print edition മിന്നൽ പരമ്പര ; ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

അർധസെഞ്ചുറി പൂർത്തിയാക്കിയ അഭിഷേക് ശർമയുടെ ആഹ്ലാദം
ഗുവാഹത്തി
മിന്നൽ പോലൊരു വിജയവും പരമ്പരയും. ന്യൂസിലൻഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കി. മൂന്നാമത്തെ മത്സരം എട്ട് വിക്കറ്റിന് ജയിച്ചു. ജയിക്കാൻ വേണ്ട 154 റൺ 10 ഓവറിൽ അടിച്ചെടുത്ത് ലോകകപ്പ് ഒരുക്കം ഗംഭീരമാക്കി. 20 പന്തിൽ 68 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണർ അഭിഷേക് ശർമയാണ് വെടിക്കെട്ടിന് തീ കൊളുത്തിയത്. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും (26 പന്തിൽ 57*) ഇഷാൻ കിഷനും(13 പന്തിൽ 28) വിജയം എളുപ്പമാക്കി.
സ്‌കോർ: ന്യൂസിലൻഡ് 153/9, ഇന്ത്യ 155/2(10)
ഓപ്പണറായി എത്തി ആദ്യ പന്തിൽ ബൗൾഡായ സഞ്‌ജു സാംസൺ ഗുവാഹത്തി ബർസാപര സ്‌റ്റേഡിയത്തെ നടുക്കിയശേഷമാണ് ബാറ്റർമാരുടെ മാസ്‌മരിക പ്രകടനം. രണ്ട് കളി ശേഷിക്കെ തുടർച്ചയായി ഒമ്പതാം പരമ്പരയാണ് ഇന്ത്യ നേടുന്നത്. 60 പന്ത് ശേഷിക്കെയാണ് വിജയം.
14 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ അഭിഷേക് ഏഴ് ഫോറും അഞ്ച് സിക്‌സറുമടിച്ചു. യുവ്‌രാജ് സിങ്ങിനുശേഷം (12 പന്തിൽ 50) ഇന്ത്യക്കാരന്റെ വേഗമേറിയ അർധസെഞ്ചുറിയാണ്. സഞ്‌ജു പുറത്തായശേഷമെത്തിയ ഇഷാൻ കിഷൻ മൂന്ന് ഫോറും രണ്ട് സിക്‌സറും പറത്തി. പവർപ്ലേയിൽ ഇന്ത്യ 94/2 സ്‌കോറിലേക്ക് കുതിച്ചു. 19 പന്തിൽ ഇന്ത്യൻ സ്‌കോർ 50 ആയി. അഭിഷേകും ഇഷാനും ചേർന്ന് രണ്ടാം വിക്കറ്റിൽ 19 പന്തിൽ 53 റണ്ണുമായി അടിത്തറയിട്ടു. അഭിഷേകിനൊപ്പം ചേർന്ന സൂര്യകുമാർ തുടർച്ചയായി രണ്ടാം സെഞ്ചുറി കണ്ടെത്തി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 40 പന്തിൽ പുറത്താകാതെ 102 റണ്ണിന്റെ വിജയക്കൂട്ട് ഒരുക്കി. സൂര്യകുമാർ ആറ് ഫോറും മൂന്ന് സിക്‌സറുമടിച്ചു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ന്യൂസിലൻഡിനായി ഗ്ലെൻ ഫിലിപ്‌സും(48) മാർക് ചാപ്‌മാനുമാണ്(32) സ്‌കോർ 150 കടത്തിയത്.
ഇന്ത്യക്കായി നാല് ഓവറിൽ 17 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്‌പ്രീത് ബുമ്രയാണ് ‘മാൻ ഓഫ് ദി മാച്ച്’. ഹാർദിക് പാണ്ഡ്യക്കും രവി ബിഷ്‌ണോയിക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. ഹർഷിത് റാണക്കാണ് ഒരു വിക്കറ്റ്. രണ്ട് ക്യാച്ചെടുത്ത ഇഷാൻ ഒരു റണ്ണൗട്ടിലും പങ്കാളിയായി. നാലാമത്തെ മത്സരം 28ന് വിശാഖപട്ടണത്തും അവസാനത്തേത് 31ന് തിരുവനന്തപുരത്തും നടക്കും.










0 comments