ad
Deshabhimani

print edition ടോസ്‌ കനിയുമോ ; ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്‌

India South Africa Cricket

ഇന്ത്യൻ താരങ്ങളായ ഋതുരാജ് ഗെയ്കവാദും തിലക് വർമയും പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Dec 06, 2025, 04:05 AM | 2 min read


വിശാഖപട്ടണം

രണ്ട്‌ കാര്യങ്ങളിലാണ്‌ ഇന്ത്യക്ക്‌ ആശങ്ക. ഒന്ന്‌ ടോസ്‌, രണ്ടാമത്തേത്‌ മഞ്ഞുവീഴ്‌ച. ഏകദിന ക്രിക്കറ്റ്‌ പരന്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ന്‌ ദക്ഷിണാഫ്രിക്കയെ വിശാഖപട്ടണത്ത്‌ നേരിടാനിറങ്ങുന്പോൾ ഇന്ത്യയുടെ നില പരുങ്ങലിലാണ്‌. പരന്പര 1–1 എന്ന നിലയിലാണ്‌. തോറ്റാൽ ടെസ്‌റ്റിന്‌ പിന്നാലെ ഏകദിന പരന്പരയും നഷ്ടമാകും. സ്വന്തം തട്ടകത്തിൽ അപൂർവമായി മാത്രമാണ്‌ ഇങ്ങനെ സംഭവിച്ചിട്ടുള്ളത്‌. 1986–87ലായിരുന്നു അവസാനത്തേത്‌. അന്ന്‌ പാകിസ്ഥാനോട്‌ ടെസ്‌റ്റിൽ 1–0നും ഏകദിനത്തിൽ 5–1നും തോറ്റു.


കഴിഞ്ഞ 20 മത്സരങ്ങളിൽ ഇന്ത്യക്ക്‌ ടോസ്‌ കിട്ടിയിട്ടില്ല. ഇന്നും ടോസ്‌ നിർണായകമാണ്‌. മഞ്ഞുവീഴ്‌ച രണ്ടാമത്‌ പന്തെറിയുന്ന ടീമിനെ ബാധിക്കാൻ സാധ്യതയുണ്ട്‌. റായ്‌പുരിൽ നടന്ന രണ്ടാം മത്സരത്തിൽ 358 റണ്ണടിച്ചിട്ടും ഇന്ത്യക്ക്‌ ജയിക്കാനായില്ല. മഞ്ഞുവീഴ്‌ച ഒരു ഘടകമാണെങ്കിലും ബ‍ൗളർമാരുടെയും -ഫീൽഡർമാരുടെയും മോശം പ്രകടനമാണ്‌ പ്രധാന കാരണം. ആദ്യ ഏകദിനത്തിൽ കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു.


പേസർമാരായ പ്രസിദ്ധ്‌ കൃഷ്‌ണയും ഹർഷിത്‌ റാണയും റായ്‌പുരിൽ മങ്ങിപ്പോയി. രവീന്ദ്ര ജഡേജ, കുൽദീപ്‌ യാദവ്‌, വാഷിങ്‌ടൺ സുന്ദർ സ്‌പിൻ ത്രയത്തിനും സ്വാധീനമുണ്ടാക്കാനായില്ല. ബാറ്റിങ്‌ നിരയിലും പ്രശ്‌നമുണ്ടായി. അവസാന ഓവറുകളിലെ മെല്ലെപ്പോക്കാണ്‌ ബാധിക്കുന്നത്‌.


സൂപ്പർ താരം വിരാട്‌ കോഹ്‌ലിയാണ്‌ ശ്രദ്ധാകേന്ദ്രം. തുടർച്ചയായ മൂന്നാം സെഞ്ചുറി കുറിക്കാനുള്ള ഒരുക്കത്തിലാണ്‌ മുപ്പത്തേഴുകാരൻ. റാഞ്ചിയിലും റായ്‌പുരിലും മൂന്നക്കം കടന്ന കോഹ്‌ലിക്ക്‌ ഏകദിനത്തിൽ 53 സെഞ്ചുറികളായി. വിശാഖപട്ടണത്ത്‌ മികച്ച റെക്കോഡുണ്ട്‌. ഏകദിനത്തിൽ നാല്‌ സെഞ്ചുറിയും ടെസ്‌റ്റിൽ ഒരെണ്ണവും ഇ‍ൗ വേദിയിൽ നേടിയിട്ടുണ്ട്‌. ഏകദിനത്തിൽ 97.83 ആണ്‌ വിശാഖപട്ടണത്ത്‌ കോഹ്‌ലിയുടെ ബാറ്റിങ്‌ ശരാശരി. ഇതിനുമുന്പ്‌ ഒരു തവണ മുൻ ക്യാപ്‌റ്റൻ ഹാട്രിക്‌ സെഞ്ചുറി പൂർത്തിയാക്കിയുണ്ട്‌. രോഹിത്‌ ശർമ, കന്നി സെഞ്ചുറി നേടിയ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌, ക്യാപ്‌റ്റൻ കെ എൽ രാഹുൽ എന്നിവരും ബാറ്റിങ്‌ നിരയ്‌ക്ക്‌ കരുത്തുനൽകുന്നു. അതേസമയം, യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്‌ രണ്ട്‌ കളിയിലും തിളങ്ങാനായില്ല.

ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക്‌ സാധ്യതയില്ല.


മറുവശത്ത്‌, ഇന്ത്യൻ മണ്ണിൽ അപൂർവ നേട്ടം ലക്ഷ്യമിടുകയാണ്‌ ദക്ഷിണാഫ്രിക്ക. ടെസ്‌റ്റിന്‌ പിന്നാലെ ഏകദിന പരന്പരയും സ്വന്തമാക്കാനുള്ള ഒരുക്കം. ബാറ്റിങ്‌ നിരയാണ്‌ കരുത്ത്‌. എയ്‌ദൻ മാർക്രം, ക്യാപ്‌റ്റൻ ടെംബ ബവുമ, മാത്യു ബ്രീറ്റ്‌സ്‌കി, ഡെവാൾഡ്‌ ബ്രെവിസ്‌ എന്നിവർ ഇന്ത്യൻ ബ‍ൗളിങ്‌ നിരയ്‌ക്ക്‌ ഭീഷണിയാണ്‌.


ഇന്ത്യൻ ടീം:

യശസ്വി ജയ്‌സ്വാൾ, രോഹിത്‌ ശർമ, വിരാട്‌ കോഹ്‌ലി, ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌, കെ എൽ രാഹുൽ, വാഷിങ്‌ടൺ സുന്ദർ,‍ രവീന്ദ്ര ജഡേജ, ഹർഷിത്‌ റാണ, കുൽദീപ്‌ യാദവ്‌, അർഷ്‌ദീപ്‌ സിങ്‌, പ്രസിദ്ധ്‌ കൃഷ്‌ണ.


ദക്ഷിണാഫ്രിക്ക:

എയ്‌ദൻ മാർക്രം, ക്വിന്റൺ ഡി കോക്ക്‌, ടെംബ ബവുമ, മാത്യു ബ്രീറ്റ്‌സ്‌കി, റ്യാൻ റിക്കിൾടെൺ, ഡെവാൾഡ്‌ ബ്രെവിസ്‌, മാർകോ യാൻസെൺ‍, കോർബിൻ ബോഷ്‌, കേശവ്‌ മഹാരാജ്‌, ലുൻഗി എൻഗിഡി, ഒട്ട്‌നീൽ ബാർട്‌മാൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home