മലബാർ ഗോൾഡിന്റെ മുഖമാവാൻ എം എസ് ധോണി; പുതിയ ബ്രാൻഡ് അംബാസഡർ

Image Credit : X
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസതാരം മഹേന്ദ്ര സിംഗ് ധോണി ഇനി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ പുതിയ ബ്രാൻഡ് അംബാസഡർ. കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ് ആയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ആഗോള മലയാളികൾക്കിടയിൽ പ്രിയങ്കരമായ ബ്രാൻഡ് ആണ്. ഇനിമുതൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ പരസ്യങ്ങളിൽ ധോണിയായിരിക്കും പ്രധാനതാരം. ഉപഭോക്താക്കളുടെ വിശ്വാസം ഉറപ്പിക്കുന്ന മലബാറിന്റെ 'റെസ്പോൺസിബിൾ ജ്വല്ലർ' എന്ന ആശയത്തിന് കരുത്തു പകരുന്നതിനാണ് ധോണിയെ പുതിയ മുഖമായി പ്രഖ്യാപിച്ചത്.
സുതാര്യമായ വിലനിർണയം, ഉത്തരവാദിത്തമുള്ള നിർമാണം, ഉറപ്പുള്ള ഗുണനിലവാരം, ഉപഭോക്താക്കൾക്ക് സ്വീകാര്യമായ നയങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കമ്പനിയുടെ 'റെസ്പോൺസിബിൾ ജ്വല്ലർ' എന്ന ആശയം.
ലോകമെമ്പാടുമുള്ള മലബാറിന്റെ 450ലധികം ഷോറൂമുകളെ ബന്ധിപ്പിച്ചുകൊണ്ട് വിവിധ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിപണന ക്യാമ്പയിനുകളിലൊന്നിനാണ് ഇതോടെ തുടക്കമാകുന്നത്.
"ഇന്നത്തെ ഉപഭോക്താക്കൾ അവർ തെരഞ്ഞെടുക്കുന്ന ബ്രാൻഡുകളിൽ നിന്ന് കൂടുതൽ വിശ്വാസ്യതയും ആധികാരികതയും ആഗ്രഹിക്കുന്നു. ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ഉത്തരവാദിത്തമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.
"എന്റെ കരിയറിലുടനീളം ഞാൻ വിശ്വസിച്ചിട്ടുള്ളത്, പ്രവൃത്തികളിലൂടെയും സ്ഥിരതയിലൂടെയുമാണ് വിശ്വാസം നേടിയെടുക്കുന്നത് എന്നാണ്. ഉപഭോക്താക്കളോടുള്ള സുതാര്യമായ ഉത്തരവാദിത്തം മുൻനിർത്തി മലബാർ ഗോൾഡിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നു" ധോണി വ്യക്തമാക്കി.









0 comments