ഇന്ത്യക്ക് 46 റൺ ജയം പരമ്പര 4–1ന് നേടി
print edition ലോകകപ്പിന് മുമ്പ് റൺ ബമ്പർ

സെഞ്ചുറി നേടിയപ്പോൾ ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷന്റെ ആഹ്ലാദം/ ഫോട്ടോ: എ ആർ അരുൺ രാജ്
എസ് കിരൺബാബു
Published on Feb 01, 2026, 12:00 AM | 2 min read
തിരുവനന്തപുരം
റണ്ണടിച്ച് ഇന്ത്യ ലോകകപ്പിന് ഒരുങ്ങി. ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ 46 റൺ ജയം. ഇതോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 4–1ന് സ്വന്തമാക്കി. തകർപ്പൻ സെഞ്ചുറിയുമായി കളം നിറഞ്ഞ ഇഷാൻ കിഷനാണ് ഹീറോ. 43 പന്തിൽ 103 റണ്ണെടുത്ത വിക്കറ്റ്‌കീപ്പർ 10 സിക്‌സറും ആറ് ഫോറും പറത്തി. ഇന്ത്യ 23 സിക്‌സറും 17 ഫോറുമടിച്ചാണ് കൂറ്റൻ സ്‌കോർ ഒരുക്കിയത്. അഞ്ച് വിക്കറ്റുമായി പേസ് ബൗളർ അർഷ്‌ദീപ് സിങും തിളങ്ങി.
സ്‌കോർ: ഇന്ത്യ 271/5, ന്യൂസിലൻഡ് 225 (19.4)
ടോസ് നേടി ബാറ്റെടുത്ത ഇന്ത്യ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ ഉയർന്ന ട്വന്റി-20 സ്‌കോറാണ് നേടിയത്. കിവീസിന്റെ മറുപടി രണ്ട് പന്ത് ശേഷിക്കെ 225ൽ അവസാനിച്ചു. 38 പന്തിൽ 80 റണ്ണെടുത്ത ഫിൻ അലെൻ മാത്രമാണ് പൊരുതിനോക്കിയത്. ഇന്ത്യക്കായി അർഷ്‌ദീപ് നാല് ഓവറിൽ 51 റൺ വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌തത്. അക്‌സർ പട്ടേലിന് മൂന്ന് വിക്കറ്റുണ്ട്. ഇരു ടീമുകളും ചേർന്ന‍് 36 സിക്-സർ പറത്തി. ആകെ 496 റണ്ണുമടിച്ചു.

അർധ സെഞ്ചുറിയുമായി നായകൻ സൂര്യകുമാർ യാദവും (30 പന്തിൽ 63) 17 പന്തിൽ 42 റണ്ണുമായി ഹാർദിക് പാണ്ഡ്യയും 16 പന്തിൽ 30 റണ്ണടിച്ച് അഭിഷേക് ശർമയും ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചു. ഇഷാനും സൂര്യകുമാറും ചേർന്നെടുത്ത 137 റൺ വിജയത്തിന് അടിത്തറയായി. സഞ്ജു സാംസൺ(6) മാത്രമാണ് നിരാശപ്പെടുത്തിയത്. റിങ്കു സിങും(8) ശിവം ദുബെയും(7) പുറത്താകാതെനിന്നു.
അഭിഷേകിനൊപ്പം ഓപ്പണറായ സഞ്‌ജു തപ്പിത്തടഞ്ഞാണ് തുടങ്ങിയത്. ആത്മവിശ്വാസമില്ലാതെ ബാറ്റ് വീശി സഞ്‌ജു മൂന്നാം ഓവറിൽ വീണു. നാല് ഫോറും രണ്ട് സിക്‌സറും കീശയിലാക്കിയാണ് അഭിഷേക് മടങ്ങിയത്. അഞ്ച് ഓവറിൽ 48/2 എന്ന നിലയിലായിരുന്ന ഇന്ത്യയെ ഇഷാനും സൂര്യയും ചേർന്ന് കരകയറ്റി. സൂര്യകുമാർ പരമ്പരയിലെ മൂന്നാം അർധസെഞ്ചുറി നേടി. ആറ് സിക്‌സറും നാല് ഫോറുമുണ്ടായിരുന്നു.
ഹാർദിക് പാണ്ഡ്യയെ കൂട്ടി ഇഷാൻ സ്‌കോർ 200 കടത്തി. 28 പന്തിൽ അർധസെഞ്ചുറി നേടിയ ഇഷാന് സെഞ്ചുറിയിലെത്താൻ വേണ്ടിവന്നത് 42 പന്തുകളാണ്. ഹാർദിക് നാല് സിക്‌സറും ഒരു -േഫാറും പറത്തി. അവസാന അഞ്ച് ഓവറിൽ ഇന്ത്യ 83 റണ്ണടിച്ചുകൂട്ടി. ഇഷ് സോധി എറിഞ്ഞ 12–ാം ഓവറിൽ പിറന്നത് 29 റൺ.










0 comments