print edition നാളെ ‘സ്‌പിൻ ടെസ്‌റ്റ്’

ഇന്ത്യൻ താരം ഋഷഭ് പന്ത് ഗാലെയിലെ പിച്ച് പരിശോധിക്കുന്നു
ഗാലെ: ഇന്ത്യ–ശ്രീലങ്ക ടെസ്‌റ്റ് പരമ്പരയ്ക്ക് നാളെ ഗാലെയിൽ തുടക്കം. ശുഭ്‌മാൻ ഗില്ലിന്റെ ക്യാപ്‌റ്റൻസിയിൽ രണ്ടാമത്തെ മാത്രം വിദേശ പരീക്ഷണമാണ് ഇന്ത്യൻ ടീമിന്. സ്‌പിന്നർമാരുടെ വിളനിലമായ ലങ്കയിൽ ഇന്ത്യൻ ബാറ്റിങ് നിരയുടെ യഥാർഥ പരീക്ഷണമാണ് നടക്കുക. പരിചയസന്പത്തില്ലാത്ത ബൗളിങ് നിരയാണ് ടീമിന്റേത്. മറുവശത്ത്, ദക്ഷിണാ-്രഫിക്കയുടെ വിഖ്യാത താരമായിരുന്ന മുൻ ഇന്ത്യൻ കോച്ച് ഗാരി കേസ്‌റ്റനാണ് ലങ്കയെ പരിശീലിപ്പിക്കുന്നത്.
ലങ്കയിൽ സമീപകാലത്തെല്ലാം ഇന്ത്യക്ക് നല്ല അനുഭവങ്ങളായിരുന്നു. പക്ഷേ, 2024ൽ കോച്ച് ഗൗതം ഗംഭീറിന് കീഴിൽ ഇറങ്ങിയ ടീം 27 വർഷത്തിനുശേഷം ലങ്കൻ മണ്ണിൽ ഏകദിന പരന്പര കൈവിട്ടിരുന്നു. ടെസ്‌റ്റിൽ ആധിപത്യം തുടരാനാകുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ. ഗംഭീർ–ഗിൽ സഖ്യത്തിന് നിർണായകമാണ് ഇൗ പരമ്പര. 27ന് പര്യടനം പൂർത്തിയായാൽ ഓസ്‌ട്രേലിയയെയാണ് നേരിടേണ്ടത്. അതിനാൽതന്നെ മികച്ച ഒരുക്കം കൂടിയാണ് ലക്ഷ്യം.
വിരാട് കോഹ്‌ലി, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവർ വിരമിച്ചശേഷം ഇന്ത്യയുടെ ടെസ്‌റ്റ് ബാറ്റിങ് നിരയുടെ കരുത്ത് ചോർന്നിട്ടുണ്ട്. പുതുനിര ഇപ്പോഴും തെളിഞ്ഞിട്ടില്ല. ഗില്ലിന് കീഴിൽ ഒന്പത് ടെസ്‌റ്റിലാണ് ഇതുവരെ കളിച്ചത്. അതിൽ അഞ്ചെണ്ണത്തിൽ ജയിച്ചു. മൂന്നെണ്ണം വെസ്‌റ്റിൻഡീസിനോടും അഫ്‌ഗാനിസ്ഥാനോടുമാണ്. രണ്ട് ജയം ഇംഗ്ലണ്ടിനെതിരെ. മൂന്ന് ടെസ്‌റ്റ് തോറ്റു. ദക്ഷിണാ-ഫ്രിക്കയോട് സ്വന്തം തട്ടകത്തിൽ രണ്ട് കളിയും തോറ്റു. നായകനായി ഭേദപ്പെട്ട തുടക്കം ലഭിച്ച ഗിൽ ബാറ്ററെന്ന നിലയിൽ ഏറെ നേട്ടമുണ്ടാക്കി. ക്യാപ്‌റ്റനായതിനുശേഷമുള്ള അഞ്ച് ഇന്നിങ്‌സുകളിൽ 1076 റണ്ണാണ് നേടിയത്. ആറ് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഇതിലുൾപ്പെട്ടു.
യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ഋഷഭ് പന്ത്, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരാണ് ബാറ്റിങ് നിരയിലെ മറ്റ് പ്രതീക്ഷകൾ.
പേസർമാർ കളം പിടിക്കുമെന്നാണ് ഇന്ത്യൻ ബൗളിങ് പരിശീലകൻ മോണി മോർക്കൽ പറഞ്ഞത്. ജസ്‌പ്രീത് ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് സിറാജിനാണ് പേസ് നിരയുടെ ചുമതല. പ്രസിദ്ധ് കൃഷ്‌ണ, ഗുർണൂർ ബ്രാർ, അഖ്വിബ് നബി എന്നിവരാണ് മറ്റ് പേസർമാർ.









0 comments