ad
Deshabhimani

2027 ഏകദിന ലോകകപ്പ് വേദികൾ പ്രഖ്യാപിച്ച് ഐസിസി; 24 വർഷങ്ങൾക്ക് ശേഷം പോരാട്ടം വീണ്ടും ആഫ്രിക്കയിൽ

World cup

Photo: X

വെബ് ഡെസ്ക്

Published on Jul 31, 2026, 12:10 PM | 1 min read

ദുബായ് : ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2027ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിന്റെ വേദികൾ ഐസിസി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന പോരാട്ടം 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് നടക്കുക. 24 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ലോകകപ്പ് വീണ്ടും ആഫ്രിക്കൻ മണ്ണിലേക്ക് എത്തുന്നത്. 2003ലായിരുന്നു ഇതിന് മുൻപ് ദക്ഷിണാഫ്രിക്ക ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. 14 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന പോരാട്ടത്തിൽ ആകെ 12 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക.


ഇതിൽ പ്രധാന പങ്കും വഹിക്കുന്നത് ദക്ഷിണാഫ്രിക്കയാണ്. ദക്ഷിണാഫ്രിക്കയിലെ 8 ഗ്രൗണ്ടുകളാണ് മത്സരങ്ങൾക്ക് വേദിയാകുക. ജോഹന്നസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയം, സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്ക്, കേപ് ടൗണിലെ ന്യൂലാൻഡ്സ്, ഡർബനിലെ കിങ്സ്മീഡ്, ഗെബെഹയിലെ സെന്റ് ജോർജ് പാർക്ക്, ബ്ലൂംഫോണ്ടെയ്നിലെ മംഗാങ് ഓവൽ, പാർളിലെ ബോലാണ്ട് പാർക്ക്, കിഴക്കൻ ലണ്ടനിലെ ബഫലോ പാർക്ക് എന്നിവയാണ് ദക്ഷിണാഫ്രിക്കയിലെ ആതിഥേയ ഗ്രൗണ്ടുകൾ.


സിംബാബ്‌വെയിൽ മൂന്ന് വേദികളാണ് ലോകകപ്പിനായി സജ്ജമാകുന്നത്. വിക്ടോറിയ ഫോൾസിലെ മോസി-ഓ-തുന്യ ഇന്റർനാഷണൽ സ്റ്റേഡിയം, ഹരാരെ സ്പോർട്സ് ക്ലബ്, ബുലവായോയിലെ ക്വീൻസ് സ്പോർട്സ് ക്ലബ് എന്നിവയാണവ. നമീബിയയിലെ വിൻഡ്ഹോക്കിലുള്ള നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടാണ് മത്സരങ്ങൾക്ക് വേദിയാകുന്ന മറ്റൊരു സ്റ്റേഡിയം. ടൂർണമെന്റിൽ പങ്കെടുക്കുന്ന 14 ടീമുകളെ ഏഴ് പേർ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് സൂപ്പർ സിക്സ് മാതൃകയിലായിരിക്കും മത്സരങ്ങൾ നടത്തുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home