ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; 500 കടന്നു

കൊളംബോ: മഴയിലും ഇന്ത്യൻ സ്‌കോർ 500 കടന്നു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 503 റണ്ണിന് ഡിക്ലയർ ചെയ്‌തു. ദേവ്‌ദത്ത് പടിക്കലിനു പിന്നാലെ വിക്കറ്റ്‌കീപ്പർ ധ്രുവ് ജുറെലും സെഞ്ചുറി നേടി. ഏഴാമനായി ഇറങ്ങി 177 പന്തിൽ 115 റണ്ണുമായി പുറത്താകാതെനിന്നു. ഒമ്പത് ഫോറും രണ്ട് സിക്‌സറും നിറഞ്ഞ ഇന്നിങ്സ്. ഇരുപത്തഞ്ചുകാരന്റെ രണ്ടാം ടെസ്‌റ്റ് സെഞ്ചുറിയാണ്. വിക്കറ്റ്‌കീപ്പർ ഋഷഭ് പന്ത് അർധസെഞ്ചറിയുമായി (89 പന്തിൽ 63) പിന്തുണച്ചു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ലങ്ക മൂന്ന് ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ എട്ട് റണ്ണെടുത്തിട്ടുണ്ട്. സ്‌കോർ: ഇന്ത്യ 503/9, ശ്രീലങ്ക 8/2.
രണ്ടാം ദിവസം കളി തുടങ്ങുമ്പോൾ ഇന്ത്യൻ സ്‌കോർ 300/5 ആയിരുന്നു. ജുറെലും (7) സരാൻഷ് ജെയ്‌നുമായിരുന്നു(4) ക്രീസിൽ. രണ്ടാം ഓവറിൽ സരാൻഷ് (6) മടങ്ങി. രണ്ട് റണ്ണാണ് കൂട്ടിച്ചേർക്കാനായത്. അസിത ഫെർണാണ്ടോയുടെ പന്തിൽ കാമിൽ മിഷറ പിടികൂടി. തലേദിവസം കൈത്തണ്ടയിൽ പരിക്കേറ്റ് കളം വിട്ട വിക്കറ്റ്‌കീപ്പർ ഋഷഭ് പന്ത് ക്രീസിലെത്തി. മഴ ഒളിച്ചുകളിച്ചെങ്കിലും വിക്കറ്റ്‌കീപ്പർമാർ ഇന്നിങ്സ് പാളം തെറ്റാതെ കൊണ്ടുപോയി.
ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 112 റണ്ണടിച്ചു. ഋഷഭ് പന്ത് ആറ് ഫോറും രണ്ട് സിക്‌സറുമടിച്ച് സ്‌കോർ ഉയർത്തി. കേശര നുവാന്തയുടെ പന്തിൽ ലഹിരു ഉദാര പിടികൂടി. വാലറ്റക്കാരായ മാനവ് സുത്താറും മുഹമ്മദ് സിറാജും ലങ്കൻ പന്തുകൾ പ്രതിരോധിച്ച് ജുറെലിന് പിന്തുണ നൽകി. സുത്താർ 51 പന്തിൽ 18 റണ്ണെടുത്തു. മുഹമ്മദ് സിറാജ് എടുത്തത് മൂന്ന് റണ്ണാണെങ്കിലും 29 പന്ത് നേരിട്ടു. ജുറെലിന്റെ സെഞ്ചുറിനേട്ടത്തിൽ പങ്കാളിയായി. 99ൽ നിൽക്കെ 13 പന്ത് നേരിട്ടാണ് ജുറെൽ 100ൽ എത്തിയത്. ദുഷ്‌കരമായ റൺ ഓടിയെടുത്താണ് സെഞ്ചുറി. റണ്ണൗട്ടിൽനിന്നും കഷ്‌ടിച്ച് രക്ഷപ്പെടുകയായിരുന്നു.
സ്‌കോർ 500 കടന്നാേടെ ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചു. ജുറെലിനൊപ്പം പ്രസിദ്ധ്‌കൃഷ്‌ണയാണ്(4) ക്രീസിലുണ്ടായിരുന്നത്. പേസ് ബൗളർ അസിത ഫെർണാണ്ടോ നാല് വിക്കറ്റെടുത്തു. പ്രഭാത് ജയസൂര്യക്കും കേശര നുവാന്തക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. ഒരെണ്ണം ലഹിരു കുമാരക്കാണ്. ലങ്കയ്‌ക്ക് മൂന്ന് ഓവർ ബാറ്റിങ്ങാണ് സാധ്യമായത്. അതിനിടെ രണ്ട് വിക്കറ്റെടുത്ത് ഇന്ത്യ മാനസിക മുൻതൂക്കം നേടി. ഓപ്പണർ ലഹിരു ഉദാരയെ പ്രസിദ്ധിന്റെ പന്തിൽ സ്ലിപ്പിൽ യശസ്വി ജയ്‌സ്വാൾ പിടികൂടി. നൈറ്റ്‌വാച്ച്‌മാനായി ഇറങ്ങിയ പ്രഭാത് ജയസൂര്യയെ(2) മാനവ് സുത്താർ വിക്കറ്റിന് മുന്നിൽ കുടുക്കി. കാമിൽ മിഷറ അഞ്ച് റണ്ണുമായി ക്രീസിലുണ്ട്.










0 comments