ബിഎസ്‌എൻഎൽ എക്സ്‌ചേഞ്ചുകളിൽ മോഷണം പതിവ്
മോഷ്ടാക്കൾ "പരിധിക്ക് അകത്താണ്'

1. കോലഞ്ചേരി ബിഎസ്‌എൻഎൽ എക്‌സ്‌ചേഞ്ചിൽനിന്ന് കേബിളുകൾ മോഷ്ടിച്ചശേഷം ഉപേക്ഷിച്ച വയറുകൾ 2. ഞാറള്ളൂർ എക്സ്‌ചേഞ്ചിലെ പവർപ്ലാന്റിനുള്ളിലെ കോപ്പർ കേബിളുകൾ മോഷ്ടിച്ചനിലയിൽ
കൊച്ചി
ബിഎസ്‌എൻഎൽ മാനേജ്‌മെന്റിന്റെ അനാസ്ഥയിൽ നശിക്കുന്ന ടെലിഫോൺ എക്സ്‌ചേഞ്ചുകൾക്ക് ഇരുട്ടടിയായി മോഷണവും. ശനി രാത്രി കിഴക്കന്പലം ഞാറള്ളൂർ, കോലഞ്ചേരി ടെലിഫോൺ എക്സ്‌ചേഞ്ചുകളിൽനിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ മോഷണംപോയത്. ഞാറള്ളൂർ എക്സ്‌ചേഞ്ചിലെ പവർപ്ലാന്റിനുള്ളിലെ ചെന്പുകേബിളുകളാണ് നഷ്ടമായത്. ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി എത്തിക്കുന്ന സംവിധാനമായ പവർ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ എക്സ്‌ചേഞ്ചിന്റെ പ്രവർത്തനം താളംതെറ്റി. സേവനങ്ങൾ തടസ്സപ്പെട്ടതോടെ ഗുണഭോക്താക്കളും വലഞ്ഞു. കോലഞ്ചേരിയിൽ കള്ളൻകയറിയത് ടൗണിലുള്ള എക്സ്‌ചേഞ്ചിലാണ്. വിലയേറിയ കേബിളുകൾ അപഹരിച്ചശേഷം ബാക്കി ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.
ജില്ലയിലെ വിവിധ എക്സ്‌ചേഞ്ചുകളും ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളും പരിപാലനവും മേൽനോട്ടവുമില്ലാതെ കാടുകയറി നശിക്കുകയാണ്. സുരക്ഷാ ജീവനക്കാരില്ലാത്തതിനാൽ ഓഫീസുകളും പരിസരവും മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറി. നെട്ടൂർ, മണീട്, കോതമംഗലം, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, മരട് എക്സ്‌ചേഞ്ചുകളിലും മുന്പ് മോഷണം നടന്നിട്ടുണ്ട്. നെട്ടൂർ എക്സ്‌ചേഞ്ചിൽനിന്ന് ജനറേറ്ററും മണീടുനിന്ന് ജനറേറ്ററിന്റെ റേഡിയേറ്ററും കോതമംഗലത്ത് ചെന്പുകന്പിയുമാണ് മോഷണംപോയത്. ആളൊഴിഞ്ഞ ക്വാർട്ടേഴ്‌സുകളിലും മോഷണം പതിവാണ്.
ഫണ്ട് കുറച്ചു, താളംതെറ്റി
ദൈനംദിന ചെലവുകൾക്കുള്ള ‘ഇൻഫ്രാ മെയിന്റനൻസ് ഫണ്ട്’ വൻതോതിൽ വെട്ടിക്കുറച്ചത് എക്സ്‌ചേഞ്ചുകളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കി. ഓഫീസുകളുടെ ശുചീകരണവും പരിപാലനവും മുടങ്ങി. ആവശ്യമായ സുരക്ഷാജീവനക്കാരെയും നിയമിക്കാനാകുന്നില്ല. പുതുക്കിയ കരാർപ്രകാരം ശുചീകരണത്തിന് ചതുരശ്ര അടിക്ക് 10 പൈസയാണ് ബിഎസ്‌എൻഎൽ നൽകുന്നത്. പതിനായിരം ചതുരശ്ര അടിവരെയുള്ള ഓഫീസുകൾ ജില്ലയിലുണ്ട്. തുച്ഛമായ തുകയ്ക്ക് ഇത്രയും വലിയ കെട്ടിടങ്ങളിൽ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താൻ കരാറുകാർ തയ്യാറാകുന്നില്ല. ഇതോടെ കെട്ടിടങ്ങളും ഉപകരണങ്ങളും കാടുകയറി നശിക്കുകയാണ്.








0 comments