print edition അനായാസം ഇന്ത്യ

ഇൻഡോർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് 14 റൺ ജയം. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2-–1 ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 223, വിൻഡീസ് 209/7. ജയം ലക്ഷ്യമിട്ടിറങ്ങിയ വിൻഡീസിന് ഓപ്പണറും ക്യാപ്റ്റനുമായ ഷായ് പോപ് അഞ്ച് റണ്ണിന് പുറത്തായത് തിരിച്ചടിയായി. രണ്ടാം ഓവറിൽ അർഷ് ദീപ് സിങ് ബൗൾഡാക്കുകയായിരുന്നു. കമിൽ പുരാൻ (42), ഷിംറോൺ ഹെറ്റ്മെയർ (43), ഷെർഫാനെ റൂതർ ഫോർഡ് (32) എന്നിവർക്ക് ജയിക്കാനുള്ള റണ്ണടി സാധ്യമായില്ല. ഷമർ സ്‌പ്രിംഗർ 35 റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി അർഷ്ദീപ് മൂന്ന് വിക്കറ്റെടുത്തു. സ്പിന്നർ നമൻ ധിറിന് രണ്ട് വിക്കറ്റുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം നന്നായില്ല. രണ്ടാം ഓവറിൽ ഓപ്പണർ സഞ്ജു സംസണെ നഷ്ടമായി. ആറ് പന്തിൽ മൂന്ന് റണ്ണെടുത്ത സഞ്ജു ഷമർ ജോസഫിന്റെ പന്തിൽ കമിൽ പുരാൻ പിടിച്ച് പുറത്തായി. അഭിഷേക് ശർമക്കൊപ്പം ചേർന്ന ഇഷാൻ കിഷൻ സ്കോർ ഉയർത്തി. ഇന്ത്യൻ സ്കോർ അഞ്ച് ഓവറിൽ 66 റണ്ണായി. 18 പന്തിൽ 37 റണ്ണുമായാണ് ഇഷാൻ മടങ്ങിയത്. അഭിഷേകും ഇഷാനും ചേർന്ന് രണ്ടാം വിക്കറ്റിൽ 40 പന്തിൽ 108 റണ്ണടിച്ചു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ വേഗം മടങ്ങി.
രണ്ട് പന്തിൽ ഒരു റണ്ണെടുത്ത ശ്രേയസ് റോസ്റ്റൺ ചേസിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അഭിഷേക് 18 പന്തിൽ അർധ സെഞ്ചുറി കണ്ടെത്തി. അഭിഷേക് 30 പന്തിൽ 69 റണ്ണടിച്ച് ഇന്ത്യൻ റണ്ണടിയിൽ നിർണായകമായി. ആറ് ഫോറും അഞ്ച് സിക്സറും പറത്തിയാണ് കളം വിട്ടത്. ഇന്ത്യ 10 ഓവറിൽ 125 റണ്ണിലെത്തി. തിലക് വർമ 28 റണ്ണുമായി സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ റണ്ണൗട്ടായി. നമൻ ധിർ (10), നിതീഷ് കുമാർ റെഡ്ഡി (21), അക്‌സർ പട്ടേൽ (20) എന്നിവരും സംഭാവന ചെയ്തു. നാലാമത്തെ മത്സരം ബുധനാഴ്ച ഹൈദരാബാദിൽ നടക്കും.









0 comments