ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കായിക മാമാങ്കമാകാൻ വനിതാ ട്വന്റി 20 ലോകകപ്പ്; വിപുലമായ പദ്ധതികളുമായി ഐസിസി

Photo Credit: ICC
ലണ്ടൻ: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന 2026 ലെ ഐസിസി വനിതാ ട്വന്റി 20 ലോകകപ്പ് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി വിപുലമായ ഡിജിറ്റൽ പദ്ധതികൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ആരാധകർക്ക് മുൻഗണന നൽകുന്ന തരത്തിലാണ് ഈ പുതിയ ഫാൻ എൻഗേജ്‌മെന്റ് പദ്ധതികൾ ഐസിസി തയാറാക്കിയിരിക്കുന്നത്.
കൂടുതൽ ഭാഷകളിലുള്ള തത്സമയ സംപ്രേഷണം, സൗജന്യ ഗ്ലോബൽ സ്ട്രീമിംഗ്, ക്രിയേറ്റർ പ്രോഗ്രാമുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഫാൻ ടൂളുകൾ, ഓൺലൈൻ ഗെയിമിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. വനിതാ ലോകകപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐസിസി സിഇഒ സഞ്ജോഗ് ഗുപ്ത വ്യക്തമാക്കി.
ഐസിസി പുറത്തുവിട്ട പ്രധാന ഡിജിറ്റൽ ഫീച്ചറുകൾ താഴെ പറയുന്നവയാണ്
കൂടുതൽ രാജ്യങ്ങളിലേക്ക് ഒൻപത് ഭാഷകളിൽ സംപ്രേഷണം
വനിതാ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഒൻപത് ഭാഷകളിൽ ഐസിസി ടിവി (ICC.tv) വഴി മത്സരങ്ങൾ തത്സമയം ആസ്വദിക്കാം. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, ബംഗാളി, ജാപ്പനീസ്, തായ്, ഡച്ച്, മാൻഡറിൻ, ബഹാസ ഇന്തോനേഷ്യ എന്നീ ഭാഷകളിലാണ് കമന്ററി ലഭ്യമാകുക.
എല്ലാ മത്സരങ്ങളും ഇംഗ്ലീഷിലും ഹിന്ദിയിലും തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ, പാകിസ്ഥാന്റെ മത്സരങ്ങൾക്ക് ഉർദു കവറേജും ബംഗ്ലാദേശിന്റെ മത്സരങ്ങൾക്ക് ബംഗാളി കവറേജും പ്രത്യേകമായി ഉണ്ടായിരിക്കും.
ലോകമെമ്പാടും സൗജന്യ സ്ട്രീമിംഗ്
എൺപതിലധികം രാജ്യങ്ങളിൽ ഐസിസി ടിവി വഴി മത്സരങ്ങൾ തികച്ചും സൗജന്യമായി കാണാൻ സാധിക്കും. ഇതിനുപുറമെ, വനിതാ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഐസിസിയുടെ ഔദ്യോഗിക യുട്യൂബ് , ഫേസ്ബുക്ക് പേജുകൾ വഴിയും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. ബിബിസി തയാറാക്കുന്ന തത്സമയ റേഡിയോ കമന്ററി ഐസിസി ആപ്പിലൂടെ ലോകമെമ്പാടും ലഭ്യമാകും.
ഗ്ലോബൽ ക്രിയേറ്റർ പ്രോഗ്രാമും എഐ ടൂളുകളും
2026 ലെ പുരുഷ ട്വന്റി 20 ലോകകപ്പിൽ വൻ വിജയമായിരുന്ന 'ഐസിസി ക്രിയേറ്റർ പ്രോഗ്രാം' വനിതാ ലോകകപ്പിലും തുടരും. ലോകമെമ്പാടുമുള്ള പ്രമുഖ സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്ക് ബിഹൈൻഡ് ദി സീൻസ് ഉൾപ്പെടെയുള്ള പ്രത്യേക ആക്സസ് നൽകിക്കൊണ്ട് ടൂർണമെന്റ് ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ പദ്ധതി.
കൂടാതെ മുൻ താരം ഇസ ഗുഹയുടെ ശബ്ദത്തിൽ ഐസിസി ആപ്പിൽ ലഭ്യമാകുന്ന 'ഐസിസി ഇൻസൈറ്റ്സ്' എന്ന എഐ ടൂളും ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്.
റോബ്ലോക്സ് ഗെയിമിംഗും പ്ലെയർ ഓഫ് ദി മാച്ച് വോട്ടിംഗും
ആരാധകരെ ആകർഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ റോബ്ലോക്സിൽ 'കാച്ച് ദി സ്പിരിറ്റ്' എന്ന ഗെയിം ഐസിസി അവതരിപ്പിക്കുന്നുണ്ട്. വെർച്വൽ സ്റ്റേഡിയത്തിൽ മത്സരിച്ച് പോയിന്റുകൾ നേടാൻ ഇതിലൂടെ സാധിക്കും. കൂടാതെ, ഓരോ മത്സരത്തിലെയും മികച്ച താരത്തെ തിരഞ്ഞെടുക്കാൻ ആരാധകർക്ക് അവസരം നൽകുന്ന 'അരാംകോ ഫാൻ വോട്ട് പ്ലെയർ ഓഫ് ദി മാച്ച്' സംവിധാനവും ഇത്തവണ ഐസിസി ആപ്പിൽ ലഭ്യമാണ്.










0 comments