ad
Deshabhimani

അവസാന മത്സരത്തിൽ 
41 റൺ ജയം , മിച്ചെലിനും (137) ഫിലിപ്‌സിനും (106) സെഞ്ചുറി , കോഹ്‌ലിയുടെ (124) സെഞ്ചുറി പാഴായി

print edition ഒടുവിൽ കിവികൾ ; ഇന്ത്യയിൽ ആദ്യമായി ന്യൂസിലൻഡിന്‌ ഏകദിന പരമ്പര

India New Zealand Cricket

ഇന്ത്യക്കെതിരെ സെഞ്ചുറി തികച്ച ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചെലിന്റെ ആഹ്ലാദം

വെബ് ഡെസ്ക്

Published on Jan 19, 2026, 01:00 AM | 3 min read

ഇൻഡോർ

ഒടുവിൽ സ്വന്തം മണ്ണിൽ ഇന്ത്യ കീഴടങ്ങി. ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ്‌ ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി(2–1). അവസാന മത്സരത്തിൽ 41 റണ്ണിനാണ്‌ ജയം. 1988 മുതൽ ഏഴ്‌ തവണ ഇന്ത്യയിലെത്തിയപ്പോഴും തോറ്റ്‌ മടങ്ങിയതാണ്‌. ഇൻഡോറിൽ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ അടിച്ചുകൂട്ടിയ 337 റൺ വിജയത്തിൽ നിർണായകമായി. ഇന്ത്യയുടെ മറുപടി 296ൽ അവസാനിച്ചു.


സ്‌കോർ: ന്യൂസിലൻഡ്‌ 337/8, ഇന്ത്യ 296(46)


ഡാരിൽ മിച്ചെലും(131 പന്തിൽ 137) ഗ്ലെൻ ഫിലിപ്‌സും(88 പന്തിൽ 106) പടുത്തുയർത്തിയ സെഞ്ചുറിക്കോട്ടയ്‌ക്ക്‌ മുന്നിൽ ഇന്ത്യ തലകുനിച്ചു. വിരാട്‌ കോഹ്‌ലിയുടെ സെഞ്ചുറിബാറ്റ്‌ ഒരിക്കൽകൂടി റണ്ണൊഴുക്കിയെങ്കിലും(108 പന്തിൽ 124) ലക്ഷ്യം കാണാനായില്ല. അതിനിടെ കന്നി അർധസെഞ്ചുറിയുമായി പേസ്‌ ബ‍ൗളർ ഹർഷിത്‌ റാണ(52) സ്‌റ്റേഡിയത്തെ ഇളക്കിമറിച്ചു.


കൂറ്റൻ സ്‌കോർ കണ്ടിട്ടും പതറാതെ ബാറ്റ്‌ വീശിയ ഓപ്പണർമാരായ രോഹിത്‌ ശർമക്കും(11) ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിനും(23) പക്ഷേ, മികച്ച അടിത്തറയൊരുക്കാനായില്ല. ശ്രേയസ്‌ അയ്യരും(3) കെഎൽ രാഹുലും (1) മടങ്ങിയതോടെ ഇന്ത്യ പതിമൂന്നാം ഓവറിൽ 71/4 എന്ന നിലയിൽ പരിഭ്രാന്തരായി. കോഹ്‌ലിയും നിതീഷ്‌ കുമാർ റെഡ്ഡിയും ചേർന്ന്‌ രക്ഷാപ്രവർത്തനം നടത്തി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന്‌ 88 റണ്ണടിച്ചു. 57 പന്തിൽ 53 റണ്ണുമായി മടങ്ങിയ നിതീഷ്‌ രണ്ട്‌ വീതം ഫോറും സിക്‌സറുമടിച്ചു. രവീന്ദ്ര ജഡേജക്ക്‌ (12) കോഹ്‌ലിയെ പിന്തുണക്കാനായില്ല. എട്ടാമനായി ഇറങ്ങിയ ഹർഷിത്‌ റാണയിൽ കോഹ്‌ലി നല്ല കൂട്ടാളിയെ കണ്ടു. മികച്ച ഷോട്ടുകളുമായി പേസ്‌ ബ‍ൗളർ കളം നിറഞ്ഞു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 99 റൺ വിജയപ്രതീക്ഷ നൽകി.


