ad
Deshabhimani

ബെൻ ഡക്കറ്റിന് നേരെ പന്ത് വലിച്ചെറിഞ്ഞു; ഇന്ത്യൻ പേസർ ഗുർനൂർ ബ്രാറിനെതിരെ ഐസിസി ശിക്ഷാ നടപടി

gurnur brar

ഗുർനൂർ ബ്രാർ| Photo Credit:ICC

വെബ് ഡെസ്ക്

Published on Jul 16, 2026, 05:14 PM | 1 min read

ലണ്ടൺ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ പേസ് ബൗളർ ഗുർനൂർ ബ്രാറിന് താക്കീത്. മത്സരത്തിനിടെ അനുചിതവും അപകടകരവുമായ രീതിയിൽ പന്തെറിഞ്ഞതിനാണ് ബ്രാറിനെതിരെ നടപടി.


ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് നൽകിയിട്ടുണ്ട്.


ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. സ്വന്തം ബൗളിംഗിൽ പന്ത് പിടിച്ചെടുത്ത ബ്രാർ അത് ഇംഗ്ലീഷ് ബാറ്റർ ബെൻ ഡക്കറ്റിന് നേരെ എറിയുകയായിരുന്നു.


ഇത് 'അനുചിതവും അപകടകരവും' ആണെന്ന് മാച്ച് റഫറി വിലയിരുത്തി. ഓൺ-ഫീൽഡ് അമ്പയർമാരായ കുമാർ ധർമസേന, മൈക്ക് ബേൺസ്, തേർഡ് അമ്പയർ സാം നൊഗാജ്സ്കി, നാലാം അമ്പയർ റസ്സൽ വാറൻ എന്നിവരാണ് ബ്രാറിനെതിരെ പരാതി ഉന്നയിച്ചത്.


കുറ്റം സമ്മതിക്കുകയും മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സൺ നിർദ്ദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തതിനാൽ ഔദ്യോഗിക വാദം കേൾക്കലുകൾ ഉണ്ടായില്ലെന്ന് ഐസിസി വ്യക്തമാക്കി.


ശിക്ഷാനടപടികൾ


ഐസിസിയുടെ ലെവൽ-1 ലംഘനത്തിനുള്ള ശിക്ഷകളിൽ ഔദ്യോഗിക താക്കീത്, മാച്ച് ഫീയുടെ പരമാവധി 50 ശതമാനം വരെ പിഴ, ഒന്ന് അല്ലെങ്കിൽ രണ്ട് ഡീമെറിറ്റ് പോയിന്റുകൾ എന്നിവ ഉൾപ്പെടാം.


ഒരു കളിക്കാരന് 24 മാസത്തിനുള്ളിൽ നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ അത് സസ്പെൻഷൻ പോയിന്റുകളായി മാറുകയും താരം മത്സരങ്ങളിൽ നിന്ന് വിലക്കപ്പെടുകയും ചെയ്യും. രണ്ട് സസ്പെൻഷൻ പോയിന്റുകൾ ലഭിച്ചാൽ ഒരു ടെസ്റ്റ് മത്സരമോ, അല്ലെങ്കിൽ രണ്ട് ഏകദിനങ്ങളോ, അല്ലെങ്കിൽ രണ്ട് ടി20കളോ കളിക്കുന്നതിൽ നിന്ന് താരം പുറത്താകും.


മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0 എന്ന നിലയിൽ മുന്നിലാണ്. ഒന്നാം ഏകദിനത്തിൽ രണ്ട് വിക്കറ്റുകൾ ബ്രാർ വീഴ്ത്തിയിരുന്നു. ഇന്ന് കാർഡിഫിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home