ad
Deshabhimani

എഥനോൾ തിടുക്കം തിരിച്ചടിക്കുന്നു, സര്‍ക്കാരിനെ വിശ്വസിച്ച ഉൽപാദകരും പെട്ടു; 700 കോടി ലിറ്ററിന്റെ അമിതശേഷി

e20
വെബ് ഡെസ്ക്

Published on Jul 16, 2026, 05:40 PM | 3 min read

ന്യൂഡൽഹി: ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെയും കേന്ദ്ര സർക്കാരിന്റെയും ഉറപ്പിന്മേൽ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് എഥനോൾ ഫാക്ടറികൾ തുടങ്ങിയ നിക്ഷേപകർ പ്രതിസന്ധിയിൽ. വിപണി മുഴുവനും രാഷ്ട്രീയ ബന്ധുത്വം വഴി സാധ്യതകൾ മുൻകൂട്ടി മനസിലാക്കിയ വൻകിടക്കാര്‍ കയ്യടക്കി. ഇപ്പോൾ, അമിതോൽപാദനത്തിന്റെ തിരിച്ചടികൾ തുടങ്ങിയതോടെ ചെറുകിട ഇടത്തരം ഫാക്ടറികൾ നിലനിൽപ് ഭീഷണി നേരിടുന്നു.


നിശ്ചിത സമയപരിധിക്കും അഞ്ച് വർഷം മുൻപേ 20% എഥനോൾ മിശ്രിത പെട്രോൾ ഉപഭോക്താക്ക് മേൽ അടിച്ചേൽപ്പിക്കയായിരുന്നു. മിശ്രണം ചെയ്ത ഇ20 പെട്രോൾ അല്ലാതെ വിപണിയിൽ ലഭിക്കുന്നില്ല. എഫ് സി ഐ ഗോഡൗണുകളിലെ അരിയും ഗോതമ്പും ഉൾപ്പെട ഭക്ഷ്യ ധാന്യങ്ങൾ സബ്സിഡി നിരക്കിൽ നൽകിയാണ് കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരണം പ്രബാല്യത്തിലാക്കിയത്. മനുഷ്യര്‍ ഭക്ഷിക്കേണ്ട ധാന്യങ്ങൾ എഥനോളാക്കി മാറ്റി. ഉപഭോക്താക്കൾ അറിയാതെ പമ്പുകളിൽ ക്രമേണ എഥനോൾ കലര്‍ന്ന പെട്രോൾ മാത്രമാക്കി.


ഇതോടെ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത് പുതിയൊരു സാമ്പത്തിക സമസ്യയാണ്. ആവശ്യത്തിലധികം ഉൽപ്പാദനശേഷി കെട്ടിപ്പടുത്തതിലൂടെ രാജ്യത്തെ എഥനോൾ നിർമ്മാണ മേഖലയിൽ 700 കോടി ലിറ്ററിന്റെ താൽക്കാലിക അമിതശേഷി രൂപപ്പെട്ടതായി കണക്കുകൾ പുറത്തു വന്നു. വലിയ തോതിൽ ബാങ്ക് വായ്പയെടുത്ത് നിക്ഷേപം നടത്തിയ ചെറുകിട ഡിസ്റ്റിലറികൾ ഇതോടെ എന്തുചെയ്യണം എന്നറിയാത്ത നിലയിലാണ്.


'അമിതശേഷി' പ്രതിസന്ധി


രാജ്യത്തെ 370-ഓളം പ്ലാന്റുകളിലായി നിലവിൽ 2,000 കോടി ലിറ്റർ എഥനോൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇന്ധന മിശ്രിതത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കുമായി പ്രതിവർഷം 1,300 കോടി ലിറ്റർ മാത്രമാണ് നിലവിൽ രാജ്യത്ത് ആവശ്യം വരുന്നത്. 700 കോടി ലിറ്ററിന്റെ അധിക ശേഷിയാണ് ഇപ്പോൾ പ്ലാന്റുകൾ പൂർണ്ണതോതിൽ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാവുന്നത്.