കോഹ്‌ലി 91 പന്തിൽ 54–ാം സെഞ്ചുറി കണ്ടെത്തി. അവസാന 10 ഓവറിൽ നാല്‌ വിക്കറ്റ്‌ ശേഷിക്കെ ജയിക്കാൻ 108 റൺ വേണ്ടിയിരുന്നു. ക്രിക്കറ്റ്‌ ജീവിതത്തിലെ അവിശ്വസനീയ ഇന്നിങ്സ്‌ കാഴ്‌ചവെച്ച ഹർഷിത്‌റാണ ആദ്യ അർധസെഞ്ചുറി നേടി. 43 പന്തിൽ 52 റണ്ണെടുത്ത്‌ മടങ്ങിയതോടെ ഇന്ത്യ പരാജയം മുന്നിൽ കണ്ടു. നാല്‌ വീതം ഫോറും സിക്‌സറും പറത്തി ഹർഷിത്‌ സ്‌റ്റേഡിയത്തെ ത്രസിപ്പിച്ചു. 46–ാം ഓവറിൽ കോഹ്‌ലിയെ വീഴ്‌ത്തി കിവീസ്‌ കളിയും പരമ്പരയും പിടിച്ചു. അപ്പോൾ ഇന്ത്യക്ക്‌ ജയിക്കാൻ 46 റൺ വേണ്ടിയിരുന്നു. കോഹ്‌ലി 10 ഫോറും മൂന്ന്‌ സിക്‌സറും കണ്ടെത്തി. കുൽദീപ്‌ യാദവിനെ (5) റണ്ണ‍ൗട്ടാക്കി ന്യൂസിലൻഡ്‌ ഐതിഹാസിക ജയം കുറിച്ചു. സകാരി ഫോക്‌സും ക്രിസ്‌റ്റ്യൻ ക്ലാർക്കും മൂന്ന്‌ വിക്കറ്റ്‌ വീതം നേടി.


ടോസ്‌ നേടി പന്തെറിയാനുള്ള ക്യാപ്‌റ്റന്റെ തീരുമാനം ശരിവെയ്‌ക്കുന്ന രീതിയിലായിരുന്നു ഇന്ത്യൻ ബ‍ൗളിങ്‌. ഏഴ്‌ പന്തിൽ കിവീസിന്റെ രണ്ട്‌ ഓപ്പണർമാരും മടങ്ങി. ഹെൻറി നിക്കോൾസിനെ റണ്ണെടുക്കുംമുമ്പ്‌ അർഷ്‌ദീപ്‌ സിങ് ബ‍ൗൾഡാക്കി. അഞ്ച്‌ റണ്ണെടുത്ത ഡെവൻ കോൺവെ ഹർഷിത്‌ റാണയുടെ പന്തിൽ രോഹിത്‌ ശർമ പിടിച്ച്‌ പുറത്തായി. 30 റണ്ണുമായി വിൽ യങും മടങ്ങിയതോടെ പതിമൂന്നാം ഓവറിൽ 58/3 എന്ന സ്‌കോറിലേക്ക്‌ കിവീസ്‌ പരുങ്ങി. പിന്നീടാണ്‌ മിച്ചെലും ഫിലിപ്‌സും ചേർന്ന്‌ നിർണായക കൂട്ടുകെട്ടൊരുക്കിയത്‌. നാലാം വിക്കറ്റിൽ നേടിയ 219 റൺ മികച്ച സ്‌കോറിന്‌ വഴിയൊരുക്കി. 131 പന്തിൽ 15 ഫോറും മൂന്ന്‌ സിക്‌സറും പറത്തിയ മിച്ചെൽ ഒമ്പതാം സെഞ്ചുറി കണ്ടെത്തി. ഫിലിപ്‌സിന്റേത്‌ രണ്ടാം സെഞ്ചുറിയാണ്‌. ഒമ്പത്‌ ഫോറും മൂന്ന്‌ സിക്‌സറും അതിൽ ഉൾപ്പെട്ടു.


