നെയ്യാറ്റിൻകര സ്വർണപ്പണയ തട്ടിപ്പ്: പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. പ്രതി സഞ്ചരിച്ചിരുന്ന ജീപ്പ് പൊലീസുകാരുടെ ബൈക്കുകൾക്ക് മുകളിലേക്ക് ഓടിച്ചുകയറ്റി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ എസ്‌ഐ അക്ഷയ് കുമാർ, പൊലീസുകാരായ ആന്റണി മിറാൻഡ, നിതിൻ എന്നിവർക്ക് പരിക്കേറ്റു.
നടരാജ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയായ ബാലരാമപുരം സ്വദേശി സനോജിനെ പിടികൂടാൻ മാറനല്ലൂർ അംബേദ്കർ കോളനിയിൽ മഫ്തിയിൽ എത്തിയതായിരുന്നു പൊലീസ് സംഘം. ജീപ്പിലുണ്ടായിരുന്ന സനോജിനോട് പുറത്തിറങ്ങാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും, ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് പൊലീസുകാർ സഞ്ചരിച്ച ബൈക്കുകൾക്കിടയിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒരു ബൈക്ക് ജീപ്പിനടിയിൽ കുടുങ്ങി.
തുടർന്ന് പൊലീസ് സംഘം പിന്തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സനോജും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ പണയ സംഘത്തിലെ മുഖ്യപ്രതി ശ്രീജിത്തിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ലഭിച്ചത്. ഈ സംഘം ഇതിനകം നാല് കോടിയോളം രൂപ തട്ടിയെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.










0 comments