Deshabhimani

കോട്ടയത്ത് ഹസീനയുടെ മരണം: ചികിത്സാപിഴവെന്ന് സമ്മതിച്ച് ആരോ​ഗ്യമന്ത്രി

k muraleedharan haseena

ഹസീന, ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

വെബ് ഡെസ്ക്

Published on Oct 20, 2026, 05:39 PM | 1 min read

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ചികിത്സാ പിഴവുകൾ ആവർത്തിക്കുന്നത് സമ്മതിച്ച് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. ചികിത്സാപ്പിഴവുകൾ സർക്കാരിനെയും ആരോ​ഗ്യ വകുപ്പിനെയും പ്രയാസപ്പെടുത്തുന്നു. അത്തരത്തിൽ രോ​ഗിയുടെ മരണം സംഭവിക്കുന്നത് ദുഃഖകരമാണ്. കോട്ടയത്ത് സംഭവിച്ചത് ​ഗൗരവമുള്ള കേസ്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടികൾ ആലോചിക്കും. ചികിത്സാപ്പിഴവ് നടന്ന നാലഞ്ച് സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തു. കണ്ണൂരെ പോലെ കോട്ടയത്തെ ചികിത്സാ പിഴവ് ന്യായീകരിക്കാനാവില്ലെന്നും കെ മുരളീധരൻ പറഞ്ഞു.


ചികിത്സാ പിഴവ് ആരോപണങ്ങളിൽ ആരോ​ഗ്യവകുപ്പും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളും വിവാദത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങനാശേരി സ്വദേശിനി ഹസീന മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവുണ്ടായെന്നാണ് ആരോഗ്യവകുപ്പിന്റെ മൂന്നംഗ അന്വേഷണസംഘം കണ്ടെത്തിയത്. എന്നാൽ അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയാറായില്ല.


ഒക്ടോബർ 2നാണ് ചങ്ങനാശേരി പുത്തൂർപ്പള്ളി പുതുപറമ്പിൽ ഹസീന (49) ചികിത്സയിലിരിക്കെ മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഹെർണിയ ശസ്‌ത്രക്രിയക്ക്‌ ശേഷം ചികിത്സയിൽ തുടരുകയായിരുന്നു ഹസീന. സെപ്തംബർ 18ന്‌ ശസ്‌ത്രക്രിയ നടത്തി വാർഡിലേക്ക്‌ മാറ്റി. 26ന്‌ ഡിസ്‌ചാർജിന്‌ നിർദേശിച്ചു. എന്നാൽ ഹസീനയ്‌ക്ക്‌ ശാരീരിക അസ്വസ്ഥതകളും വയറിന്‌ വേദനയും പനിയും ഉണ്ടായിരുന്നു. ഇത്‌ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും അവർ ഗ‍ൗ‍നിച്ചില്ലെന്ന്‌ ഭർത്താവ്‌ പി കെ ഹസൻകുഞ്ഞ്‌ പറഞ്ഞു. പനിക്കുള്ള പാരാസെറ്റാമോൾ ഗുളിക നൽകി പറഞ്ഞയച്ചു.


വീട്ടിലേക്ക്‌ മടങ്ങിയ ഹസീനയുടെ ആരോഗ്യസ്ഥിതി വഷളായി. ശസ്‌ത്രക്രിയ ചെയ്‌ത ഭാഗത്തെ തുന്നലിൽനിന്ന്‌ രക്തവും പഴുപ്പും ഒഴുകാൻ തുടങ്ങി. 28ന്‌ വീണ്ടും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വീണ്ടും ശസ്‌ത്രക്രിയ നടത്തിയ ശേഷം വീട്ടമ്മയെ ക്രിട്ടിക്കൽ കെയർ ഐസിയുവിലേക്ക്‌ മാറ്റി. 30ന്‌ സർജിക്കൽ വാർഡിൽ പ്രവേശിപ്പിച്ചു. ശസ്‌ത്രക്രിയ ചെയ്‌ത ഭാഗത്തുനിന്ന്‌ വീണ്ടും രക്തവും പഴുപ്പും ഒഴുകാൻ തുടങ്ങി. ഇത്‌ അധികൃതരെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന്‌ ബന്ധുക്കൾ പറയുന്നു. വെള്ളി പുലർച്ചെ രണ്ടോടെ ഹസീനയുടെ വയറ്‌ വ‍‍ീർക്കുകയും ശസ്‌ത്രക്രിയ ചെയ്‌ത തുന്നൽ പിളർന്ന്‌ അമിതമായി രക്തവും പഴുപ്പും ചീറ്റുകയും ചെയ്‌തു. വീട്ടമ്മയെ ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home