മുത്തച്ഛന്റെ കൊലപാതകത്തിൽ എട്ടാംക്ലാസുകാരിയുടെ പങ്കെന്ത്? കൗമാര ക്വട്ടേഷനിൽ ഞെട്ടി കേരളം

ശിവൻകുട്ടി (ഇടത്), കൊലപാതകം നടന്ന വീട് (വലത്)
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ടത് കൗമാരക്കാരുടെ ക്രൂരതയ്ക്കിരയായി. സംഭവത്തിൽ വയോധികന്റെ കൊച്ചുമകളെയും സുഹൃത്തുക്കളായ മൂന്ന് ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കരുവാറ്റയിൽ വാടക വീട്ടിൽ താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) ശനി വൈകുന്നേരം കൊല്ലപ്പെട്ടത്. കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് മുളകുപൊടി വിതറിയിരുന്നു. വീട്ടിലെ കിടക്കവിരികളും മറ്റും ഉപയോഗിച്ചാണു കൈകാലുകൾ കൂട്ടിക്കെട്ടിയിരുന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചിട്ടിരുന്നു.
പൊലീസിന്റെ ചോദ്യംചെയ്യലിൽ കൊച്ചുമകളുടെ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. വീട്ടിലെ മറ്റ് മുറികൾ അലങ്കോലപ്പെട്ടിരുന്നെങ്കിലും പെൺകുട്ടിയുടെ മുറിയിൽ ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊപാതകത്തിന്റെ ചുരുളഴിഞ്ഞത്. എട്ടാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയും സുഹൃത്തുക്കളും കൊലപാതകത്തിൽ പങ്കാളികളാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം പരവൂർ സ്വദേശികളാണ് പിടിയിലായ ആൺകുട്ടികൾ.
വീടിന് പുറകുവശത്തുകൂടി വന്ന് കുളിമുറിയുടെ ഷീറ്റ് തകർത്ത് പ്രതികൾ അകത്തുകടന്നുവെന്നാണ് സൂചന. മുറിയിൽ ചെളിപുരണ്ട കാൽപ്പാടുകളുണ്ടായിരുന്നു. മകളുടെ പ്രസവത്തിനായി ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിലായിരുന്നു. വാടകവീട്ടിൽ ശിവൻകുട്ടിയും കൊച്ചുമകളും മാത്രമാണുണ്ടായിരുന്നത്. കിടക്കവിരിയും മറ്റ് വസ്ത്രങ്ങളും ഉപയോഗിച്ചാണ് ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നിലെ കാരണത്തിൽ വ്യക്തതവരാനുണ്ട്. ഫോൺ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും ശിവൻകുട്ടി വഴക്കു പറഞ്ഞിരുന്നതിനാൽ പെൺകുട്ടിക്ക് പകയുണ്ടായിരുന്നു. മുത്തച്ഛനെ കൊല്ലാൻ കൊച്ചുമകൾ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയതാണെന്ന പ്രചാരണമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടിലെ സ്വർണം മോഷ്ടിച്ച് പെൺകുട്ടിക്ക് ഐ ഫോണും സുഹൃത്തുക്കൾക്ക് ആഡംബര ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു. എന്നാൽ പിടിയിലായ ആൺസഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ക്രൂരകൃത്യത്തിൽ താനും പങ്കെടുത്തതെന്ന് പെൺകുട്ടി മൊഴിനൽകിയതായും സൂചനയുണ്ട്.
മൂന്ന് വർഷം മുൻപാണ് പെൺകുട്ടിയും കുടുംബവും കൊല്ലത്തുനിന്ന് കരുവാറ്റയിലെത്തിയത്. കൊല്ലത്തുവെച്ച് പരിചയപ്പെട്ടതാണ് ആൺകുട്ടികളെ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടുകാരോട് പിണങ്ങി പെൺകുട്ടി വീടുവിട്ട് ഇറങ്ങിയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് തിരിച്ചെത്തിച്ചത്.
ശിവൻകുട്ടിയുടെ മകൾ ശ്രീകല രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. പ്രതിയായ പെൺകുട്ടി ആദ്യ വിവാഹത്തിലെ മകളാണ്. വിവാഹമോചനം നേടിയ ശ്രീകല പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചു. ഇയാൾ ഇപ്പോൾ ഗൾഫിലാണ്.
പൊതുവെ ഒറ്റപ്പെട്ട് താമസിക്കുന്ന കുടുംബമാണ് ശിവൻകുട്ടിയുടേത്. അയൽവാസികൾക്ക് ഇവരെക്കുറിച്ച് കൂടുതൽ വിവരമില്ല.
ശിവൻകുട്ടിയുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ.










0 comments