Deshabhimani

print edition പേസ്‌ പിച്ചിൽ ഒന്നാം അങ്കം

India Newzealand

ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചെൽ സാന്റ്നെറും (ഇടത്ത്) ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി

വെബ് ഡെസ്ക്

Published on Nov 04, 2026, 02:41 AM | 2 min read

ഓക്‌ലൻഡ്‌ : ലോകകപ്പ്‌ ക്രിക്കറ്റിനുള്ള ഒരുക്കം ഇന്ത്യ ആരംഭിക്കുന്നു. ന്യൂസിലൻഡുമായുള്ള ഏകദിന പരന്പരയിലെ ആദ്യ മത്സരമാണ്‌ ഇന്ന്‌. ഓക്‌ലൻഡിലെ ഏദെൻ പാർക്കാണ്‌ വേദി. ട്വന്റി20 മത്സരത്തിൽ ന്യൂസിലൻഡ്‌ 259 റണ്ണടിച്ചാണ്‌ പിച്ചാണിത്‌. പക്ഷേ, ഏകദിനത്തിലേക്കെത്തുന്പോൾ അതായിരിക്കില്ല അവസ്ഥ. പേസർമാർക്ക്‌ അനുകൂലമായിരിക്കുമെന്നാണ്‌ സൂചന. അവസാന രണ്ട്‌ മത്സരങ്ങളിൽ 150, 76 എന്നിങ്ങനെയായിരുന്നു രണ്ടാമത്‌ ബാറ്റ്‌ ചെയ്‌ത ടീമുകളുടെ സ്‌കോർ. പേസും ബ‍ൗൺസുമായിരിക്കും ബാറ്റർമാരെ വരവേൽക്കുക. അഞ്ച്‌ മത്സരങ്ങളാണ്‌ പരന്പരയിൽ. ഇതിൽ ആദ്യ മൂന്ന്‌ മത്സരങ്ങളിൽ പ്രധാന താരങ്ങളെല്ലാം ഇറങ്ങും. ടെസ്‌റ്റിനായുള്ള തയ്യാറെടുപ്പിന്‌ വേണ്ടി അവസാന രണ്ട് കളിയിൽ ഇരു ടീമുകളിലെയും പ്രധാന കളിക്കാരുണ്ടാകില്ല.


അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കമാണ്‌ ഇരു ടീമുകളുടെയും ലക്ഷ്യം. മുതിർന്ന താരങ്ങളായ വിരാട്‌ കോഹ്‌ലിയും രോഹിത്‌ ശർമയും ലോകകപ്പിനുള്ള ടീമിൽ ഇടമുറപ്പിക്കാനുള്ള ശ്രമത്തിലാണ്‌. ഇരുവരും സമീപകാലത്ത്‌ മികച്ച പ്രകടനങ്ങളുമായാണ്‌ മുന്നേറുന്നത്‌. ശുഭ്‌മാൻ ഗിൽ, ശ്രേയസ്‌ അയ്യർ, കെ എൽ രാഹുൽ തുടങ്ങി ബാറ്റിങ്‌ നിര ശക്തമാണ്‌ ഇന്ത്യയുടേത്‌. ഋതുരാജ് ഗെയ്‌ക്ക്‌വാദിന്‌ പകരം നാലാം നന്പറിൽ ശ്രേയസായിരിക്കും കളിക്കുക. ജസ്‌പ്രീത്‌ ബുമ്രയുടെയും ഹാർദിക്‌ പാണ്ഡ്യയുടെ അഭാവം ബ‍ൗളിങ്ങിൽ ഇന്ത്യയെ ബാധിക്കും. ഓൾ റ‍ൗണ്ടർ നിതീഷ്‌ കുമാർ റെഡ്ഡിക്ക്‌ കഴിവ്‌ തെളിയിക്കാനുള്ള വേദിയാണിത്‌. പേസർമാരിൽ മുഹമ്മദ്‌ സിറാജ്‌ മാത്രമാണ്‌ പരിചയ സന്പന്നൻ. സ്‌പിന്നർ കുൽദീപ്‌ യാദവിന്‌ അവസരം കിട്ടിയേക്കില്ല. കഴിഞ്ഞ ഏകദിന ലോകകപ്പ്‌ സെമിയിൽ ഇന്ത്യയോട്‌ തോറ്റാണ്‌ ന്യൂസിലൻഡ്‌ തോറ്റത്‌. പ്രധാന കളിക്കാരുടെ പരിക്കാണ്‌ കിവീസിനെ അലട്ടുന്നത്‌. പരിശീലനത്തിനിടെ കൂട്ടിയിടിച്ച്‌ പരിക്കേറ്റ്‌ ഡെവൺ കൊൺവെയും മാറ്റ്‌ ഹെൻറിയും കളിക്കാൻ സാധ്യതയില്ല. രചിൻ രവീന്ദ്രയും മാർക്‌ ചാപ്‌മാനും പരിക്കേറ്റ്‌ പുറത്തായി. മിച്ചെൽ സാന്റ്‌നെറാണ്‌ ക്യാപ്‌റ്റൻ.

ഇന്ത്യൻ സമയം രാവിലെ 7.30നാണ്‌ മത്സരം. ‌


ഇന്ത്യൻ ടീം: രോഹിത്‌ ശർമ, ശുഭ്‌മാൻ ഗിൽ, വിരാട്‌ കോഹ്‌ലി, ശ്രേയസ്‌ അയ്യർ, കെ എൽ രാഹുൽ, നമൻ ധിർ, നിതീഷ്‌ കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, ഗുർണൂർ ബ്രാർ, മുഹമ്മദ്‌ സിറാജ്‌, അർഷ്‌ദീപ്‌ സിങ്‌.

ന്യൂസിലൻഡ്‌: വിൽ യങ്‌, ടിം സീഫെർട്‌/ഹെൻറി നിക്കോൾസ്‌, ഡാരിൽ മിച്ചെൽ, ഗ്ലെൻ ഫിലിപ്‌സ്‌, ടോം ലാതം, മിച്ചേൽ ബ്രേസ്‌വെൽ, മിച്ചെൽ സാന്റ്‌നെർ, നതാൻ സ്‌മിത്ത്‌, കൈൽ ജാമിസൺ, മാറ്റ്‌ ഹെൻറി/ബ്ലെയർ ടിക്‌നെർ, ജേക്കബ്‌ ഡഫി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home