ക്വിന്റൺ ഡി കോക്ക് 46 പന്തിൽ 90 , തിലക് വർമ 34 പന്തിൽ 62
print edition ആഫ്രിക്കൻ സഫാരി ; ഇന്ത്യയുമായുള്ള അഞ്ച് മത്സര ട്വന്റി20 പരമ്പരയിൽ 1–1ന് ഒപ്പമെത്തി

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പുറത്തായി മടങ്ങുന്നത് ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ
മുല്ലൻപുർ(പഞ്ചാബ്)
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് 51 റൺ ജയം. ഇതോടെ പരമ്പര 1–1 സമനിലയായി. അർധസെഞ്ചുറിയുമായി(34 പന്തിൽ 62) തിലക് വർമ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. പേസ് ബൗളർമാരാണ് ആഫ്രിക്കൻ ജയമൊരുക്കിയത്. സെഞ്ചുറിക്ക് 10 റൺ അകലെ പുറത്തായ ഓപ്പണർ ക്വിന്റൺ ഡി കോക്കാണ് കളിയിലെ താരം. 46 പന്തിൽ ഏഴ് സിക്‌സറും അഞ്ച് ഫോറുമടക്കം 90 റണ്ണടിച്ചു.
സ്‌കോർ: ദക്ഷിണാഫ്രിക്ക 213/4, ഇന്ത്യ 162(19.1)
തുടർച്ചയായി രണ്ടാം ജയം ലക്ഷ്യമിട്ട ഇന്ത്യക്ക് ആദ്യ ഓവറിൽ ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ റണ്ണെടുക്കുംമുമ്പ് നഷ്‌ടമായി. അഭിഷേക് ശർമയും(17) സൂര്യകുമാർ യാദവും(5) മടങ്ങിയതോടെ നാലാം ഓവറിൽ 33/3 എന്ന സ്‌കോറിൽ പ്രതിസന്ധി നേരിട്ടു. ആദ്യ വിക്കറ്റ് വീണപ്പോൾ സ്ഥാനക്കയറ്റം കിട്ടി ഇറങ്ങിയ അക്‌സർ പട്ടേൽ 21 പന്തിൽ 21 റണ്ണെടുത്തു. ആദ്യ കളിയിലെ ഹീറോ ഹാർദിക് പാണ്ഡ്യ(20) പുറത്തായതോടെ ഇന്ത്യ പരാജയം മുന്നിൽ കണ്ടു.
അവസാന അഞ്ച് ഓവറിൽ തിലക് വർമയും ജിതേഷ് ശർമയും ക്രീസിലുള്ളപ്പോൾ ജയിക്കാൻ 91 റൺ വേണ്ടിയിരുന്നു. അത് പിന്നീട് മൂന്ന് ഓവറിൽ 72 ആയി. 17 പന്തിൽ 27 റണ്ണെടുത്ത ജിതേഷിനെ മടക്കി ആഫ്രിക്ക ജയം ഉറപ്പിച്ചു. അവസാന ഓവറിൽ തിലക് വർമ മടങ്ങിയതോടെ ഇന്ത്യൻ മറുപടി അവസാനിച്ചു. അഞ്ച് സിക്‌സറും രണ്ട് ഫോറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. നാല് ഓവറിൽ 24 റൺ വഴങ്ങി നാല് വിക്കറ്റെടുത്ത് പേസർ ഒട്ടനീൽ ബാർട്‌മാൻ തിളങ്ങി. പത്തൊമ്പതാം ഓവറിൽ മൂന്ന് വിക്കറ്റ് നേടി. മാർകോ യാൻസെൺ, ലുങ്കി എൻഗിഡി, ലുതോ സിംപാല എന്നിവർ രണ്ട് വിക്കറ്റ് വീതം കരസ്ഥമാക്കി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ പേസ് ബൗളർമാരെ തല്ലിച്ചതച്ചാണ് മികച്ച സ്‌കോറിലെത്തിയത്. ഓപ്പണർ റീസ ഹെൻഡ്രിക്‌സിനെ(8) അഞ്ചാം ഓവറിൽ നഷ്‌ടപ്പെട്ടെങ്കിലും ഡി കോക്ക് കത്തിക്കയറി. സ്‌പിന്നർ വരുൺ ചക്രവർത്തിയുടെ പന്തിൽ ഹെൻഡ്രിക്‌സ് ബൗൾഡായി. ക്യാപ്‌റ്റൻ എയ്‌ദൻ മാർക്രം മികച്ച ഷോട്ടുകളുമായി ഡി കോക്കിന് പിന്തുണ നൽകി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 83 റണ്ണെടുത്തു. വരുൺ ചക്രവർത്തിയാണ് മാർക്രത്തെയും വീഴ്‌ത്തിയത്. 26 പന്തിൽ 20 റണ്ണെടുക്കുന്നതിനിടെ രണ്ട് സിക്‌സറും ഒരു ഫോറും പായിച്ചു.
