12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

തിരുവനന്തപുരം: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കിരങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു. നീലഗിരി ലങ്കുർ ഇനത്തിലുള്ള 15 വയസ്സ് പ്രായമുള്ള രഞ്ജിനി എന്ന പെൺ കരിങ്കുരങ്ങിനാണ് കുഞ്ഞുണ്ടാത്. ഇതിനു മുൻപ് ഇവർക്ക് 2014 ൽ സോന എന്ന പെൺ കുഞ്ഞ് ജനിച്ചെങ്കിലും അതിനു ശേഷം പ്രസവിച്ചിട്ടില്ല.
പൊതുവെ പ്രജനനത്തിന്റെ കാര്യത്തിൽ നാണംകുണുങ്ങികളും, എന്നാൽ വളരെ പെട്ടെന്ന് പ്രകോപിതരാകുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യുന്ന കുരങ്ങ് വർഗം കൂടിയാണ് ഇവ. അതുകൊണ്ട് തന്നെ ഇവയെ ഇണചേർക്കുന്നതും ശ്രമകരമായ ഒന്നായിരുന്നു. മൃഗശാല ക്യൂറേറ്റർ സംഗീത മോഹൻ, കീപ്പർ രഞ്ജിത്ത്, സൂപ്പർവൈസർ രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൃത്യമായ പരിചരണം നൽകുകയും, ഇണചേരലിനു അനുയോജ്യമായ സാഹചര്യങ്ങൾ കൂടിനുള്ളിൽ ഒരുക്കുകയും ചെയ്തതുകൊണ്ടാണ് ഇത്തവണ ശ്രമം വിജയിച്ചത് എന്ന് അധികൃതർ പറയുന്നു.
പ്രത്യേകം സജ്ജമാക്കിയ നഴ്‌സറി കൂട്ടിലേക്ക് അമ്മയെയും കുഞ്ഞിനേയും മാറ്റി. ഒരു മാസത്തിനു ശേഷം സന്ദർശകർക്ക് കാണാവുന്ന വിധത്തിലുള്ള ഓപ്പൺ കൂട്ടിലേക്ക് മാറ്റും. പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗം ആയതിനാൽ ഇപ്പോൾ കുഞ്ഞ് ജനിച്ചത് വലിയ നേട്ടമായി കരുതുന്നുവെന്നും മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി പ്രതികരിച്ചു.











0 comments