അഞ്ചാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടം: ബുമ്രയും പന്തും പുറത്ത്

ഓവൽ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഇതോടെ ഇന്ത്യയ്‌ക്ക് മത്സരത്തിൽ വിജയം അനിവാര്യമാണ്. മറിച്ചായാൽ പരമ്പര നഷ്ടമാവും.
അതേസമയം, മാഞ്ചസ്റ്റർ ടെസ്റ്റിൽ പൊരുതി നേടിയ സമനില ഇന്ത്യൻ ടീമിന്റെ മനോഭാവം മാറ്റിയിട്ടുണ്ട്. തുടർന്നുണ്ടായ വിവാദങ്ങളും കളിയുടെ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചു. രണ്ട് കളി തോറ്റെങ്കിലും പ്രകടനത്തിൽ ഇന്ത്യക്ക് നിരാശപ്പെടാനില്ല. പതിനൊന്ന് സെഞ്ചുറികളാണ് ഇന്ത്യൻ ബാറ്റർമാരുടെ പേരിൽ. റണ്ണടിക്കാരിൽ ആദ്യ നാലുപേരും ഇന്ത്യക്കാരാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്ന് സെഞ്ചുറികൾ ഉൾപ്പെടെ 722 റണ്ണുമായി മുന്നിലുണ്ട്. മറുവശത്ത് ഇംഗ്ലീഷുകാർ ആകെ ഏഴ് സെഞ്ചുറികളാണ് നേടിയത്.
മാറ്റങ്ങളോടെയാണ് ഇരുടീമുകളും അവസാന ടെസ്റ്റിനിറങ്ങുന്നത്. ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത്, ഷാർദൂൽ ഠാക്കൂർ എന്നിവർ പുറത്തായപ്പോൾ കരുൺ നായർ, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേൽ എന്നിവർ ടീമിൽ ഇടംപിടിച്ചു. തോളിന് പരിക്കേറ്റ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.








0 comments