ഓടയിൽവീണ് വിദ്യാർഥിക്ക് പരിക്ക്

പാലക്കാട്
നഗരമധ്യത്തിൽ സ്ലാബ് തകർന്ന ഭാഗത്ത് ഓടയിൽ വീണ് നാലാംതരം വിദ്യാർഥിക്ക് പരിക്ക്. യാക്കര റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന ശ്രീകാന്തിന്റെ മകൻ ആരാധ്യൻ (9) ആണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് എതിർവശത്തെ കടകൾക്ക് മുന്നിലെ പ്രധാന റോഡരികിലെ അഴുക്കുചാലിലാണ് കുട്ടി വീണത്. സമീപത്തുണ്ടായിരുന്ന കടയുടമകളുടെയും രക്ഷിതാക്കളുടെയും സമയോചിത ഇടപെടലിലാണ് ദുരന്തം ഒഴിവായത്. ഉത്രാട ദിനത്തിൽ കുടുംബത്തോടൊപ്പം സമീപത്തെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി തിരികെ കാറിൽ കയറാൻ ഡോർ തുറക്കുന്നതിനിടെയാണ് കുട്ടി കാൽതെറ്റി ഓടയ്ക്കുള്ളിലേക്ക് പതിച്ചത്. ഒരു കാൽ മുകളിലായി ഓടയ്ക്കുള്ളിലെ കല്ലിൽ പിടിത്തം കിട്ടിയതിനാലും കുട്ടിയുടെ രക്ഷിതാവും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും വ്യാപാരികളും ചേർന്ന് കുട്ടിയെ ഉടൻ പുറത്തെടുത്തതിനാലും കൂടുതൽ പരിക്കുകളില്ലാതെ രക്ഷിക്കാനായി. മാസങ്ങളായി ഇവിടെ സ്ലാബുകൾ തകർന്നുകിടക്കുകയാണ്. നഗരസഭാ അധികൃതർക്ക് വ്യാപാരികളും നാട്ടുകാരും പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. മഴ ശക്തമാകുന്ന സമയത്ത് ഇതിലൂടെ ഒഴുക്ക് ശക്തമാണ്. ഇൗ സമയങ്ങളിൽ അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനംപോലും അസാധ്യമാണെന്ന് സമീപവാസികൾ പറയുന്നു. ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരത്തെ വിവിധ ഭാഗങ്ങളിൽ സ്ലാബുകൾ തകർന്നും തുറന്നും കിടക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയാണ്. ജീവന് അപായം സംഭവിക്കുന്നതുവരെ കാത്തുനിൽക്കാതെ അടിയന്തരമായി സ്ലാബുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ നഗരസഭയ്ക്ക് രേഖാമൂലം പരാതി നൽകാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം.










0 comments