ad
Deshabhimani

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ പ്രതിസന്ധിക്ക് അറുതി; ഐസിസിയുടെ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

ICC

Photo Credit:ICC

വെബ് ഡെസ്ക്

Published on Jul 16, 2026, 04:31 PM | 1 min read

എഡിൻബർഗ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിന് ആശ്വാസമായി ഐസിസിയുടെ സാമ്പത്തിക സഹായം. എഡിൻബർഗിൽ ചേർന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വാർഷിക യോഗത്തിലാണ് വെസ്റ്റ് ഇൻഡീസിന് 12.82 ദശലക്ഷം യുഎസ് ഡോളർ വായ്പയായി നൽകാൻ തീരുമാനിച്ചത്.


തുടർച്ചയായ വർഷങ്ങളായി വലിയ സാമ്പത്തിക നഷ്ടത്തിലൂടെയാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് കടന്നുപോകുന്നത്. 2025 സെപ്റ്റംബർ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 28 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ബോർഡ് രേഖപ്പെടുത്തിയത്.


2026-ലെ സാമ്പത്തിക വർഷത്തിൽ 26 ദശലക്ഷം ഡോളറിന്റെ നഷ്ടം കൂടി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, ഐസിസിയുടെ ഈ വായ്പാ സഹായം ബോർഡിന്റെ പ്രവർത്തനങ്ങളെ പിടിച്ചുനിർത്താൻ സഹായിക്കും.


നേരത്തെ, 2020-ലെ കോവിഡ് പ്രതിസന്ധിക്കാലത്ത് ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് ബോർഡിൽ നിന്നും 3 ദശലക്ഷം ഡോളർ വായ്പ സ്വീകരിച്ചിരുന്ന വെസ്റ്റ് ഇൻഡീസ് അത് കൃത്യമായി തിരിച്ചടച്ചിരുന്നു.


വാർഷിക യോഗത്തിൽ അംഗത്വ കാര്യങ്ങളിലും ഐസിസി കർശനമായ നിലപാട് സ്വീകരിച്ചു. മൗറീഷ്യസിനെ ഐസിസിയുടെ 111-ാമത് അംഗമായി പ്രഖ്യാപിച്ചപ്പോൾ, അംഗത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഫ്രാൻസ് ക്രിക്കറ്റിന് നോട്ടീസ് നൽകി.


സസ്പെൻഷനിലായ ക്രിക്കറ്റ് കാനഡയുടെ പുനഃപ്രവേശനത്തിനുള്ള കർശന വ്യവസ്ഥകൾ ഐസിസി അംഗീകരിച്ചു. ഭരണഘടനാപരമായ പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ശ്രീലങ്ക ക്രിക്കറ്റിനെ ഐസിസി ബോർഡ് യോഗങ്ങളിൽ നിന്നും മാറ്റിനിർത്താനും തീരുമാനമായി.


കൂടാതെ, ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നതിനായി രണ്ട് പുതിയ ഉപസമിതികൾക്ക് ഐസിസി രൂപം നൽകി. ഗവേണൻസ് റിവ്യൂ കമ്മിറ്റി, ഫ്രാഞ്ചൈസി ലീഗ് കമ്മിറ്റി എന്നിവയാണ് പുതുതായി നിലവിൽ വന്നത്.


ബംഗ്ലാദേശ് താരം തമീം ഇക്ബാലിനെ ഫ്രാഞ്ചൈസി ലീഗ് കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചു. പുരുഷന്മാരുടെ ഏകദിന, ട്വന്റി 20 ലോകകപ്പ് ഫോർമാറ്റുകളിൽ മാറ്റം വരുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home