ad
Deshabhimani

അമ്പയർ മറൈസ് ഇറാസ്മസ് വിരമിക്കുന്നു: 26 വർഷത്തെ ഐതിഹാസിക കരിയറിന് സമാപനം

umpire erasmus retirment
വെബ് ഡെസ്ക്

Published on Mar 21, 2026, 05:16 PM | 1 min read

പാൾ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിശ്വസ്തനായ അമ്പയർമാരിലൊരാളായ മറൈസ് ഇറാസ്മസ് 26 വർഷം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിന് തിരശ്ശീലയിടുന്നു. ശനിയാഴ്ച പാളിൽ നടക്കുന്ന ബോളണ്ടും ലയൺസും തമ്മിലുള്ള ലിസ്റ്റ് എ മത്സരത്തോടെയാണ് ഇറാസ്മസ് അമ്പയറിങ് കരിയർ അവസാനിപ്പിക്കുന്നത്. 2000 ൽ ക്ലബ് ക്രിക്കറ്റിൽ തുടങ്ങിയ ഈ യാത്ര 82 ടെസ്റ്റുകൾ, 125 ഏകദിനങ്ങൾ, 61 ടി 20 അന്താരാഷ്ട്ര മത്സരങ്ങൾ എന്നിവയുൾപ്പെടെയുള്ള വലിയൊരു കരിയറിലാണ് അവസാനിക്കുന്നത്.


കഴിഞ്ഞ മാസം 62 വയസ്സ് തികഞ്ഞ ഇറാസ്മസ്, 2024 മാർച്ചിൽ നടന്ന ന്യൂസിലൻഡ്-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിടവാങ്ങിയിരുന്നു. അതിനുശേഷം ആഭ്യന്തര മത്സരങ്ങളിലും യുവ അമ്പയർമാരുടെ മെന്ററായും അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. ലോകത്തെ മികച്ച അമ്പയർക്കുള്ള ഐസിസിയുടെ ഡേവിഡ് ഷെപ്പേർഡ് ട്രോഫി മൂന്ന് തവണ (2016, 2017, 2021) അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.


2019 ലെ ലോകകപ്പ് ഫൈനൽ ഉൾപ്പെടെയുള്ള നിർണായക മത്സരങ്ങളിൽ ഇറാസ്മസിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2014 ലെ അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഡിആർഎസ് സംവിധാനമില്ലാതെ സമ്മർദ്ദഘട്ടത്തിൽ അദ്ദേഹം എടുത്ത കൃത്യമായ തീരുമാനങ്ങൾ ക്രിക്കറ്റ് ലോകത്ത് ഇന്നും പ്രശംസിക്കപ്പെടുന്നു. അന്ന് അദ്ദേഹത്തിനെതിരെ വന്ന 43 അപ്പീലുകളിൽ 40 എണ്ണവും ശരിയായിരുന്നു എന്നത് ഇറാസ്മസിന്റെ മികവിന്റെ തെളിവാണ്. എങ്കിലും 2019 ലോകകപ്പ് ഫൈനലിലെ ഓവർത്രോ റൺസ് വിവാദവും 2023 ലോകകപ്പിലെ ഏഞ്ചലോ മാത്യൂസിന്റെ ടൈം ഔട്ട് തീരുമാനവും അദ്ദേഹത്തിന്റെ കരിയറിലെ ചർച്ച ചെയ്യപ്പെട്ട നിമിഷങ്ങളാണ്.


വിരമിക്കലിന് ശേഷം ഭാര്യ അഡെലെയ്‌ക്കൊപ്പം യാത്രകൾ ചെയ്യാനാണ് ഇറാസ്മസിന്റെ തീരുമാനം. തന്റെ കരിയറിനെക്കുറിച്ചുള്ള പുസ്തകവും ഈ വർഷം അവസാനം പുറത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓൾറൗണ്ടറായി ബോളണ്ട് ടീമിന് വേണ്ടി കളിച്ചിരുന്ന ഇറാസ്മസ് അതേ മണ്ണിൽ വെച്ച് തന്നെ അമ്പയറിങ് കുപ്പായമഴിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home