മിച്ചെലിനെ മുഹമ്മദ്‌ സിറാജിന്റെ പന്തിൽ കുൽദീപ്‌ യാദവ്‌ പിടികൂടി. ഫിലിപ്‌സിനെ അർഷ്‌ദീപിന്റെ പന്തിൽ കെ എൽ രാഹുൽ ക്യാച്ചെടുത്തു.


പോരിൽ മിച്ചെൽ

ഇന്ത്യക്കെതിരെ തകർപ്പൻ പ്രകടനം തുടർന്ന്‌ ഡാരിൽ മിച്ചെൽ. അവസാന ഏഴ്‌ ഏകദിനത്തിൽ നാല്‌ സെഞ്ചുറി ഉൾപ്പെടെ 696 റണ്ണാണ്‌ അടിച്ച്‌ കൂട്ടിയത്‌. 130, 134, 17, 63, 84, 131*, 137 എന്നിങ്ങനെയാണ്‌ സ്‌കോർ. ഇ‍ൗ പരമ്പരയിൽ രണ്ട്‌ സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 352 റണ്ണാണ്‌ മുപ്പത്തിനാലുകാരന്‌. അവസാന ഏകദിനത്തിലെയും പരമ്പരയിലെയും താരമായി. 59 ഏകദിനത്തിൽ ആകെ ഒമ്പത്‌ സെഞ്ചുറികളുമായി.


ഏഴ്‌ തവണയും 
ഇന്ത്യൻ ജയം

1988–89: ഇന്ത്യ 4–0

1995–96: ഇന്ത്യ 3–2

1999–2000: ഇന്ത്യ 3–2

2010–2011: ഇന്ത്യ 5–0

2016–2017: ഇന്ത്യ 3–2

2017–2018: ഇന്ത്യ 2–1

2022–2023: ഇന്ത്യ 3–0


സ്‌കോർ ചുരുക്കത്തിൽ


ന്യൂസിലൻഡ്‌ 337/8

ഡാരിൽ മിച്ചെൽ 137(131)

ഗ്ലെൻ ഫിലിപ്‌സ്‌ 106(88)

മൈക്കൽ ബ്രേസ്‌വെൽ 28*(18)

വിൽ യങ് 30(41)


ഇന്ത്യ ബ‍ൗളിങ്

അർഷ്‌ദീപ്‌ 10–1–63–3

ഹർഷിത്‌ റാണ 10–0–84–3

മുഹമ്മദ്‌ സിറാജ്‌ 10–0–43–1

കുൽദീപ്‌ 6–0–48–1


ഇന്ത്യ 296 (46)

വിരാട്‌ കോഹ്‌ലി 124(108)

നിതീഷ്‌ കുമാർ 53(57)

ഹർഷിത്‌ റാണ 52(43)

ശുഭ്‌മാൻ ഗിൽ 23(18)

രോഹിത്‌ ശർമ 11(13)

ശ്രേയസ്‌ അയ്യർ 3(10)

കെ എൽ രാഹുൽ 1(6)


ന്യൂസിലൻഡ്‌ ബ‍ൗളിങ്

സകാരി ഫോക്‌സ്‌ 9–0–77–3

ക്രിസ്‌റ്റ്യൻ ക്ലാർക്ക്‌ 9–0–54–3

ലെനോക്‌സ്‌ 10–0–42–2





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home