സ്വർണാഭരണങ്ങൾക്കായി ക്രൂര കൊലപാതകം; ഏലിയാമ്മ ടീച്ചർ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

ഫ്രില്ലി ഫ്രാൻസിസിനെ കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
ആലപ്പുഴ : തുമ്പോളി ഏലിയാമ്മ ടീച്ചർ കൊലക്കേസിൽ പ്രതിയായ ഫ്രില്ലി ഫ്രാൻസിസിന് (39) ജീവപര്യന്തം തടവ്. ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് മൂന്നാം കോടതി ജഡ്‍ജ് എം ഷുഹൈബാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനു പുറമെ മറ്റു വകുപ്പുകളിലായി 15 വർഷം തടവിനും ശിക്ഷിച്ചു. ഫ്രില്ലിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തി. 2010 ആഗസ്‍ത് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ആര്യാട് തുമ്പോളി ആലക്കാട്ടുശേരിൽ ചിന്നമ്മയാണ് (ഏലിയാമ്മ ടീച്ചർ –80) കൊല്ലപ്പെട്ടത്.
സ്വർണാഭരണങ്ങൾക്കു വേണ്ടിയായിരുന്നു കൊല. പാതിരപ്പള്ളി മാരാരിക്കുളം തെക്ക് പഞ്ചായത്ത് മാഞ്ഞാലിക്കാട് സ്വദേശിയായ ഫ്രില്ലി ഏലിയാമ്മ ടീച്ചറിന്റെ ബന്ധു കൂടിയാണ്. ടീച്ചറിന്റെ ഭർത്താവും നാലുമക്കളും വിദേശത്തായിരുന്നു. ജോലിക്കാരി സ്വന്തംവീട്ടിൽ പോയ സമയമാണ് പ്രതി കൃത്യം നടത്തിയത്. മുഖത്ത് മുളക് പൊടി വിതറി പിന്നിൽനിന്ന് തള്ളി താഴെയിടുകയും കൊല്ലുകയും ചെയ്‍തെന്നാണ് കേസ്. കൈഞരമ്പുകളും കഴുത്തും മുറിച്ച നിലയിലായിരുന്നു. സ്വർണവളകളും മാലയുമാണ് മോഷ്‍ടിച്ചത്. എട്ട് പവനോളം ആഭരണങ്ങൾ കൈക്കലാക്കി. ഇവ പണയം വച്ച് മോതിരമടക്കമുള്ള ആഭരണവും വസ്‌ത്രങ്ങളും പ്രതി വാങ്ങി. തമിഴ് നാടോടികളാണ് സംഭവത്തിന് പിന്നിലെന്ന് പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിക്കാനും ശ്രമിച്ചു. ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്.









0 comments