"ഞാൻ തെരഞ്ഞെടുക്കപ്പെട്ടില്ല": സെലക്ഷൻ ലഭിക്കാത്തതിൽ മനംനൊന്ത് 17കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കി

പ്രതീകാത്മക ചിത്രം
നാഗ്പൂർ: റീജിയണൽ ക്രിക്കറ്റ് അസോസിയേഷൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതിനെ തുടർന്ന് 17കാരി ആത്മഹത്യചെയ്തു. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ ഇടം നേടുന്നതിനും കായികരംഗത്ത് മികച്ച ഭാവിയുണ്ടാക്കാനുമായി കഴിഞ്ഞ രണ്ട് വർഷമായി അദിതി മോരേശ്വർ ചൗകാണ്ഡെ എന്ന പെൺകുട്ടി കഠിനപ്രയത്നത്തിലായിരുന്നു.
മഹാരാഷ്ട്രയിലെ അകോല സ്വദേശിയായ അദിതി, അമ്മയോടൊപ്പം നാഗ്പൂരിലെ ലക്ഷ്മി നഗറിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി നാഗ്പൂരിലെ 'സർവെ ക്രിക്കറ്റ് അക്കാദമി'യിൽ അദിതി പരിശീലനം നടത്തിവരികയായിരുന്നു.
ബിസിസിഐ അംഗീകാരമുള്ള ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശിച്ച് ഉയർന്ന തലത്തിൽ കളിക്കുക എന്നതായിരുന്നു അദിതിയുടെ ലക്ഷ്യം. എന്നാൽ ടീമിൽ സ്ഥാനം നേടാൻ കഴിയാതെ വന്നതോടെ താരം കടുത്ത മാനസിക സമ്മർദ്ദത്തിലാവുകയായിരുന്നു. അദിതിയുടെ സഹോദരനും ഒരു ക്രിക്കറ്റ് താരമാണ്.
അദിതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. "ഞാൻ തെരഞ്ഞെടുക്കപ്പെട്ടില്ല" എന്നാണ് അദിതി കുറിപ്പിൽ എഴുതിയിരിക്കുന്നത്. തന്റെ ലക്ഷ്യം കൈവരിക്കാൻ കഴിയാത്തതിനെത്തുടർന്ന് താൻ അനുഭവിച്ച കടുത്ത മാനസിക വിഷമത്തെക്കുറിച്ച് കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.
ഇൻസ്പെക്ടർ ചേതൻ ചൗഹാന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും, ഇതിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)










0 comments