണം ഉപയോഗിച്ച് നിർമിച്ച പദ്ധതിയുടെ നിലവിലെ സ്ഥിതി, ചെലവഴിച്ച തുക, നിർമാണത്തിന് ലഭിച്ച അനുമതികൾ, വനഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ, ഭൂമി വിട്ടുനൽകിയതിന്റെ വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിൽ സമഗ്രമായ പരിശോധന വേണമെന്നാണ് നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home