ad
Deshabhimani

print edition മുന്നിൽ 
ലോകകപ്പ്‌ ; ഇന്ത്യ–ന്യൂസിലൻഡ്‌ ആദ്യ ട്വന്റി20 ഇന്ന്‌

India New Zealand T20

ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Jan 21, 2026, 12:00 AM | 2 min read


നാഗ്‌പുർ

ലോകകപ്പ്‌ പടിവാതിലിൽ എത്തിനിൽക്കെ അവസാനവട്ട ഒരുക്കത്തിനായി ഇന്ത്യ. ന്യൂസിലൻഡുമായുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരന്പരയിലെ ആദ്യ മത്സരമാണ്‌ ഇന്ന്‌. നാഗ്‌പുരാണ്‌ വേദി. ലോകകപ്പിന്‌ മുന്പുള്ള അവസാന ട്വന്റി20 പരന്പരയാണ്‌ ഇരു ടീമുകൾക്കും. ആകെ അഞ്ച്‌ കളികളാണുള്ളത്‌. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ്‌ ലോകകപ്പ്‌. അതിനാൽ ഇരുടീമുകൾക്കും പരന്പര നിർണായകമാണ്‌.


ഇന്ത്യയുമായുള്ള ഏകദിന പരന്പര നേടിയ ന്യൂസിലൻഡ്‌ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. മറുവശത്ത്‌, സ്വന്തം തട്ടകത്തിൽ ടെസ്‌റ്റിലും ഏകദിനത്തിലും പരന്പര തോൽവി വഴങ്ങിയ പരിശീലകൻ ഗ‍ൗതം ഗംഭീറിന്‌ ട്വന്റി20യിലെ ഫലം നിർണായകമാകും. പ്രത്യേകിച്ചും ലോകകപ്പ്‌ മുന്നിലുള്ള സാഹചര്യത്തിൽ.


ഓപ്പണറായി മലയാളി താരം സഞ്‌ജു സാംസൺ കളിക്കുമെന്നാണ്‌ സൂചന. ഓപ്പണറായുള്ള സഞ്‌ജുവിന്റെ പ്രകടനം മികച്ചതായിരുന്നു. ലോകകപ്പിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം കൂടിയാണ്‌ മുപ്പത്തൊന്നുകാരന്‌. ദക്ഷിണാഫ്രിക്കയുമായുള്ള പരന്പരയിലെ അവസാന കളിയിൽ മികച്ച പ്രകടനം നടത്തിയാണ്‌ ലോകകപ്പ്‌ ടീമിൽ ഇടം ഉറപ്പാക്കിയത്‌. കിവികൾക്കെതിരെ തിളങ്ങിയാൽ ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നന്പർ വിക്കറ്റ്‌ കീപ്പർ സ്ഥാനം സഞ്‌ജുവിന്‌ സ്വന്തമാകും.


ടീമിലെ രണ്ടാം വിക്കറ്റ്‌ കീപ്പറും ഇടംകൈയനുമായ ഇഷാൻ കിഷനും ഇന്ന്‌ കളിക്കുമെന്നാണ്‌ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌ വ്യക്തമാക്കിയത്‌. പരിക്കേറ്റ തിലക്‌ വർമയ്‌ക്ക്‌ പകരം നാലാം നന്പറിലായിരിക്കും ഇഷാൻ കളിക്കുക. അതേസമയം, ശ്രേയസ്‌ അയ്യർ കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല.


ക്യാപ്‌റ്റൻ സൂര്യകുമാറിന്റെ മങ്ങിയ പ്രകടനം ആശങ്കയാകുന്നുണ്ട്‌. കളി ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ്‌ മുപ്പത്തഞ്ചുകാരൻ കടന്നുപോകുന്നത്‌. അവസാന 22 ഇന്നിങ്‌സിൽ ഒരു അർധസെഞ്ചുറി പോലുമില്ല. ബാറ്റിങ്‌ ശരാശരി 12.84 മാത്രം.

