ad
Deshabhimani

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്ന് ക്ഷാമം

പൂട്ടിപ്പോകും ഈ ഔട്ട്‌ലെറ്റുകൾ

9a9be
വെബ് ഡെസ്ക്

Published on Aug 29, 2026, 02:00 AM | 1 min read

നിധിൻ ഈപ്പൻ

പാലക്കാട്

സാധാരണക്കാർക്ക് താങ്ങായിരുന്ന സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്ന് ക്ഷാമം രൂക്ഷം. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾപോലും ലഭ്യമല്ലാതായതോടെ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സംസ്ഥാനത്തുള്ള 86 സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ ഒന്പതെണ്ണം പാലക്കാട് ജില്ലയിലാണ്. ആഴ്ചകളായി സ്റ്റോക്ക് തീർന്നിട്ടും പുതിയ മരുന്നുകൾ എത്തിക്കാത്തതോ‍ടെ സംസ്ഥാനത്ത് മൂന്ന് ഔട്ട്‌ലെറ്റുകൾ പൂട്ടി. ഗുണനിലവാരമുള്ള മരുന്ന് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനാണ് 1993ൽ സപ്ലൈകോ മെഡിക്കൽ സ്റ്റോർ ശൃംഖല ആരംഭിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇവ രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു. പൊതുവിപണിയേക്കാൾ 13 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ മരുന്നുകൾ നൽകിയിരുന്നത്. ഇൻസുലിൻ ഉൾപ്പെടെ ജീവൻരക്ഷാ മരുന്നുകൾക്ക് 20 മുതൽ 24 ശതമാനം വരെയും മുൻഗണനാ കാർഡുടമകൾക്ക് പ്രത്യേക ഇളവുകളും ലഭിച്ചിരുന്നു. എല്ലാത്തരം അലോപ്പതി മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, മറ്റ് ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് എത്തിച്ചിരുന്ന സംവിധാനമാണ് ഇപ്പോൾ താറുമാറായത്. പാലക്കാട് ഒലവക്കോട് പ്രവർത്തിക്കുന്ന സെൻട്രൽ പർച്ചേസ് ഡിപ്പോ വഴിയാണ് സംസ്ഥാനത്തെ മുഴുവൻ സ്റ്റോറുകളിലേക്കുമുള്ള മരുന്നുകൾ കമ്പനികളിൽനിന്ന് നേരിട്ട് ടെൻഡർ വഴി വാങ്ങി വിതരണം ചെയ്യുന്നത്. എന്നാൽ ഇവിടത്തെ പർച്ചേസ് ഓഫീസറെ ചാവക്കാട്ടേക്ക് മാറ്റിയതും പുതിയ ഉദ്യോഗസ്ഥൻ ചുമതലയേൽക്കാൻ വൈകിയതും സംഭരണത്തെ ബാധിച്ചു. പുതിയ ഓഫീസർ ചുമതലയേറ്റിട്ട് രണ്ട് ദിവസം മാത്രമേ ആയുള്ളൂ. മുൻ ഇടപാടുകൾ പരിശോധിച്ചേ പുതിയ പർച്ചേസ് ഓർഡറുകൾ നൽകാനാകൂ. കമ്പനികൾക്കുള്ള കുടിശ്ശിക പ്രശ്നങ്ങൾ കൂടിയായതോടെ മരുന്ന് ലഭ്യത ഇനിയും ആഴ്ചകളോളം വൈകും. സർക്കാർ ഇടപെട്ട് പർച്ചേസ് വേഗത്തിലാക്കണമെന്നാണ് ആവശ്യം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home