ഇന്ത്യ 193ന് പുറത്ത്; രണ്ടക്കം കണ്ടത് മൂന്ന് പേർ മാത്രം, ലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം

ഗാലെ: ഗാലെ ക്രിക്കറ്റ് ടെസ്‌റ്റിന്റെ നാലാംദിനം ഇന്ത്യയെ പിടിച്ചു കെട്ടി ശ്രീലങ്ക. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 193ന് പുറത്തായതോടെ ശ്രീലങ്കയ്ക്ക് 372 റൺസാണ് വിജയലക്ഷ്യം. ഇന്ത്യൻ നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. ഒന്നാം ഇന്നിങ്സിലെ 178 റൺസ് ലീഡാണ് ഇന്ത്യയ്ക്ക് കരുത്തായത്.
കെ എൽ രാഹുൽ (47 പന്തിൽ 35), ദേവ്‌ദത്ത് പടിക്കൽ (75 പന്തിൽ 44), ഋഷഭ് പന്ത് (69 പന്തിൽ 66) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് റൺസ് ചേർക്കും മുമ്പ് തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (0) നഷ്ടമായി. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ പടിക്കൽ കെ എൽ രാഹുലിനെ കൂട്ടുപിടിച്ച് റൺസ് കണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർബോർഡ് ചലിച്ചു. പിന്നാലെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ താരങ്ങൾ കൂടാരം കയറി.
ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ സോണൽ ദിനുഷയാണ് (100) ലങ്കയെ ഫോളോ ഓൺ ഭീഷണിയിൽനിന്ന് രക്ഷിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 462നാണ് അവസാനിച്ചത്. തകർച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം. ഇന്നിങ്‌സിന്റെ രണ്ടാംപന്തിൽതന്നെ ഓപ്പണർ നിഷാൻ മധുഷ്‌ക ഫെർണാണ്ടോയെ (0) നഷ്ടമായി. പേസർ മുഹമ്മദ് സിറാജാണ് വിക്കറ്റെടുത്തത്. തുടർന്നായിരുന്നു സ്‌പിന്നർമാരുടെ രംഗപ്രവേശം. ദിനേഷ് ചൻഡിമൽ (4), ലാഹിരു ഉദാര (27) എന്നിവരെ സുത്താർ പുറത്താക്കി. കമിന്ദു മെൻഡിസിനെ (14) കുൽദീപ് യാദവും പറഞ്ഞയച്ചു. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്റെ ഒന്നാന്തരം ക്യാച്ചിലായിരുന്നു മെൻഡിസിന്റെ മടക്കം. ലങ്ക നാലിന് 59ലേക്ക് കൂപ്പുകുത്തി. ക്യാപ്‌റ്റൻ ധനഞ്‌ജയ ഡി സിൽവയും ദിനുഷയും ഒത്തുചേർന്നപ്പോൾ ലങ്ക പ്രതീക്ഷിച്ചു. പക്ഷേ, ധനഞ്‌ജയയെ (21) കെ എൽ രാഹുലിന്റെ കൈയിലെത്തിച്ച് ജഡേജ ഇൗ സഖ്യം വേർപെടുത്തി. അഞ്ചിന് 99 റണ്ണെന്ന നിലയിലായി ലങ്ക.
തുടർന്നായിരുന്നു ദിനുഷയും വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വെല്ലയും ചേർന്ന് കളി പിടിച്ചത്. ഏറെക്കാലത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ ഡിക്‌വെല്ല 80 റണ്ണെടുത്തു. ആറാം വിക്കറ്റിൽ 146 റണ്ണാണ് ഇരുവരും കൂട്ടിച്ചേർത്തത്. കന്നിസെഞ്ചുറിക്ക് 20 റണ്ണകലെവച്ച് ഡിക്‌വെല്ലയെ പ്രസിദ്ധ് കൃഷ്‌ണ പുറത്താക്കിയതോടെ ലങ്കയുടെ ചെറുത്തുനിൽപ്പ് അവസാനിച്ചു. കന്നി സെഞ്ചുറി പൂർത്തിയാക്കിയപാടെ ദിനുഷ ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. രണ്ട് സിക്‌സറും നാല് ഫോറുമായിരുന്നു ഇരുപത്തഞ്ചുകാരന്റെ ഇന്നിങ്‌സിൽ. 48 റണ്ണെിനിടെയാണ് ലങ്കയ്‌ക്ക് അവസാന അഞ്ച് വിക്കറ്റ് നഷ്ടമായത്.










0 comments