print edition പരമ്പര തേടി ഇന്ത്യ ; ദക്ഷിണാഫ്രിക്കയുമായുള്ള നാലാം ട്വന്റി 20 ഇന്ന്

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പരിശീലനത്തിൽ
ലഖ്‌നൗ
ധർമശാലയിലെ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ട്വന്റി20 ക്രിക്കറ്റ് പരന്പര തേടി ഇന്ത്യ. ദക്ഷിണാഫ്രിക്കയുമായുള്ള നാലാം മത്സരത്തിന് ലഖ്‌നൗവാണ് വേദി. അഞ്ച് മത്സര പരന്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ തുടർച്ചയായ 14–ാം ടെസ്‌റ്റ് പരമ്പരയാകും ഇന്ത്യക്കിത്.
ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. പരിക്കുകാരണം അക്‌സർ പട്ടേൽ പരന്പരയിൽനിന്ന് പുറത്തായി. പകരമെത്തിയ കുൽദീപ് യാദവ് ധർമശാലയിൽ മികച്ച പ്രകടനം പുറത്തെടുത്തു. വ്യക്തിപരമായ കാരണങ്ങളാൽ അവസാന കളിയിൽനിന്ന് പിന്മാറിയ പേസർ ജസ്‌പ്രീത് ബുമ്രയും ഇന്ന് കളിച്ചേക്കില്ല. പേസ് നിരയിൽ അർഷ്‌ദീപ് സിങ്–ഹർഷിത് റാണ സഖ്യം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇരുവരും രണ്ട് വീതം വിക്കറ്റെടുത്തു. സ്‌പിന്നർമാരും മിന്നിയതോടെ ആധികാരിക ജയമായിരുന്നു ഇന്ത്യക്ക്.
അതേസമയം, ബാറ്റിങ് നിരയിൽ നായകൻ സൂര്യകുമാർ യാദവിന്റെയും ഉപനായകൻ ശുഭ്‌മാൻ ഗില്ലിന്റെയും മോശം പ്രകടനം തുടരുകയാണ്. സൂര്യകുമാർ 11 പന്തിൽ 12 റണ്ണെടുത്ത് പുറത്താകുകയായിരുന്നു. കഴിഞ്ഞ ഒക്‌ടോബറിലാണ് ക്യാപ്‌റ്റൻ അവസാനമായി അർധസെഞ്ചുറി നേടിയത്. ശേഷം 21 ഇന്നിങ്‌സിൽ നേടാനായത് 239 റൺ മാത്രം. 119.5 ആണ് ബാറ്റിങ് ശരാശരി.
ഗില്ലിന്റെ കാര്യവും വ്യത്യസ്‌തമല്ല. 28 പന്തിൽ 28 റണ്ണെടുത്ത വൈസ് ക്യാപ്‌റ്റന്റെ പ്രകടനം ആധികാരികമായിരുന്നില്ല. ഓപ്പണർ അഭിഷേക് ശർമയും തിലക് വർമയുമാണ് സ്ഥിരത പുലർത്തുന്ന ബാറ്റർമാർ. അതേസമയം, മലയാളി വിക്കറ്റ് സഞ്‌ജു സാംസണെ ഇൗ മത്സരത്തിലും പരിഗണിക്കാൻ സാധ്യതയില്ല.
ഇന്ത്യൻ ടീം: അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ഹർഷിത് റാണ, അർഷ്‌ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
ദക്ഷിണാഫ്രിക്ക:ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, എയ്‌ദൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊണൊവൻ -ഫെരേര, മാർകോ യാൻസെൺ, കോർബിൻ ബോഷ്, ജോർജ് ലിൻഡെ, ലുൻഗി എൻഗിഡി, ഒട്‌നീൽ ബാർട്‌മാൻ.










0 comments