പ്ലാന്റുകൾ പകുതി ശേഷിയിൽ പ്രവർത്തിക്കുന്നത് നിക്ഷേപകരെ നഷ്ടത്തിലാക്കും. ഇതിന് പരിഹാരമായി എഥനോൾ കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ഓൾ ഇന്ത്യ ഡിസ്റ്റിലേഴ്‌സ് അസോസിയേഷൻ (AIDA). എന്നാൽ ഭൂട്ടാൻ പോലെ പെട്രോളിന് ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യങ്ങൾ വാഹനം ഉപയോഗിക്കുന്നവരെ കഷ്ടനഷ്ങ്ങളിൽ തള്ളിയിടുന്ന കലര്‍പ്പ് ഇന്ധനം വേണ്ടെന്ന് നിലപാട് കടുപ്പിച്ചിട്ടുണ്ട്. നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇനിയും 10% എഥനോൾ മിശ്രിതത്തിലേക്ക് മാറിയിട്ടില്ല.


വാശി കൈവിടുമോ

പിന്നോട്ട് പോകുമോ


പെട്രോളിൽ എഥനോൾ ചേർക്കുന്നത് വീണ്ടും 10% ആയി കുറച്ചാൽ പ്രശ്നം പരിഹരിക്കാമെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും സർക്കാർ അത് പൂർണ്ണമായും തള്ളിക്കളയുന്നു. എഥനോൾ പ്ലാന്റുകൾക്കായി പൊതുമേഖലാ ബാങ്കുകൾ വഴി പ്രതിവർഷം 1 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടന്നിട്ടുള്ളത്. E10-ലേക്ക് തിരിച്ചുപോയാൽ പ്ലാന്റുകൾ പൂട്ടേണ്ടി വരികയും ബാങ്കുകൾക്ക് ഈ വൻതുക തിരിച്ചുകിട്ടാതെ വരികയും ചെയ്യും. മാത്രമല്ല ആദ്യ ഘട്ടം നിക്ഷേപം നടത്തിയവര്‍ എല്ലാം കേന്ദ്ര സര്‍ക്കാര്‍ താത്പര്യങ്ങൾക്ക് അകത്തുള്ളവരാണ്. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഖഡ്കരിയുടെ രണ്ടു മക്കളും എഥനോൾ പ്ലാന്റ് ഉടമകളാണ്. ഇവരെല്ലാം മാര്‍ക്കറ്റിൽ കിട്ടുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ അരിയും ഗോതമ്പും എഫ് സി ഐ ഗോഡൗണിൽ നിന്നും വാങ്ങിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത്. സബ്സിഡി നിരക്കിൽ ലഭിച്ച അരി എഥനോൾ ഉത്പാദിപ്പിക്കുന്നതിന് പകരം വിപണിയിൽ മറിച്ചു വിറ്റ വ്യത്യസ്ത സംഭവങ്ങളും രാജ്യത്തുണ്ടായി.



മുമ്പ് കരിമ്പിൽ നിന്നുള്ള അവശിഷ്ടങ്ങൾ മാത്രമാണ് എഥനോൾ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, ഇന്ന് കഥ മാറി. നിലവിൽ എഥനോൾ ഉൽപ്പാദനത്തിന്റെ 67 ശതമാനവും ധാന്യങ്ങളിൽ നിന്നാണ് ചോളം, കേടായ അരി, ഗോതമ്പ് മുതലായവ ഉപയോഗിച്ച് 480 കോടി ലിറ്റർ എഥനോൾ നിർമ്മിക്കുന്നു. ചോളമാണ് ഇതിൽ മുന്നിൽ. എന്നാൽ കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പ്രതിഭാസവും മൂലം കൃഷി നശിച്ചാൽ ഇത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും ജലലഭ്യതയെയും ബാധിക്കുമെന്ന ആശങ്ക ശാസ്ത്രജ്ഞർ പങ്കുവെക്കുന്നുണ്ട്. സാധാരണക്കാര്‍ പട്ടിണിയിലായാലും എഥനോൾ കമ്പനികൾ പ്രവര്‍ത്തിച്ചാൽ മതി എന്ന പിടിവാശിയിലാണ് സര്‍ക്കാര്‍. ഇതിന് പിന്നിലെ താത്പര്യങ്ങളും വ്യക്തം.


