ad
Deshabhimani

ഇന്ത്യയും ശ്രീലങ്കയും ആതിഥേയർ , എട്ട്‌ ടീമുകൾ, 31 കളികൾ , ഫെെനൽ നവംബർ രണ്ടിന്

ലോകകപ്പ്‌ ആവേശം ; വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയോട്

Icc Women Cricket World Cup 2025

വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഓസ്ട്രേലിയയുടെ അലീസ ഹീലി, 
ഇംഗ്ലണ്ടിന്റെ നാറ്റ് സ്--കിവർ ബ്രന്റ‍്, ന്യൂസിലൻഡിന്റെ സോഫി ഡിവെെൻ എന്നിവർ വാർത്താ സമ്മേളനത്തിൽ

avatar
Sports Desk

Published on Sep 30, 2025, 12:14 AM | 2 min read

​ഗുവാഹത്തി

ക്രിക്കറ്റിന്റെ ആവേശം അവസാനിക്കുന്നില്ല. ഇക്കുറി വനിതകളാണ്‌. വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ന്‌ തുടക്കം. ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും പകൽ മൂന്നിന്‌ ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടും. പതിമൂന്നാം ലോകകപ്പിൽ എട്ട്‌ ടീമുകളാണ്‌. ആകെ 31 മത്സരങ്ങൾ. നവംബർ രണ്ടിന്‌ ഫൈനൽ. നവി മുംബെൈയായിരിക്കും വേദി. പാകിസ്ഥാൻ ഫൈനലിൽ കടക്കുകയാണെങ്കിൽ കൊളംബോയിൽ നടക്കും.


ഇന്ത്യക്കും ലങ്കക്കും പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്‌. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്‌. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്‌. ഗുവാഹത്തിക്ക്‌ പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവയാണ്‌ ഇന്ത്യയിലെ വേദികൾ. നിലവിലേതടക്കം ഏഴുതവണയും ഓസ്‌ട്രേലിയയാണ്‌ ജേതാക്കൾ. നാലുതവണ ഇംഗ്ലണ്ടും ഒരിക്കൽ ന്യൂസിലൻഡും ജേതാക്കളായി.


ഇന്ത്യ 2005ലും 2017ലും റണ്ണറപ്പായിട്ടുണ്ട്‌. കഴിഞ്ഞ തവണ സെമിയിലെത്തിയില്ല. അഞ്ചാമത്തെ ലോകകപ്പ്‌ കളിക്കുന്ന ഹർമൻപ്രീത്‌ ക‍ൗർ ആദ്യമായി ഇന്ത്യൻ ടീമിനെ നയിക്കുന്നു. മുപ്പത്താറുകാരിയുടെ അവസാന ലോകകപ്പാകും. ലോക ഒന്നാം നന്പർ ബാറ്റർ സ്‌മൃതി മന്ദാനയുടെ ബാറ്റിലാണ്‌ പ്രതീക്ഷ. ജമീമ റോഡ്രിഗസ്‌, വിക്കറ്റ്‌ കീപ്പർ റിച്ചാ ഘോഷ്‌, ദീപ്‌തി ശർമ എന്നിവരുണ്ട്‌. രേണുക സിങ് ഠാക്കൂറിനൊപ്പം യുവ പേസർ ക്രാന്തി ഗ‍ൗഡ്‌ ബ‍ൗളിങ്നിരയിലെ പുതിയ വാഗ്‌ദാനമാണ്‌. പത്ത്‌ ലോകകപ്പ്‌ കളിച്ച ഇന്ത്യ 70 മത്സരങ്ങളിൽ 37 ജയം കുറിച്ചിട്ടുണ്ട്‌.


ക്യാപ്‌റ്റൻ ചമരി അത്തപ്പത്തുവാണ്‌ ലങ്കയുടെ എല്ലാമെല്ലാം. വിരമിക്കുന്നതിന്‌ മുമ്പൊരു സെമിഫൈനലാണ്‌ മുപ്പത്തഞ്ചുകാരിയുടെ ലക്ഷ്യം. 1997ൽ ക്വാർട്ടറിലും 2013ൽ സൂപ്പർ എട്ടിലും എത്തിയതാണ്‌ നേട്ടം. ആറ്‌ ലോകകപ്പിലായി 35 കളിയിൽ എട്ട്‌ ജയം മാത്രമാണുള്ളത്‌. നവംബർ രണ്ടിനാണ്‌ ഫൈനൽ.


ഇന്ത്യയുടെ മത്സരങ്ങൾ

30: ശ്രീലങ്ക, ഒക്‌ടോബർ 5: പാകിസ്ഥാൻ, 9: ദക്ഷിണാഫ്രിക്ക, 12: ഓസ്‌ട്രേലിയ, 19: ഇംഗ്ലണ്ട്‌, 23: ന്യൂസിലൻഡ്‌, 26: ബംഗ്ലാദേശ്‌.


ജേതാക്കൾക്ക്‌ 40 കോടി

വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ ജേതാക്കൾക്ക്‌ സമ്മാനം 40 കോടി രൂപ. കഴിഞ്ഞ തവണ 10 കോടിയായിരുന്നു. റണ്ണറപ്പിന്‌ ഇക്കുറി 20 കോടി കിട്ടും. സെമിയിലെത്തിയാൽ പത്ത്‌ കോടി. ആകെ സമ്മാനത്തുക 122 കോടി.


ജേതാക്കൾ

ഓസ്‌ട്രേലിയ 7 
(2022, 2013, 2005, 1997, 1988, 1982, 1978)

ഇംഗ്ലണ്ട്‌ 4 (2017, 2009, 1993, 1973)

ന്യൂസിലൻഡ്‌ 1 (2000)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home