print edition റൺമഴ വൻജയം

ശ്രീലങ്കയ്ക്കെതിരെ അർധസെഞ്ചുറി പൂർത്തിയാക്കിയ സ്മൃതി മന്ദാനയെ ഷഫാലി വർമ പുണരുന്നു/ ഫോട്ടോ: എ ആർ അരുൺ രാജ്
എസ് കിരൺബാബു
Published on Dec 29, 2025, 12:30 AM | 2 min read
തിരുവനന്തപുരം
റൺമഴയിൽ ശ്രീലങ്കയെ മുക്കി ഇന്ത്യൻ വനിതകൾ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യ ജയിച്ചു. ട്വന്റി20 ക്രിക്കറ്റ് പരന്പരയിലെ നാലാമത്തെ കളിയിൽ 30 റണ്ണിനാണ് ജയം. ആദ്യം ബാറ്റ് ചെയ്‌ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റണ്ണാണ് അടിച്ചുകൂട്ടിയത്. മുൻ മത്സരങ്ങളിൽനിന്ന് വ്യത്യസ്‌തമായി പൊരുതിക്കളിക്കാൻ ശ്രമിച്ച ലങ്ക ആറിന് 191ൽ അവസാനിപ്പിച്ചു.
സ്‌കോർ: ഇന്ത്യ 221/2; ശ്രീലങ്ക 191/6
വെടിക്കെട്ട് ബാറ്റിങ് പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഓപ്പണർമാരായ സ്‌മൃതി മന്ദാനയും (48 പന്തിൽ 80) ഷഫാലി വർമയും (46 പന്തിൽ 79) തകർത്തുകളിച്ചു. റിച്ച ഘോഷും (16 പന്തിൽ 40*) ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറും (10 പന്തിൽ 16*) ചേർന്ന് സ്‌കോർ 200 കടത്തി. വനിതാ ട്വന്റി-20 യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.
തുടർച്ചയായ മൂന്നാം മത്സരത്തിൽ അർധസെഞ്ചുറി കുറിച്ച ഷഫാലിയായിരുന്നു തുടക്കത്തിൽ ആക്രമണം നയിച്ചത്. പിന്നാലെ മന്ദാന അതേറ്റെടുത്തു. ഒരു ഘട്ടത്തിൽ 32 പന്തിൽ 37 റണ്ണെന്ന നിലയിലായിരുന്നു വൈസ് ക്യാപ്‌റ്റൻ. പിന്നെ റണ്ണൊഴുകി. 15.2 ഓവറിൽ 162 റൺ കൂട്ടിച്ചേർത്തശേഷമാണ് സഖ്യം വേർപിരിഞ്ഞത്. ട്വന്റി20യിൽ ഏത് വിക്കറ്റിലെയും മികച്ച ഇന്ത്യൻ കൂട്ടുകെട്ടുമായി ഇത്. ഒരു സിക്‌സറും 12 ഫോറും പറത്തിയ ഷഫാലി നിമഷ മധുഷാനിക്ക് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. സെഞ്ചുറിയിലേക്ക് നീങ്ങിയ മന്ദാനയെ മൽഷ ഷെഹാനി പുറത്താക്കി. മൂന്ന് സിക്‌സറും 11 ഫോറുമായിരുന്നു ഇന്നിങ്‌സിൽ.
ശേഷം റിച്ച കളം ഭരിച്ചു. മൂന്നു സിക്‌സറും നാല് ഫോറും വിക്കറ്റ് കീപ്പർ പറത്തി. ഹർമൻപ്രീത് ഒരു സിക്‌സറും ഫോറും നേടി. ആകെ എട്ട് സിക്‌സറുകളായിരുന്നു ഇന്ത്യൻ ഇന്നിങ്‌സിൽ.
മറുപടിക്കെത്തിയ ലങ്ക ഉശിരൻ തുടക്കം കുറിച്ചു. ക്യാപ്‌റ്റൻ ചമരി അത്തപ്പത്തുവും (37 പന്തിൽ 52) ഹസിനി പെരേരയും (20 പന്തിൽ 33) പൊരുതി. മൂന്ന് വീതം സിക്‌സറും ഫോറുമായി ചമരി തകർപ്പൻ കളിയാണ് പുറത്തെടുത്തത്. വൈഷ്‌ണവി ശർമയുടെ പന്തിൽ മന്ദാന പിടിച്ചായിരുന്നു ചമരിയുടെ മടക്കം. ഹസിനിയെ അരുന്ധതി റെഡ്ഡിയും പുറത്താക്കി. 28 പന്തിൽ 29 റണ്ണെടുത്ത ഇമേഷ് ദുലാനി റണ്ണൗട്ടായതോടെ ലങ്കയുടെ പോരാട്ടം അവസാനിച്ചു. നിലാക്ഷിക സിൽവ 11 പന്തിൽ 23 റണ്ണുമായി പുറത്താകാതെനിന്നു.
ലങ്ക നേടിയ 191 റൺ ട്വന്റി20യിൽ അവരുടെ മികച്ച സ്-കോറാണ്. ഇന്ത്യക്കായി വൈഷ്‌ണവിയും അരുന്ധതിയും രണ്ട് വീതം വിക്കറ്റ് നേടി. അഞ്ചാം മത്സരം കാര്യവട്ടത്ത് നാളെ നടക്കും.
മന്ദാന 10000*
രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺ തികയ്‌ക്കുന്ന നാലാമത്തെ വനിതാ താരമായി ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ദാന. ശ്രീലങ്കയുമായുള്ള നാലാം ട്വന്റി20യിൽ 27 റണ്ണെടുത്തുനിൽക്കെയായിരുന്നു നേട്ടം. 281 മത്സരങ്ങളിൽനിന്നാണ് പതിനായിരം പൂർത്തിയാക്കിയത്. ട്വന്റി20യിൽ നാലായിരം കടന്നു.
10868 റണ്ണുമായി ഇന്ത്യൻ ടീം മുൻ ക്യാപ്‌റ്റൻ മിതാലി രാജാണ് ഒന്നാമത്. ന്യൂസിലൻഡിന്റെ സൂസി ബേറ്റ്‌സ് (10652), ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേർഡ്‌സ് (10273) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. ട്വന്റി20യിൽ ഇന്ത്യക്കായി കൂടുതൽ സിക്‌സർ പറത്തിയ റെക്കോഡും മന്ദാനയുടെ പേരിലാണ്–80 എണ്ണം. ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറിനെയാണ് മറികടന്നത്.










0 comments