റിങ്കു സിങ്ങിന്റെ തിരിച്ചുവരവാണ്‌ മറ്റൊരു ശ്രദ്ധേയ കാര്യം. വാലറ്റത്ത്‌ അടിച്ചുതകർക്കുന്ന റിങ്കുവിന്‌ കളിക്കാൻ അവസരം കിട്ടുമോയെന്ന്‌ ഉറപ്പില്ല.


ബ‍ൗളർമാരിൽ ജസ്‌പ്രീത്‌ ബുമ്ര കളിക്കാനിറങ്ങുന്നത്‌ ഗുണം ചെയ്യും. ഓൾ റ‍ൗണ്ടർമാരായ അക്‌സർ പട്ടേലിന്റെയും ഹാർദിക്‌ പാണ്ഡ്യയുടെയും സാന്നിധ്യവും കരുത്ത്‌ പകരും.

ഒരു വർഷത്തിനിടെ ഇന്ത്യൻ മണ്ണിൽ ടെസ്‌റ്റ്‌, ഏകദിന പരന്പരകൾ സ്വന്തമാക്കിയ ന്യൂസിലൻഡ്‌ കുതിപ്പ്‌ തുടരാനുള്ള ഒരുക്കത്തിലാണ്‌. ഇന്ത്യൻ മണ്ണിൽ ഇതുവരെ ട്വന്റി20 പരന്പര നേടാനായിട്ടില്ല.


ക്യാപ്‌റ്റൻ മിച്ചെൽ സാന്റ്‌നെർ തിരിച്ചെത്തി. ഇരുപത്തിമൂന്നുകാരൻ ടിം റോബിൻസനാണ്‌ ശ്രദ്ധേയ താരം.ഇന്ത്യയിലെ ദൈർഘ്യമുള്ള ബ‍ൗണ്ടറികളുള്ള മൈതാനമാണ്‌ നാഗ്‌പുരിലേത്‌. അതിനാൽതന്നെ സ്‌പിന്നർമാർക്ക്‌ തെളിയാനാകും.


ഇന്ത്യൻ ടീം: അഭിഷേക്‌ ശർമ, സഞ്‌ജു സാംസൺ, സൂര്യകുമാർ യാദവ്‌, ഇഷാൻ കിഷൻ/ ശ്രേയസ്‌ അയ്യർ, ഹാർദിക്‌ പാണ്ഡ്യ, അക്‌സർ പട്ടേൽ, റിങ്കു സിങ്‌, ഹർഷിത്‌ റാണ/ശിവം ദുബെ, അർഷ്‌ദീപ്‌ സിങ്‌/കുൽദീപ്‌ യാദവ്‌, ജസ്‌പ്രീത്‌ ബുമ്ര, വരുൺ ചക്രവർത്തി.


ന്യൂസിലൻഡ്‌: റോബിൻസൺ, ഡെവൺ കോൺവെ, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചെൽ, ഗ്ലെൻ ഫിലിപ്‌സ്‌, മാർക്‌ ചാപ്‌മാൻ, ജയിംസ്‌ നീഷം, മിച്ചെൽ സാന്റ്‌നെർ, മാറ്റ്‌ ഹെൻറി, ഇഷ്‌ സോധി, ജേക്കബ്‌ ഡഫി.


ഇന്ത്യയിലേക്കില്ലെന്ന്‌ ബംഗ്ലാദേശ്‌

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരങ്ങൾ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന്‌ ബംഗ്ലാദേശ്‌. കളിക്കുന്ന കാര്യത്തിൽ ഇന്ന്‌ തീരുമാനമെടുക്കാൻ രാജ്യാന്തര ക്രിക്കറ്റ്‌ ക‍ൗൺസിൽ (ഐസിസി) ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‌ (ബിസിസിഐ) അന്ത്യശാസനം നൽകിയിരുന്നു. മറിച്ചാണെങ്കിൽ സ്‌കോട്‌ലൻഡിനെ കളിപ്പിക്കാനുള്ള നീക്കത്തിലാണ്‌ ഐസിസി. സുരക്ഷാ പ്രശ്‌നം കാരണം കളിക്കാനാകില്ലെന്നാണ്‌ ബംഗ്ലാദേശിന്റെ നിലപാട്‌. മത്സരങ്ങൾ ശ്രീലങ്കയിലേക്ക്‌ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home