പതിനൊന്നാം ഓവറിൽ സ്‌കോർ 100 കടന്നു. അർഹതപ്പെട്ട സെഞ്ചുറിയിലേക്ക് കുതിച്ച ഡി കോക്കിനെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ മിടുക്കാണ് മടക്കിയത്. വരുൺ ചക്രവർത്തിയുടെ തിരിഞ്ഞുവന്ന പന്ത് അടിച്ചകറ്റിയ കോക്കിന്റെ കണക്കുകൂട്ടൽ പിഴച്ചു. പിറകിലേക്ക് വന്ന പന്ത് ഉയർന്നുപിടിച്ച് ജിതേഷ് വിക്കറ്റ് തകർക്കുമ്പോൾ ഡി കോക്ക് ക്രീസിന് പുറത്തായിരുന്നു. ഡെവാൾഡ് ബ്രെവിസിനെ (14) അക്‌സർ പട്ടേലിന്റെ പന്തിൽ തിലക് വർമ പിടികൂടി.
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഡൊണോവൻ ഫെരേരയും ഡേവിഡ് മില്ലറും ചേർന്ന് അവസാന ഓവറുകളിൽ തകർത്തടിച്ചു. അഞ്ച് ഓവറിൽ 53 റൺ പിറന്നു. മൂന്ന് സിക്‌സറും ഒരു ഫോറുമടിച്ച ഫെരേര 16 പന്തിൽ 30 റണ്ണെടുത്ത് പുറത്താകാതെനിന്നു. മില്ലർ 12 പന്തിൽ 20 റൺ നേടി.
ബൗളർമാരിൽ വരുൺ നാല് ഓവറിൽ 29 റൺ വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് നേടിയത്. അക്‌സർ മൂന്ന് ഓവറിൽ 27 റൺ നൽകി ഒരു വിക്കറ്റ് സ്വന്തമാക്കി. അർഷ്‌ദീപിനും ജസ്‌പ്രീത് ബുമ്രക്കും നല്ലോണം തല്ല് കിട്ടി. അർഷ്‌ദീപ് നാല് ഓവറിൽ വഴങ്ങിയത് 54 റൺ. ബുമ്ര 45 റൺ. ഹാർദിക് മൂന്ന് ഓവറിൽ 34 റൺ വിട്ടുകൊടുത്തെങ്കിലും വിക്കറ്റില്ല. കളിയിൽ ഇന്ത്യൻ ബൗളർമാർ എറിഞ്ഞത് 16 വൈഡാണ്. ട്വന്റി20യിൽ ഇതിനുമുമ്പ് 17 വൈഡ് എറിഞ്ഞതാണ് ഇന്ത്യയുടെ മോശം പ്രകടനം. അഞ്ച് മത്സരപരമ്പരയിലെ മൂന്നാമത്തെ കളി ഞായറാഴ്‌ച നടക്കും.










0 comments