print edition അടിച്ചുനേടി ; ഇന്ത്യക്ക് 30 റൺ ജയം, പരമ്പര 3–1

അഹമ്മദാബാദ്
ഇന്ത്യക്ക് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 3–1ന് സ്വന്തമാക്കി. അവസാന മത്സരം 30 റണ്ണിന് ജയിച്ചു. സ്‌കോർ: ഇന്ത്യ 231/5, ദക്ഷിണാഫ്രിക്ക 201/8. തിലക് വർമയും(42 പന്തിൽ 73) ഹാർദിക് പാണ്ഡ്യയും(25 പന്തിൽ 63) നാലാം വിക്കറ്റിലെടുത്ത 105 റൺ വിജയത്തിന് അടിത്തറയായി.
ആഫ്രിക്കൻ നിരയിൽ ഓപ്പണർ ക്വിന്റൺ ഡി കോക്ക് (65) മാത്രമാണ് പൊരുതിയത്. ഡിവാൾഡ് ബ്രെവിസ് 31 റണ്ണെടുത്തു. നാല് വിക്കറ്റുമായി സ്‌പിന്നർ വരുൺ ചക്രവർത്തി ഇന്ത്യൻ ബൗളർമാരിൽ തിളങ്ങി. ജസ്‌പ്രീത് ബുമ്ര രണ്ട് വിക്കറ്റെടുത്തു. ഹാർദികിനും അർഷ്‌ദീപിനും ഓരോ വിക്കറ്റുണ്ട്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റെടുത്ത ഓപ്പണർമാരായ സഞ്‌ജു സാംസണും അഭിഷേക് ശർമയും 63 റണ്ണിന്റെ മികച്ച തുടക്കം നൽകി. ശുഭ്‌മാൻ ഗില്ലിന് പരിക്കേറ്റതിനാൽ പരമ്പരയിൽ ആദ്യമായി കളിക്കാൻ കിട്ടിയ അവസരം സഞ്‌ജു മുതലാക്കി. 21 പന്തിൽ ആറ് ഫോറും ഒരു സിക്‌സറും നേടിയ അഭിഷേക് 34 റണ്ണുമായി മടങ്ങി. ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ റൺ കണ്ടെത്തിയ രണ്ടാമത്തെ ഇന്ത്യൻ താരമായി അഭിഷേക്. ഇൗവർഷം 1602 റണ്ണാണ് സമ്പാദ്യം. വിരാട് കോഹ്‌ലിയുടെ പേരിൽ 2016ലെ 1614 റണ്ണാണ് റെക്കോഡ്.
22 പന്തിൽ 37 റണ്ണെടുത്ത സഞ്‌ജുവിനെ സ്‌പിന്നർ ജോർജ് ലിൻഡെ ബൗൾഡാക്കി. നാല് ഫോറും രണ്ട് സിക്‌സറുമടിച്ചാണ് പിൻവാങ്ങിയത്. സൂര്യകുമാർ യാദവ് ഏഴ് പന്തിൽ അഞ്ച് റണ്ണുമായി ബാറ്റ് താഴ്‌ത്തി. തിലകും ഹാർദികും ചേർന്ന് ആഫ്രിക്കൻ ബൗളർമാരെ കശാപ്പ് ചെയ്‌തു. 16 പന്തിൽ ഹാർദിക് അർധസെഞ്ചുറി പൂർത്തിയാക്കി. യുവരാരാജ് സിങ്ങിന്റെ റെക്കോഡ്(12 പന്തിൽ 50) മാത്രമാണ് മുന്നിൽ.
അവസാന ഓവറിലാണ് ഇരുവരും പുറത്തായത്. 25 പന്തിൽ 63 റണ്ണെടുത്ത ഹാർദിക് അഞ്ച് വീതം ഫോറും സിക്‌സറുമടിച്ചു. തിലക് 10 ഫോറും ഒരു സിക്‌സറും പറത്തി.
ആയിരം തികച്ച് സഞ്‌ജു
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ആയിരം റൺ തികച്ച് സഞ്‌ജു സാംസൺ. 52–ാം മത്സരത്തിനിറങ്ങിയ മുപ്പത്തൊന്നുകാരൻ 44 ഇന്നിങ്‌സിലാണ് ആയിരം റൺ പൂർത്തിയാക്കിയത്. മൂന്ന് വീതം സെഞ്ചുറിയും അർധസെഞ്ചുറിയുമാണ് കളി ജീവിതത്തിൽ. 111 റണ്ണാണ് മികച്ച സ്‌കോർ. ബാറ്റിങ് പ്രഹരശേഷി 148. ബാറ്റിങ് ശരാശരി 25.51.
2015ൽ സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം.ആകെ ട്വന്റി20 മത്സരങ്ങളിൽ 8000 റണ്ണും പൂർത്തിയാക്കി. 320 മത്സരങ്ങളിലാണ് നേട്ടം. 308 ഇന്നിങ്‌സുകൾ കളിച്ച വിക്കറ്റ് കീപ്പർ ആറ് സെഞ്ചുറിയും 51 അർധസെഞ്ചുറിയും കുറിച്ചു. 137 ആണ് ബാറ്റിങ് പ്രഹരശേഷി.
ലോകകപ്പ് ടീം ഇന്ന്
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ട്വന്റി20യിലും ഇതേ ടീം കളിക്കും. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ്. ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. സൂര്യകുമാർ യാദവ് ക്യാപ്‌റ്റനായി തുടരും. മലയാളി താരം സഞ്‌ജു സാംസൺ, വൈസ് ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ എന്നിവരും 15 അംഗ ടീമിന്റെ ഭാഗമാകും. അതേസമയം, സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ഫൈനലിൽ സെഞ്ചുറിയടിച്ച ജാർഖണ്ഡ് ക്യാപ്‌റ്റൻ ഇഷാൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, റിങ്കു സിങ് എന്നിവർ അവസരം കാത്തുനിൽക്കുകയാണ്.










0 comments