ad
Deshabhimani

print edition ലോകകപ്പിലേക്ക്‌ തുടക്കം ; ഇന്ത്യ x ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 ഇന്ന്‌ കട്ടക്കിൽ

India South Africa Cricket

ഇന്ത്യയുടെ മലയാളി താരം സഞ്--ജു സാംസൺ (വലത്ത്) പരിശീലനത്തിനായി തയ്യാറെടുക്കുന്നു

വെബ് ഡെസ്ക്

Published on Dec 09, 2025, 01:55 AM | 2 min read


കട്ടക്ക്‌

അടുത്ത വർഷത്തെ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാനവട്ട ഒരുക്കം ഇന്ന്‌ തുടങ്ങുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള പരന്പരയിലെ ആദ്യ കളി ഇന്ന്‌ കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തിൽ രാത്രി ഏഴിന്‌ നടക്കും. അഞ്ച്‌ മത്സരമാണ്‌ പരന്പരയിൽ. ലോകകപ്പിന്‌ മുന്പ്‌ ആകെ പത്ത്‌ മത്സരങ്ങളാണ്‌ ഇന്ത്യക്കുള്ളത്‌. ശേഷിച്ച അഞ്ച്‌ കളി ജനുവരിയിൽ ന്യൂസിലൻഡിനെതിരെയാണ്‌. ഇ‍ൗ ടീം തന്നെയായിരിക്കും ലോകകപ്പിലും കളിക്കുകയെന്ന്‌ സെലക്ഷൻ സമിതി വ്യക്തമാക്കിയിരുന്നു.


ടീമിൽ സ്ഥാനമുറപ്പിക്കാൻ പോരാടുന്ന കളിക്കാർക്ക്‌ നിർണായകമാണ്‌ ഇ‍ൗ പരന്പര. ഫെബ്രുവരി–മാർച്ച്‌ മാസങ്ങളിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ്‌ ലോകകപ്പ്‌.

വൈസ്‌ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും ഓൾ റ‍ൗണ്ടർ ഹാർദിക്‌ പാണ്ഡ്യയും പരിക്കുമാറി തിരിച്ചെത്തുന്നതാണ്‌ പരന്പരയിലെ സവിശേഷത. ടെസ്‌റ്റ്‌ പരന്പരയ്‌ക്കിടെ കഴുത്തിന്‌ പരിക്കേറ്റ ഗിൽ ശേഷം ഒരു മത്സരത്തിലും ഇറങ്ങിയിരുന്നില്ല. സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയിൽ പന്തിലും ബാറ്റിലും തിളങ്ങിയാണ്‌ ഹാർദിക്‌ തിരികെയെത്തുന്നത്‌.

മലയാളി വിക്കറ്റ്‌ കീപ്പർ സഞ്‌ജു സാംസണ്‌ കളിക്കാൻ അവസരം കിട്ടുമോയെന്നത്‌ കാത്തിരുന്ന്‌ കാണണം. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരന്പരയിൽ ഒരു കളിയിൽ മാത്രമാണ്‌ കളിച്ചത്‌. ശേഷിച്ച മത്സരങ്ങളിൽ ജിതേഷ്‌ ശർമയ്‌ക്കായിരുന്നു സ്ഥാനം.


ഓപ്പണറായി ശോഭിക്കുന്ന സഞ്‌ജുവിന്‌ അഞ്ചാം നന്പറിൽ അതേ പ്രകടനം ആവർത്തിക്കാനാകുന്നില്ല. ഓപ്പണിങ്‌ നിരയിൽ മാറ്റമുണ്ടാകില്ലെന്ന്‌ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌ വ്യക്തമാക്കിയിരുന്നു. മികച്ച ഫോമിലുള്ള അഭിഷേക്‌ ശർമയ്‌ക്കൊപ്പം ഗിൽ ഇറങ്ങും. ട്വന്റി20യിൽ ഗില്ലിന്റെ പ്രകടനം ഇനിയും തെളിഞ്ഞിട്ടില്ല.


സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയിൽ തകർപ്പൻ പ്രകടനമായിരുന്നു സഞ്‌ജുവിന്റേത്‌. ആറ്‌ കളിയിൽ രണ്ട്‌ അർധസെഞ്ചുറി ഉൾപ്പെടെ 233 റൺ നേടി. 73 ആണ്‌ ഉയർന്ന സ്‌കോർ. അതേസമയം, ബറോഡയ്‌ക്കായി കളിക്കുന്ന ജിതേഷിന്റെ ആറ്‌ കളിയിലെ ഉയർന്ന സ്‌കോർ 41 ആണ്‌. എങ്കിലും ആദ്യ മത്സരത്തിൽ സഞ്‌ജുവിന്‌ പകരം ജിതേഷ്‌ ഇറങ്ങാനാണ്‌ സാധ്യത.


അഭിഷേകിന്റെ ബാറ്റിലാണ്‌ ഇന്ത്യയുടെ പ്രതീക്ഷ. മുഷ്‌താഖ്‌ അലിയിൽ ബംഗാളിനെതിരെ 52 പന്തിൽ 148 റണ്ണടിച്ച ഇടംകൈയൻ ആകെ 304 റണ്ണും നേടി. 249 ആണ്‌ ബാറ്റിങ്‌ പ്രഹരശേഷി. അതേസമയം, ക്യാപ്‌റ്റൻ സൂര്യകുമാറിന്‌ താളം കണ്ടെത്താനാകാത്തത്‌ ആശങ്കയാണ്‌.ബ‍ൗളർമാരിൽ ഹാർദിക്‌ തിരിച്ചെത്തുന്നതോടെ പേസ്‌ നിര സന്പൂർണമാകും. പ്രധാന പേസർ ജസ്‌പ്രീത്‌ ബുമ്രയമുണ്ട്‌.


കഴിഞ്ഞ വർഷം ലോകകപ്പ്‌ ഫൈനലിൽ ഇന്ത്യയോട്‌ തോറ്റശേഷം രണ്ടാമത്തെ മുഖാമുഖമാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക്‌. കഴിഞ്ഞ വർഷം നവംബറിൽ സ്വന്തം മണ്ണിൽ നടന്ന പരന്പരയിലും തോൽവിയായിരുന്നു. അവസാന അഞ്ച്‌ കളിയിൽ നാലും ഇന്ത്യ ജയിച്ചു. പരിക്കിനുശേഷം ആൻറിച്ച്‌ നോർത്യെ തിരിച്ചെത്തുന്നത്‌ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ കരുത്ത്‌ പകരും. എയ്‌ദൻ മാർക്രമാണ്‌ ക്യാപ്‌റ്റൻ.


ഇന്ത്യ സാധ്യതാ ടീം:

അഭിഷേക്‌ ശർമ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്‌, തിലക്‌ വർമ, ഹാർദിക്‌ പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ്‌ ശർമ, ജസ്‌പ്രീത്‌ ബുമ്ര, വരുൺ ചക്രവർത്തി, കുൽദീപ്‌ യാദവ്‌.


ദക്ഷിണാഫ്രിക്ക:

ക്വിന്റൺ ഡി കോക്ക്‌, എയ്‌ദൻ മാർക്രം, ടോണി ഡി സോർസി, ഡെവാൾഡ്‌ ബ്രെവിസ്‌, ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്‌, ഡേവിഡ്‌ മില്ലർ, മാർകോ യാൻസെൺ, കോർബിൻ ബോഷ്‌, കേശവ്‌ മഹാരാജ്‌, ലുൻഗി എൻഗിഡി, ആൻറിച്ച്‌ നോർത്യെ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home