വെടിക്കെട്ടിന് ഗ്രീൻഫീൽഡ് ഒരുങ്ങി
print edition ഇന്ത്യ ന്യൂസിലൻഡ് അവസാന ട്വന്റി 20 ; ടീമുകൾ ഇന്നെത്തും

ഇന്ത്യ– ന്യൂസിലൻഡ് അവസാന ട്വന്റി20 മത്സരം നടക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അവസാനവട്ട ഒരുക്കം / ഫോട്ടോ: എ ആർ അരുൺ രാജ്
എസ് കിരൺബാബു
Published on Jan 29, 2026, 03:30 AM | 2 min read
തിരുവനന്തപുരം
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം ഒരുങ്ങി. കളി 31ന് രാത്രി ഏഴിനാണ്. ഇന്ത്യക്ക് ഫെബ്രുവരി ഏഴിന് തുടങ്ങുന്ന ലോകകപ്പിന് മുമ്പുള്ള അവസാന രാജ്യാന്തര മത്സരമാണ്. ഇത്തവണ ആരാധകരും ആവേശത്തിലാണ്. 28 മണിക്കൂറിനുള്ളിൽ മുഴുവൻ ടിക്കറ്റും വിറ്റുപോയി. സ്‌റ്റേഡിയത്തിൽ 40,000 പേർക്ക് മത്സരം കാണാനുള്ള സൗകര്യമുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസൺ കളിക്കുമെന്നാണ് പ്രതീക്ഷ.
ഉയർന്ന ഷോട്ടുകൾ പറക്കുന്ന രണ്ട് പിച്ചുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ക്യുറേറ്റർ എ എം ബിജു പറഞ്ഞു. തിരുവനന്തപുരത്തുനിന്നും വടകരയിൽ നിന്നും കളിമണ്ണ് കൊണ്ടുവന്ന് ഉണ്ടാക്കിയതാണ് ഒരു പിച്ച്. മറ്റൊന്ന് കർണാടകയിലെ മാണ്ഡ്യയിൽനിന്നുള്ള മണ്ണുകൊണ്ട് നിർമിച്ചു. ഡിസംബറിൽ ഇന്ത്യയും -ശ്രീലങ്കയും തമ്മിലുള്ള വനിതാ ട്വന്റി20 മത്സരങ്ങൾ നടന്നതും ഈ പിച്ചുകളിലാണ്.
നാല് രാജ്യാന്തര ട്വന്റി 20 മത്സരങ്ങളാണ് ഇവിടെ നടന്നത്. അതിൽ മൂന്നിലും ഇന്ത്യ ജയിച്ചു. ഒരു മത്സരത്തിൽ വെസ്‌റ്റിൻഡീസിനാണ് ജയം. 2017 നവംബർ ഏഴിന് ന്യൂസിലൻഡിനെതിരെ നടന്ന ട്വന്റി 20യിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. രണ്ട് ഏകദിനത്തിലും ഇന്ത്യക്കായിരുന്നു ജയം.
2023 ജനുവരിയിൽ ശ്രീലങ്കക്കെതിരെ ഇന്ത്യ 317 റണ്ണിന്റെ റെക്കോഡ് ജയം കുറിച്ചു. ഇരട്ട സെഞ്ചുറിയുമായി വിരാട് കോഹ്‍ലിയും ശുഭ്‌മാൻ ഗില്ലും കൂടി അടിച്ചുകൂട്ടിയത് 391 എന്ന കൂറ്റൻ സ്‌കോർ. മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയെ 22 ഓവറിൽ 73 റണ്ണിന് പുറത്താക്കി.
2018 നവംബർ ഒന്നിന് വെസ്‌റ്റിൻഡീസിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു. വെസ്റ്റ് ഇൻഡീസിന്റെ ഏറ്റവും കുറഞ്ഞ ഏകദിന സ്‌കോറും അന്നായിരുന്നു–31.5 ഓവറിൽ 104 റൺ.
ടീമുകൾ ഇന്നെത്തും
ഇന്ത്യ, -ന്യൂസിലൻഡ് ടീമുകൾ അവസാന മത്സരത്തിനായി ഇന്ന് തലസ്ഥാനത്തെത്തും.
വൈകിട്ട് അഞ്ച് മണിയോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിക്കും.
ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.










0 comments