അബ്ദുൾ സലാം വധശ്രമ കേസ്: നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവ്

കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോൺസ്‌റ്റബിൾ അബ്ദുൾ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾ കുറ്റക്കാർ. മൂന്ന് വകുപ്പുകളിലായി നാല് പ്രതികൾക്കും അഞ്ച് വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പതിനായിരം രൂപ പിഴയും ഒടുക്കണം. അല്ലാത്തപക്ഷം മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. കേസിലെ ഒന്ന്, മൂന്ന് അഞ്ച്, പതിനൊന്ന് പ്രതികൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി ഇ അയൂബ്‌ഖാൻ ആണ് വിധി പറഞ്ഞത്.
അതേസമയം, കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ഭൂസമരം നടത്തിയവർക്കുനേരെ 2003 ഫെബ്രുവരി 19ന് എ കെ ആന്റണിയുടെ സർക്കാർ വെടിയുതിർത്തതിനെ തുടർന്നുള്ള സംഘർഷത്തിലാണ് കണ്ണൂർ കെഎപി നാലാം ബറ്റാലിയനിൽ കോൺസ്‌റ്റബിൾ ആയിരുന്ന കെ വി വിനോദ് കൊല്ലപ്പെട്ടത്.
പൊലീസ് വെടിവയ്‌പിൽ ആദിവാസി ജോഗിയും കൊല്ലപ്പെട്ടു. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. കുടിലുകൾക്ക് പൊലീസ് തീയിട്ടു. സമരക്കാർ അമ്പും വില്ലും വടികളും ഉപയോഗിച്ച് പ്രതിരോധിച്ചു. ഇതിനിടെയാണ് വിനോദ് കൊല്ലപ്പെട്ടത്.
പ്രതികൾ ഷെഡ്ഡുകൾ നിർമിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേർന്നെന്നും കൊല്ലപ്പെട്ട ജോഗി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നും വിനോദിനെ വെട്ടിക്കൊന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് എറണാകുളം സിബിഐ കോടതിയിൽനിന്ന് കേസ് കൽപ്പറ്റയിലേക്ക് മാറ്റിയത്.










0 comments