ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് സെമി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് 317 റൺസ്, അഭിഷേകിനും തിലകിനും അർധസെഞ്ചുറി

അഭിഷേക് ശർമ, വൈഭവ് സൂര്യവംശി| Photo: Social media
ദോഹ : ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിന്റെ ആദ്യ സെമിഫൈനലിൽ ഇന്ത്യ എ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി അഭിഷേക് ശർമയും ക്യാപ്റ്റൻ തിലക് വർമയും അർധസെഞ്ചുറി നേടി. വൈഭവ് സൂര്യവംശിയും ഷഹബാസ് അഹമ്മദും മികച്ച പ്രകടനം പുറത്തെടുത്തു.
63 പന്തിൽ 11 ഫോറും ഒരു സിക്സുമടക്കം 78 റൺസെടുത്ത അഭിഷേക് ശർമയാണ് ടോപ് സ്കോറർ. 66 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 53 റൺസാണ് തിലക് വർമ നേടിയത്. ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവംശിയും മികച്ച പ്രകടനം കാഴ്ചവച്ചു. 27 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 40 റൺസെടുത്താണ് താരം മടങ്ങിയത്.
മധ്യനിരയിൽ ഷഹബാസ് അഹമ്മദിന്റെ പ്രകടനവും നിർണായകമായി. 48 പന്തിൽ പുറത്താകാതെ 54 റൺസെടുത്ത ഷഹബാസ് നാല് സിക്സുകൾ പറത്തി. തനുഷ് കോടിയൻ 30 പന്തിൽ 28 റൺസും കുമാർ കുശാഗ്ര 27 പന്തിൽ 21 റൺസും നേടി.
സൂര്യവംശിയും അഭിഷേകും ചേർന്ന് ആദ്യ വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്തു. ശ്രീലങ്കയ്ക്കായി ജനിത് ലിയാനഗെയും രവിന്ദു ഫെർണാണ്ടോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നിപുൻ ധനഞ്ജയ, ലഹിരു സമരക്കൂൺ, ഗരുക സങ്കേത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.









0 comments