ad
Deshabhimani

print edition സ്‌പിൻ കളം

Cricket.jpg

ഇന്ത്യൻ താരങ്ങൾ ഫീൽഡിങ് പരിശീലനത്തിനിടയിൽ

വെബ് ഡെസ്ക്

Published on Aug 23, 2026, 12:34 AM | 1 min read

കൊളംബോ: വീണ്ടും ഒരു സ്‌പിൻ കളം. പരമ്പര പിടിക്കാൻ ഇന്ത്യയും ഒപ്പമെത്താൻ ശ്രീലങ്കയും നേർക്കുനേർ. ഇന്ത്യ–ലങ്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ ഇന്ന്‌ രാവിലെ പത്തിന്‌ കൊളംബോയിൽ തുടങ്ങും. രണ്ട്‌ മത്സര പരമ്പരയിൽ 1–0ന്‌ മുന്നിലാണ്‌ സന്ദർശകർ.


ആദ്യ കളിയിൽ 165 റണ്ണിനായിരുന്നു ജയം. ഗാലെയിലേതിന്‌ സമാനമായി സ്‌പിന്നർമാർക്ക്‌ അനുകൂലമായ പിച്ചാണ്‌ ഇത്തവണയും. ടോസ്‌ നിർണായകമാകും. നാണയഭാഗ്യം ലഭിക്കുന്നവർ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ ഒന്നാം ഇന്നിങ്‌സിൽ മികച്ച സ്‌കോർ പടുത്തുയർത്താനാകും ശ്രമിക്കുക. രണ്ടാംദിനം മുതൽ പിച്ച്‌ തിരിഞ്ഞുതുടങ്ങും.


അവസാന മൂന്ന്‌ പരമ്പരയിൽ രണ്ടിലും തോറ്റ ഇന്ത്യ, ലങ്കയ്‌ക്കെതിരെ അവരുടെ മണ്ണിൽ സമ്പൂർണ വിജയമാണ്‌ ലക്ഷ്യമിടുന്നത്‌. പരിശീലകൻ ഗ‍ൗതം ഗംഭീറിനും ഇത്‌ അനിവാര്യമാണ്‌. ലോകചാമ്പ്യൻഷിപ്പിലെ ഫൈനൽ സാധ്യത നിലനിർത്താനും ജയം സഹായിക്കും. അരങ്ങേറ്റക്കാരൻ സ്‌പിന്നർ മാനവ്‌ സുത്താറിന്റെ മിടുക്കിലാണ്‌ ഇന്ത്യ ആദ്യ ടെസ്‌റ്റ്‌ നേടിയത്‌. ഒപ്പം ദേവ്‌ദത്ത്‌ പടിക്കൽ ഉൾപ്പെടെയുള്ള ബാറ്റർമാർ അവസരത്തിനൊത്തുയർന്നു.


രണ്ട്‌ മത്സരം മാത്രം കളിച്ച മാനവ്‌ പ്രധാന സ്‌പിന്നറായി ഉയർന്നുകഴിഞ്ഞു. രണ്ടാം ഇന്നിങ്‌സിലെ ആറെണ്ണം ഉൾപ്പെടെ 10 വിക്കറ്റായിരുന്നു ഗാലെയിൽ വീഴ്‌ത്തിയത്‌. രവീന്ദ്ര ജഡേജയും കുൽദീപ്‌ യാദവും പിന്തുണ നൽകി. സ്‌പിന്നർമാരെ കൂടാതെ അച്ചടക്കത്തോടെ പന്തെറിയുന്ന പേസർമാരായ മുഹമ്മദ്‌ സിറാജിലും പ്രസിദ്ധ്‌ കൃഷ്ണയിലും പ്രതീക്ഷയുണ്ട്‌. ടോസ്‌ നഷ്ടമായാലും പുതിയ പന്തിൽ ഇരുവരും എതിരാളിയെ പ്രഹരിക്കുമെന്നാണ്‌ കണക്കുക്കൂട്ടൽ. ടീമിൽ മാറ്റങ്ങളുണ്ടായേക്കില്ല.


ലങ്കയാകട്ടെ ഒപ്പമെത്താനുള്ള ശ്രമത്തിലാണ്‌. സ്വന്തം മണ്ണിൽ എതിരാളിക്കുമേൽ സമ്മർദം ചെലുത്താൻ കഴിയാത്തതായിരുന്നു തിരിച്ചടി. ഒന്നാം ഇന്നിങ്‌സിൽ ബ‍ൗളർമാർക്ക്‌ നിയന്ത്രണമുണ്ടായില്ല. സ്‌പിന്നർമാരിൽ പ്രഭാത്‌ ജയസൂര്യയിലാണ്‌ പ്രതീക്ഷ. സോനാൽ ദിനൂഷയുടെ മികവാണ്‌ ആശ്വാസം. ആറാം നമ്പറിലെത്തി സ്ഥിരതയുള്ള പ്രകടനമായിരുന്നു.


സ്‌പിന്നർമാർക്കെതിരെ ആത്മവിശ്വാസത്തോടെ ബാറ്റേന്തി. ടീമിൽ മാറ്റമുണ്ടാകും. കാമിൽ മിശാര, പസിന്ദു സൂര്യബന്ദാര തുടങ്ങിയവർ കളിക്കും. 2008നുശേഷം ഇന്ത്യക്കെതിരെ പരമ്പരയിൽ ജയിക്കാനായിട്ടില്ല.

കൊളംബോയിൽ ചെറിയ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. എന്നാൽ ആദ്യ മത്സരത്തിലേത്‌ പോലെ വെല്ലുവിളിയാകില്ല എന്നാണ്‌ പ്രവചനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home