print edition ഇഷാൻ മിഷൻ ; ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

സിക്സർ പറത്തുന്ന ഇഷാൻ കിഷൻ
റായ്‌പുർ
ഇഷാൻ കിഷന്റെ വെടിക്കെട്ടിൽ കിവീസ് കത്തിച്ചാമ്പലായി. ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ 28 പന്ത് ശേഷിക്കെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. 32 പന്തിൽ 76 റണ്ണടിച്ച ഇഷാൻ 11 ഫോറും നാല് സിക്‌സറുമടിച്ചു. ഫോം വീണ്ടെടുത്ത ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർധസെഞ്ചുറിയുമായി തിളങ്ങി. 37 പന്തിൽ പുറത്താകാതെ 82 റൺ. അതിൽ ഒമ്പത് ഫോറും നാല് സിക്‌സറും. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 48 പന്തിൽ 122 റണ്ണടിച്ചുകൂട്ടിയതോടെ ന്യൂസിലൻഡ് കളിവിട്ടു. പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ 100–ാം മത്സരമായിരുന്നു.
സ്‌കോർ: ന്യൂസിലൻഡ് 208/6, ഇന്ത്യ 209/3(15.2)
ഇഷാനും സൂര്യകുമാറും ചേർന്ന് നടത്തിയ കടന്നാക്രമണത്തിൽ കിവീസ് ബൗളർമാർ തകർന്നുപോയി. പേസർ സകാരി ഫൗൾക്‌സിനെ പൊരിച്ചെടുത്തെന്ന് പറയാം. ആദ്യ ഓവറിൽ 24 റൺ. രണ്ടാമത്തേതിൽ 25. ആകെ മൂന്ന് ഓവറിൽ വഴങ്ങിയത് 67 റൺ. മാറ്റ് ഹെൻറിയുടെ ഒരോവറിൽ പിറന്നത് 21 റൺ. സൂര്യകുമാർ 23 ഇന്നിങ്സിനുശേഷം ആദ്യമായി 50 കടന്നു. 23 പന്തിലാണ് ഇൗ നേട്ടം. ശിവം ദുബെ (18 പന്തിൽ 36)ക്യാപ്‌റ്റനൊപ്പം വിജയത്തിൽ പങ്കാളിയായി.
തുടർച്ചയായി രണ്ടാം മത്സരത്തിലും മലയാളി ഓപ്പണർ സഞ്‌ജു സാംസൺ പരാജയപ്പെട്ടു. അഞ്ച് പന്തിൽ ഒരു സിക്‌സർ മാത്രം. അതാകട്ടെ ഫീൽഡറുടെ കൈകളിലൂടെ ചോർന്ന് പോയതായിരുന്നു. സഹഓപ്പണറായ മിന്നലടിക്കാരൻ അഭിഷേക് ശർമ ആദ്യ പന്തിൽ പുറത്തായി. ഏഴ് പന്തിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ആറ് റണ്ണുമായി പ്രതിസന്ധിയിലായ ഇന്ത്യയെ ഇഷാൻ കിഷൻ ഒറ്റയ്‌ക്ക് കരകയറ്റി. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിന് തുടക്കത്തിൽ കാഴ്‌ചക്കാരന്റെ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. 21 പന്തിൽ അർധസെഞ്ചുറി കടന്ന ഇഷാൻ പുറത്തായശേഷമാണ് സൂര്യകുമാർ പതിവ് ഫോമിലേക്കുയർന്നത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റെടുത്ത കിവീസിനായി ക്യാപ്‌റ്റൻ മിച്ചെൽ സാന്റ്‌നെറും(44) സകാരി ഫൗൾക്‌സും(15) ഏഴാം വിക്കറ്റിൽ പുറത്താകാതെ 47 റൺ നേടി. സാന്റ്‌നെർ ആറ് ഫോറും ഒരു സിക്‌സറുമടിച്ചു. രചിൻ രവീന്ദ്രയുടെ സംഭാവന 26 പന്തിൽ 44 റണ്ണാണ്. അതിൽ നാല് സിക്‌സറും രണ്ട് ഫോറും ഉൾപ്പെട്ടു. ഡെവൻ കോൺവെ(19), ടിം സീഫെർട്ട്(24), ഗ്ലെൻ ഫിലിപ്‌സ്(19) ഡാരിൽ മിച്ചെൽ(18), മാർക് ചാപ്‌മാൻ(10) എന്നിവരും പുറത്തായി.
ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു. അക്‌സർ പട്ടേലിന് പകരമാണ് ടീമിലെത്തിയത്. ജസ്‌പ്രീത് ബുമ്രക്ക് പകരമെത്തിയ ഹർഷിത് റാണ, ശിവം ദുബെ, വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.
ട്വന്റി20യിൽ ഉയർന്ന സ്-കോർ പിന്തുടർന്ന് ഇന്ത്യ നേടുന്ന വലിയ ജയമാണിത്. കൂടുതൽ പന്ത് ബാക്കിയാക്കിയുള്ള വിജയം കൂടിയാണിത്. 2023ൽ ഓസ്ട്രേലിയക്കെതിരെയും ഇതേ സ്-കോർ പിന്തുടർന്ന് ജയിച്ചിരുന്നു.
ഇഷാൻ കിഷനാണ് മാൻ ഓ-ഫ് ദി മാച്ച്.
അഞ്ച് മത്സരപരമ്പരയിലെ മൂന്നാമത്തെ മത്സരം നാളെ ഗുവാഹത്തിയിലാണ്.










0 comments