ad
Deshabhimani

ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യൻ യുവനിരയ്ക്ക് നാടകീയ വിജയം; ശ്രീലങ്ക എ ടീമിനെ തോൽപ്പിച്ചത് 8 റൺസിന്

INDIA A

Photo Credit: SLC

വെബ് ഡെസ്ക്

Published on Jun 09, 2026, 06:57 PM | 2 min read

ദാംബുള്ള: ശ്രീലങ്ക എ ടീം,അഫ്ഗാനിസ്ഥാൻ എ ടീം എന്നീ ടീമുകളടങ്ങുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആവേശകരമായ ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്ക എ ടീമിനെ 8 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ എ. ഇന്ത്യ ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 48.5 ഓവറിൽ 269 റൺസെടുക്കാനേ സാധിച്ചുള്ളൂ.


ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ലങ്കയെ അവസാന ഓവറുകളിലെ കൃത്യതയാർന്ന ബോളിംഗിലൂടെയാണ് ഇന്ത്യ തളച്ചത്. ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിലാണ് ശ്രീലങ്കയുടെ അവസാന നാല് വിക്കറ്റുകൾ വീണത്.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ടീം നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 277 റൺസെടുത്തത്. ഓപ്പണർമാരായ വൈഭവ് സൂര്യവംശി (14), പ്രഭ്സിമ്രാൻ സിംഗ് (2) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായി ഇന്ത്യ പ്രതിസന്ധിയിലായെങ്കിലും റുതുരാജ് ഗെയ്‌ക്‌വാദും ക്യാപ്റ്റൻ തിലക് വർമ്മയും ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു.


114 പന്തിൽ 6 ഫോറുകൾ ഉൾപ്പെടെ 101 റൺസ് നേടിയ ഗെയ്‌ക്‌വാദ് ഇന്നിംഗ്സിന് കരുത്തേകി. 97 പന്തിൽ 60 റൺസ് നേടി തിലക് വർമ്മ മികച്ച പിന്തുണ നൽകി. പ്രിയാൻഷ് ആര്യ (32), ആയുഷ് ബദോനി (24), പുറത്താകാതെ 26 റൺസെടുത്ത സൂര്യൻഷ് ഷെഡ്‌ഗെ എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. ശ്രീലങ്കയ്ക്കായി മുഹമ്മദ് ശിറാസ് രണ്ട് വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിംഗിൽ ശക്തമായ അടിത്തറയോടെയാണ് ശ്രീലങ്ക തുടങ്ങിയത്. ഓപ്പണർമാരായ നിരോഷൻ ഡിക്‌വെല്ലയും (47) അവിഷ്ക ഫെർണാണ്ടോയും (45) ചേർന്ന് ഒന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. മധ്യനിരയിൽ സദീര സമരവിക്രമയും (46) നായകൻ സഹൻ ആരച്ചിഗെയും (74) മികച്ച പ്രകടനം പുറത്തെടുത്തതോടെ ലങ്ക വിജയമുറപ്പിച്ചു.


എന്നാൽ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ ശക്തമായി തിരിച്ചടിച്ചു. അവസാന വിക്കറ്റിൽ മുഹമ്മദ് ശിറാസിനെ അർഷാദ് ഖാൻ വിപ്രാജ് നിഗമിന്റെ കൈകളിൽ എത്തിച്ചതോടെയാണ് ഇന്ത്യ നാടകീയ വിജയം സ്വന്തമാക്കിയത്. ഇന്ത്യ എ ടീമിനായി അർഷാദ് ഖാൻ, അനുകുൽ റോയ്, ആയുഷ് ബദോനി, വിപ്രാജ് നിഗം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home