ad
Deshabhimani

അപകടമൊഴിയാതെ
പനയംപാടം വളവ്

അപകടഭീഷണിയായ പനയംപാടം വളവ്
വെബ് ഡെസ്ക്

Published on Aug 29, 2026, 02:00 AM | 1 min read

വി പ്രശോഭ്

മണ്ണാർക്കാട്‌

പാലക്കാട്‌–കോഴിക്കോട്‌ ദേശീയപാതയിലെ കല്ലടിക്കോട്‌ പനയംപാടം വളവിൽ അപകടങ്ങൾ പതിവ്. അശാസ്‌ത്രീയ അലൈൻമെന്റും കുത്തനെയുള്ള ഇറക്കവും വളവുമാണ്‌ പ്രശ്നം. കഴിഞ്ഞ ദിവസം റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡറിൽ കാറിടിച്ച് പാലക്കാട് വിക്ടോറിയ കോളേജിലെ ലാബ് അസിസ്റ്റന്റ്‌ കല്ലടിക്കോട് വലുള്ളി താഴനിയിൽ സിലു (53) മരിച്ചു. മണിക്കൂറുകൾക്കകം നിയന്ത്രണംവിട്ട കണ്ടെയ്‌നർ ലോറി റോഡരികിൽ സ്ഥാപിച്ച സോളാർ ലൈറ്റ്‌ പോസ്റ്റ്‌ ഇടിച്ചുതകർത്തു. രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ​വീതികുറഞ്ഞ റോഡിൽ മഴ പെയ്‌താലുണ്ടാകുന്ന വഴുക്കൽ അപകടസാധ്യത ഇരട്ടിയാക്കുന്നു. ദേശീയപാത നിർമാണശേഷം പനയംപാടത്തുമാത്രം പത്തോളം പേർ അപകടങ്ങളിൽ മരിക്കുകയും 50-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 2024 ഡിസംബറിൽ നാല് വിദ്യാർഥികൾ ലോറി അപകടത്തിൽ മരിച്ചതിനെ തുടർന്ന്‌ ശക്തമായ പ്രതിഷേധമുയർന്നു. തുടർന്ന് അന്നത്തെ എംഎൽഎ കെ ശാന്തകുമാരി, ഗതാഗതമന്ത്രി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടസാധ്യത കുറയ്‌ക്കാൻ ദേശീയപാത അതോറിറ്റി 1.35 കോടി രൂപ അനുവദിച്ചു. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡർ സ്ഥാപിക്കുക, വീതികൂട്ടി പൂട്ടുകട്ട പതിക്കുക, ദിശാസൂചക സ്ഥാപിക്കുക, അഴുക്കുചാൽ നിർമിക്കുക, വെളിച്ചം സ്ഥാപിക്കുക, ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കുക തുടങ്ങിയവയായിരുന്നു നിർദേശിച്ച പ്രധാന നടപടികൾ. ഇതിൽ റോഡിന് കുറച്ചുഭാഗം വീതി കൂട്ടി പൂട്ടുകട്ട പതിക്കുകയും ഡിവൈഡറും സോളാർ ലൈറ്റുകളും സ്ഥാപിക്കുകയും ചെയ്‌തു. നടപ്പാത ഒരുക്കൽ, ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കുക തുടങ്ങിയവയൊന്നും നടന്നില്ല. സ്ഥലമേറ്റെടുത്ത് റോഡിന്റെ വീതി വർധിപ്പിക്കുകയും മണ്ണാർക്കാട് ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് ദൂരെനിന്ന്‌ വ്യക്‌തമായി കാണാവുന്ന വിധത്തിൽ ഡിവൈഡർ പുനഃക്രമീകരിക്കുകയും വേണമെന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം. അപകടസാധ്യത നിലനിൽക്കുന്ന ഭാഗങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തി ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home