ഇന്ത്യ–കിവീസ് ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം
print edition കോഹ്‌ലി, രോഹിത് കളം

ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും (ഇടത്ത്) വിരാട് കോഹ്ലിയും പരിശീലനത്തിനിടയിൽ
ഓക്‌ലൻഡ്: ട്വന്റി20 ക്രിക്കറ്റ് പരമ്പര കഴിഞ്ഞു. ന്യൂസിലൻഡുമായുള്ള അഞ്ച് മത്സര ഏകദിന പരന്പരയ്‌ക്ക് നാളെ തുടക്കമാകും. ഓക്‌ലൻഡിൽ നാളെ രാവിലെ 7.30നാണ് ആദ്യ ഏകദിനം. വിരാട് കോഹ്‌ലിയും രോഹിത് ശർമയും കളത്തിലിറങ്ങുന്നു എന്നതാണ് പരന്പരയിലെ സവിശേഷത. അതേസമയം, ന്യൂസിലൻഡിന് പരിക്കിന്റെ ആശങ്കയാണ്. പ്രധാന കളിക്കാരിൽ പലരും പിന്മാറി. ട്വന്റി20 പരന്പര ഇന്ത്യ 3–2ന് സ്വന്തമാക്കിയിരുന്നു.
വെസ്‌റ്റിൻഡീസിനെതിരായ പരന്പരയിൽ കോഹ്‌ലിയും രോഹിതും സെഞ്ചുറി നേടിയിരുന്നു. ഇന്ത്യൻ കുപ്പായത്തിൽ കഴിഞ്ഞ ആറ് കളിയിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയുമാണ് കോഹ്‌ലിക്ക്. ഏകദിന സെഞ്ചുറികളുടെ എണ്ണം 55 ആയി. ആകെ 86 ഉം.
മറുവശത്ത്, രോഹിത് വിൻഡീസിനെതിരെ അസാമാന്യ പ്രകടനം പുറത്തെടുത്തു. 32, 101, 92 എന്നിങ്ങനെയായിരുന്നു വിൻഡീസിനെതിരെ മുപ്പത്തൊന്പതുകാരന്റെ പ്രകടനം. അതിനുമുന്പ് ഇംഗ്ലണ്ടിനെതിരെയും സെഞ്ചുറി നേടിയിരുന്നു.
അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇരുവരുടെയും ഒരുക്കം. ലോകകപ്പ് ആകുന്പോഴേക്കും രോഹിതിന് വയസ് നാൽപ്പതാകും. കോഹ്‌ലി മുപ്പത്തൊന്പതിന് അരികെയെത്തും.
പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഇരുവരും ഇറങ്ങും.
ശുഭ്‌മാൻ ഗിൽ നയിക്കുന്ന ടീമിൽ ബാറ്റിങ് നിരയിലെ പ്രധാന താരങ്ങളെല്ലാം ഉൾപ്പെട്ടു. ഗില്ലും കെ എൽ രാഹുലും ആദ്യ മൂന്ന് മത്സരങ്ങളിൽ മാത്രമേ ഇറങ്ങുന്നുള്ളൂ. ടെസ്‌റ്റ് പരന്പരയ്‌ക്കുള്ള ഒരുക്കത്തിന് വേണ്ടിയാണ് പിന്മാറ്റം. അവസാന രണ്ട് കളിയിൽ ശ്രേയസ് അയ്യരാണ് ക്യാപ്‌റ്റൻ.
ബൗളിങ് നിരയാണ് ഇന്ത്യ ആശങ്ക നൽകുന്ന ഘടകം. ഗുർണൂർ ബ്രാർ, അൻഷുൽ കാംബോജ്, അക്വിബ് നബി, യാഷ് ഠാക്കൂർ എന്നിവരുൾപ്പെട്ട പേസ് നിര ആകെ 11 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. മുഹമ്മദ് സിറാജാണ് കൂട്ടത്തിലെ പരിചയ സന്പന്നൻ. 51 കളിയിൽ 77 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള സിറാജ് ആദ്യ മൂന്ന് മത്സരങ്ങളിൽ മാത്രമേ കളിക്കുകയുള്ളൂ. 18 മത്സരം കളിച്ച അർഷ്‌ദീപ് സിങ് ആണ് മറ്റൊരു പേസർ. സ്‌പിന്നർമാരിൽ കുൽദീപ് യാദവ് ഇന്ത്യ 124 മത്സരം കളിച്ചിട്ടുണ്ട്.
ന്യൂസിലൻഡിനെ ഓൾ റൗണ്ടർ മിച്ചെൽ സാന്റ്‌നെറാണ് നയിക്കുന്നത്. പരിക്ക് മാറാത്ത രചിൻ രവീന്ദ്രയും മാർക് ചാപ്‌മാനും പിന്മാറി. ന്യൂസിലൻഡും അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽമാറ്റം വരുത്തിയിട്ടുണ്ട്.
ആദ്യ മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: ശുഭ്‌മാൻ ഗിൽ (ക്യാപ്‌റ്റൻ), ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, നമൻ ധിർ, കെ എൽ രാഹുൽ, രോഹിത് ശർമ, അൻഷുൽ കാംബോജ്, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, അർഷ്‌ദീപ് സിങ്, അക്വിബ് നബി, ഗുർണൂർ ബ്രാർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.









0 comments