വാഹനങ്ങളുടെ എൻജിൻ തകരാറിലാകുന്നു, മൈലേജ് കുറയുന്നു തുടങ്ങിയ പരാതികൾ E20 പെട്രോളിനെതിരെ പരക്കെയുണ്ട്. ഭാവിയിൽ E30 (30% എഥനോൾ) ഇന്ധനത്തിലേക്ക് മാറാൻ നീക്കം തുടങ്ങി കഴിഞ്ഞു. ഫ്ലെക്സ്-ഫ്യുവൽ എൻജിനുകളുള്ള വാഹനങ്ങൾ വിപണിയിൽ സജീവമാകാതെ ഇത് സാധ്യമല്ല. ബ്രസീൽ പോലുള്ള രാജ്യങ്ങൾ പതിറ്റാണ്ടുകൾ എടുത്താണ് ഈ മാറ്റം സാധ്യമാക്കിയത്. ഇതല്ലാതെ നടപ്പാക്കിയാൽ പഴയ വാഹനങ്ങളുടെ ഉടമകളുടെ നഷ്ടങ്ങളുടെ ചിലവിലാവും കാര്യങ്ങൾ. ഒന്നുകിൽ പഴയ വാഹനങ്ങൾ ഉപേക്ഷിക്കേണ്ടി വരും. അല്ലെങ്കിൽ അവയ്ക്ക് വരാവുന്ന നഷ്ടങ്ങൾ സ്വയം സഹിക്കേണ്ടി വരും.


വാഹന വിപണിയുടെ വളർച്ചയേക്കാൾ വേഗത്തിൽ എഥനോൾ പ്ലാന്റുകൾ വളർന്നതാണ് ഉത്പാദകര്‍ക്ക് ഇടയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഉൽപ്പാദന ശേഷി പൂർണ്ണമായി വിനിയോഗിക്കാൻ അന്താരാഷ്ട്ര വിപണി കണ്ടെത്തുകയോ അല്ലെങ്കിൽ രാജ്യത്ത് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക മാത്രമാണ് മുന്നിലുള്ള വഴി.


വാഹന ഉടമകളും പ്രതിഷേധത്തിൽ


യാത്രാവാഹനങ്ങളുടെ ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള 'കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ എഫിഷ്യൻസി' (CAFE)-III ചട്ടങ്ങളുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇതിനെതിരെ വാഹന നിര്‍മാതാക്കൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി എഥനോൾ, കംപ്രസ്ഡ് ബയോഗ്യാസ് (CBG) തുടങ്ങിയ ജൈവഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പുതിയ കരടിൽ പ്രത്യേക പരിഗണന നൽകിയിരിക്കുന്നു. ഇത് വാഹന നിര്‍മാണ കമ്പനികൾക്ക് പലതിനും തിരിച്ചടിയാവും.


ചെറുകിട വാഹനങ്ങൾ നിർമിക്കുന്ന കമ്പനികളും വലിയ ആഡംബര വാഹനങ്ങൾ നിർമിക്കുന്ന കമ്പനികളും വ്യത്യസ്ത നിലപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട്. എഥനോൾ ഉപയോഗിക്കുന്നതിന്റെ അളവ് അനുസരിച്ചാണ് കാര്‍ബൺ ക്രെഡിറ്റ് നിശ്ചയിച്ചിട്ടുള്ളത്. ഇത് പരമ്പരാഗത വാഹന നിര്‍മ്മാതാക്കൾക്ക് തിരിച്ചടിയാവും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home